ആദ്യ മനുഷ്യ ബഹിരാകാശ യാത്ര 2027 ൽ ', ഐഎസ്ആർഒ മേധാവി നാരായണൻ

റാഞ്ചി: ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ 'ഗഗൻയാൻ' 2027 ൽ വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ഐഎസ്ആർഒ ചെയർമാൻ വി നാരായണൻ. ജാര്‍ഖണ്ഡിലെ റാഞ്ചി ആസ്ഥാനമായുള്ള ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ബിഐടി) മെസ്രയുടെ 35-ാം മത് ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.2040 ആകുമ്പോഴേക്കും ഇന്ത്യക്കാരെ ചന്ദ്രനിൽ ഇറക്കുക എന്ന ലക്ഷ്യം ഐഎസ്ആർഒ നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 2035 ഓടെ ഒരു ദേശീയ ബഹിരാകാശ നിലയം, 2026 ഓടെ മൂന്ന് അൺക്രൂഡ് 'ഗഗൻയാൻ' ദൗത്യങ്ങൾ എന്നിവയുൾപ്പെടെ നിരവധി ബഹിരാകാശ പദ്ധതികളും പരിഷ്‌ക്കാരങ്ങളും നിലവിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.2025 ഡിസംബറിലെ ലക്ഷ്യത്തിന് ഹ്യൂമനോയിഡ് റോബോട്ട് 'വ്യോമിത്ര'യുടെ സഹകരണം ഉണ്ടായിരിക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി 2040 ഓടെ തദ്ദേശീയ ക്രൂഡ് ചാന്ദ്ര ദൗത്യത്തിനുള്ള മാർഗ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അതനുസരിച്ച് ഇന്ത്യക്കാരെ ചന്ദ്രനിൽ ഇറക്കുകയും അവരെ സുരക്ഷിതമായി തിരികെ കൊണ്ടുവരികയും വേണം. ഗ്രഹത്തെക്കുറിച്ച് പഠിക്കാൻ ഒരു വീനസ് ഓർബിറ്റർ മിഷനും (VOM) മോദി അംഗീകരിച്ചിട്ടുണ്ട്. 2035 ഓടെ ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ (ബിഎഎസ്) പ്രവർത്തനക്ഷമമാകുമെന്നും 2027 ഓടെ ബഹിരാകാശത്തെ പ്രാരംഭ മൊഡ്യൂളുകൾ പ്രവർത്തനക്ഷമമാകുമെന്നും വി നാരായണൻ പറഞ്ഞു. 'ഐഎസ്ആർഒ സംഘാടകർ ക്രൂഡ് ദൗത്യത്തിന് മുമ്പ് മൂന്ന് ദൗത്യങ്ങൾ ആസൂത്രണം ചെയ്യുന്നു. ഇതിൻ്റെ ഭാഗമായി ഈ വർഷം ഡിസംബറിൽ 'വ്യോമിത്ര'യുടെ പരീക്ഷണം നടത്തും. അടുത്ത വർഷം ക്രൂഡ് ഇല്ലാതെ രണ്ട് ദൗത്യങ്ങൾ കൂടി പരീക്ഷിക്കും. 2027 പകുതിയോടെ ക്രൂഡ് 'ഗഗൻയാൻ' ദൗത്യം സാധ്യമാകും', നാരായണൻ കൂട്ടിച്ചേർത്തു.