"പിടികൂടുന്ന തെരുവ് നായകളെ കോർപ്പറേഷൻ കൊല്ലുന്നു" : മൃഗസംരക്ഷണ പ്രവർത്തകരുടെ കടുത്ത പ്രതിഷേധം

"പിടികൂടുന്ന തെരുവ് നായകളെ  കോർപ്പറേഷൻ  കൊല്ലുന്നു" : മൃഗസംരക്ഷണ പ്രവർത്തകരുടെ കടുത്ത പ്രതിഷേധം

തിരുവനന്തപുരം: നഗരത്തിലെ തെരുവ് നായ്ക്കളെ നിയമവിരുദ്ധമായി പിടികൂടി കൊന്നൊടുക്കുകയാണെന്നും വിജനമായ സ്ഥലങ്ങളിൽ കൊണ്ടുപോയി തള്ളുകയാണെന്നും ആരോപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിന് മുന്നിൽ മൃഗസംരക്ഷണ പ്രവർത്തകരുടെ ശക്തമായ പ്രതിഷേധം. കോർപ്പറേഷൻ ഭരണസമിതിക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കിയും പ്ലക്കാർഡുകൾ ഏന്തിയുമാണ് മൃഗസ്നേഹികളുടെ സംഘടനകൾ രംഗത്തിറങ്ങിയത്.കോർപ്പറേഷൻ നടത്തുന്ന ഗുരുതരമായ ചട്ടലംഘനങ്ങൾക്കെതിരെ ശക്തമായ നിയമപോരാട്ടം നടത്തുമെന്നും പ്രതിഷേധക്കാർ പ്രഖ്യാപിച്ചു. സുപ്രീം കോടതിയുടെ കൃത്യമായ നിർദ്ദേശങ്ങളും എ ബി സി ചട്ടങ്ങളും കാറ്റിൽപ്പറത്തിയാണ് കോർപ്പറേഷൻ പ്രവർത്തിക്കുന്നതെന്നും സമരക്കാർ ആരോപിക്കുന്നു. പിടികൂടുന്ന നായ്ക്കളെ പ്രത്യേക ഷെൽട്ടറുകളിലേക്ക് മാറ്റുകയാണെന്നാണ് കോർപ്പറേഷൻ അവകാശപ്പെടുന്നത്. എന്നാൽ ഈ ഷെൽട്ടറുകൾ എവിടെയാണെന്ന് വ്യക്തമാക്കാൻ അധികൃതർ തയ്യാറാകുന്നില്ല എന്നും ഇവർ പറയുന്നു.