ഇറാനിൽ ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾക്ക് ആരംഭം : പൊട്ടിക്കരഞ്ഞ് പ്രമുഖ നേതാക്കൾ

ഇറാനിൽ ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾക്ക് ആരംഭം : പൊട്ടിക്കരഞ്ഞ് പ്രമുഖ നേതാക്കൾ

ടെഹ്‌റാൻ: ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിയോഗത്തെത്തുടർന്നുള്ള അന്ത്യകർമ്മങ്ങൾക്കായി വൻ ജനപ്രവാഹം. ഇന്നാരംഭിച്ച സംസ്കാര ചടങ്ങുകളിൽ ലക്ഷക്കണക്കിന് പേരാണ് അവസാനമായി ആദരാഞ്ജലി അർപ്പിക്കാൻ എത്തിയത്. ഇസ്‌ലാമിക് റിപ്പബ്ലിക്കിൻ്റെ  കരുത്ത് ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്ന രീതിയിലുള്ള കൂറ്റൻ ചടങ്ങുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

അദ്ദേഹത്തിൻ്റെ ഭൗതികദേഹം പൊതുദർശനത്തിനായി ഗ്രാൻഡ് മൊസല്ലയിൽ എത്തിച്ചപ്പോൾ രാജ്യം കണ്ണീരണിഞ്ഞു. ഇറാനിയൻ നേതാക്കൾ അടക്കമുള്ളവർ വികാരഭരിതരായാണ് തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് വിടയേകിയത്. ഭൗതികദേഹത്തിന് മുന്നിൽ പാ‍ർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് അടക്കമുള്ള നേതാക്കൾ വികാരാധീനരായി പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ, വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ചി, ജുഡീഷ്യറി ചീഫ് ഘോലാം ഹൊസൈൻ മൊഹ്‌സെനി എജെയി, എക്സ്പെൻഡൻസി കൗൺസിൽ ചെയർമാൻ ആയത്തുള്ള സാദിഖ് അമോലി ലാരിജാനി തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ടെഹ്‌റാനിൽ മാത്രം 15 മുതൽ 20 ദശലക്ഷം വരെ ആളുകൾ പങ്കെടുക്കുമെന്ന് ഇറാനിയൻ അധികൃതർ പ്രതീക്ഷിക്കുന്നു. ആകെ ആറ് ദിവസമാണ് സംസ്കാര ചടങ്ങുകൾക്കായി നിശ്ചയിച്ചിരിക്കുന്നത്. 1989 മുതൽ മൂന്നര പതിറ്റാണ്ടിലേറെക്കാലം ഇറാനെ നയിച്ച ഖമേനി, കഴിഞ്ഞ ഫെബ്രുവരി 28-ന് ഇറാനും യുഎസ്-ഇസ്രായേൽ സഖ്യവും തമ്മിലുള്ള യുദ്ധത്തിന്റെ ആദ്യ ദിനത്തിലാണ് 86-ാം വയസ്സിൽ കൊല്ലപ്പെട്ടത്. പിതാവിന്റെ മരണശേഷം ഒരാഴ്ചയ്ക്കകം പുതിയ പരമോന്നത നേതാവായി പ്രഖ്യാപിക്കപ്പെട്ട മകൻ മൊജ്തബ ഖമേനി ഈ ചടങ്ങുകളിൽ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമോ എന്നത് ലോകം ഉറ്റുനോക്കുന്നുണ്ട്. ഇതുവരെ അദ്ദേഹം പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ശനിയാഴ്ച രാവിലെ 6 മണിക്ക് ഗ്രാൻഡ് മൊസല്ല മതസമുച്ചയം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നതിന് മുൻപുതന്നെ നൂറുകണക്കിന് ആളുകൾ വെള്ളിയാഴ്ച വൈകുന്നേരം മുതൽ പുറത്ത് കാത്തുനിൽക്കുകയായിരുന്നു.