"ആശുപത്രികളിൽ ബാനറും കൊടിയും കെട്ടിയുള്ള ഭക്ഷണവിതരണം ഇനി ": ആരോഗ്യമന്ത്രി
ആലപ്പുഴ: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രാഷ്ട്രീയ സംഘടനകളുടെയോ മറ്റ് കൂട്ടായ്മകളുടെയോ ബാനറുകളും കൊടികളും പ്രദർശിപ്പിച്ച് സൗജന്യ ഭക്ഷണവിതരണം നടത്തുന്നത് അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ . സർക്കാർ ആശുപത്രികൾ കൊടി കെട്ടേണ്ട സ്ഥലമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലപ്പുഴ മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആശുപത്രികളിലെ സന്നദ്ധ ഭക്ഷണവിതരണം കൂടുതൽ വ്യവസ്ഥാപിതമാക്കുന്നതിനായി ‘കമ്യൂണിറ്റി കിച്ചനുകൾ’ (Community Kitchens) ആരംഭിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. രോഗികൾക്കും ഒപ്പമുള്ളവർക്കും വിതരണം ചെയ്യാനായി വിവിധ സംഘടനകൾ നൽകുന്ന ഭക്ഷണം ഈ കമ്യൂണിറ്റി കിച്ചൻ വഴി കൃത്യമായി വിതരണം ചെയ്യാം. എന്നാൽ വ്യക്തികളുടെയോ സംഘടനകളുടെയോ പേരോ പരസ്യങ്ങളോ അവിടെ പാടില്ലെന്നും, വിതരണം പൂർണ്ണമായും ആശുപത്രി ഭരണസംവിധാനത്തിന്റെ കീഴിലായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നേരത്തെ, ആശുപത്രികളിൽ ഡിവൈഎഫ്ഐ (DYFI) നടത്തുന്ന പൊതിച്ചോറ് വിതരണത്തിനെതിരെയും ,സേവാഭാരതിയുടെ ഭക്ഷണ വിതരണത്തിനെതിരേയും മുൻ മന്ത്രി ജി. സുധാകരൻ നടത്തിയ പ്രതികരണം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.പാവപ്പെട്ടവർക്ക് ഭക്ഷണം നൽകേണ്ടത് സംഘടനകൾ അല്ലെന്നും സർക്കാർ ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആശുപത്രികളിൽ വെച്ച് ഭക്ഷണം പാകം ചെയ്ത് നൽകുന്നത് പ്രായോഗികമല്ലെന്നും പുറത്ത് അതിനുള്ള സൗകര്യം ഒരുക്കണമെന്നുമാണ് താൻ ഉദ്ദേശിച്ചതെന്ന് ജി. സുധാകരൻ പിന്നീട് വിശദീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിൻ്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കി മന്ത്രി രംഗത്തെത്തിയത്.
ആലപ്പുഴ മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ കുറവ് അടിയന്തരമായി പരിഹരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. നിലവിലെ ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റിയുടെ പ്രവർത്തനം തൃപ്തികരമല്ലെന്നും, കഴിഞ്ഞ പത്ത് വർഷത്തെ എച്ച്.ഡി.എസ് പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്രമായ ഓഡിറ്റിംഗ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ, രോഗികളെ ചൂഷണം ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആംബുലൻസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അവയുടെ അനാവശ്യ ഇടപെടലുകൾ തടയുമെന്നും കെ. മുരളീധരൻ വ്യക്തമാക്കി.