യുഎഇ ഡ്രൈവിങ് ലൈസന്‍സിന് 34 രാജ്യങ്ങളില്‍ അംഗീകാരം

യുഎഇ ഡ്രൈവിങ് ലൈസന്‍സിന് 34 രാജ്യങ്ങളില്‍ അംഗീകാരം

അബുദാബി: യുഎഇ ഡ്രൈവിങ് ലൈസൻസിന് അന്താരാഷ്ട്ര തലത്തിൽ കൂടുതൽ അംഗീകാരം ലഭിച്ചതോടെ, യുഎഇ പൗരന്മാർക്ക് ഇനി 34 രാജ്യങ്ങളിൽ സ്വന്തം ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച്‌ വാഹനമോടിക്കാനോ, താമസമാക്കിയാൽ പ്രാദേശിക ലൈസൻസായി മാറ്റിയെടുക്കാനോ കഴിയും.യുഎഇ ആഭ്യന്തര മന്ത്രാലയം മുർഖൂസ്' (Murkhoos) പദ്ധതിയിലൂടെയാണ് പുതിയ വിവരങ്ങൾ പുറത്തുവിട്ടത്.

34 ലക്ഷ്യസ്ഥാനങ്ങളിൽ താമസമാക്കുന്ന യുഎഇ പൗരന്മാർക്ക് പ്രാദേശിക ഡ്രൈവിങ് ലൈസൻസിലേക്ക് മാറ്റാനുള്ള സൗകര്യമുണ്ട്. ഇതിൽ 33 രാജ്യങ്ങളിൽ സന്ദർശകരായോ വിനോദ സഞ്ചാരികളായോ പോകുന്നവർക്ക് യുഎഇ ലൈസൻസ് ഉപയോഗിച്ച്‌ പ്രത്യേകം ലൈസൻസ് എടുക്കാതെ തന്നെ വാഹനമോടിക്കാനും അനുമതിയുണ്ട്. ദക്ഷിണ കൊറിയയിൽ നിലവിൽ താമസമാക്കുന്നവർക്ക് മാത്രമാണ് ലൈസൻസ് കൈമാറ്റം അനുവദിച്ചിരിക്കുന്നത്.

'മുർഖൂസ്' സേവനത്തിന്റെ ഭാഗമായി 53 രാജ്യങ്ങളിലെ പൗരന്മാർക്ക് യുഎഇയിൽ താമസക്കാരാകുമ്പോൾ സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് പരീക്ഷകളില്ലാതെ യുഎഇ ലൈസൻസാക്കി മാറ്റാനും അവസരമുണ്ട്. ഇവരിൽ 52 രാജ്യങ്ങളിലെ ലൈസൻസ് ഉടമകൾക്ക് സന്ദർശക വിസയിൽ യുഎഇയിൽ വാഹനമോടിക്കാനും അനുമതിയുണ്ട്.

ലൈസൻസ് കൈമാറ്റത്തിനുള്ള നിബന്ധനകൾ

യുഎഇയിൽ ലൈസൻസ് കൈമാറ്റത്തിന് അപേക്ഷിക്കുന്നവർക്ക് അംഗീകൃത രാജ്യത്ത് നിന്നുള്ള സാധുവായ ഡ്രൈവിങ് ലൈസൻസ്, യുഎഇ റസിഡൻസ് വിസ, നിയമപ്രകാരമുള്ള പ്രായപരിധി, കണ്ണ് പരിശോധന എന്നിവ നിർബന്ധമാണ്. ചില രാജ്യങ്ങളിൽ പരസ്പര കരാറുകളുടെ അടിസ്ഥാനത്തിൽ പഴയ ലൈസൻസ് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറേണ്ടതുമുണ്ട്.

ആവശ്യമായ രേഖകൾ

• യഥാർഥ വിദേശ ഡ്രൈവിങ് ലൈസൻസിന്റെ നിയമാനുസൃത വിവർത്തനം

• ലൈസൻസിന്റെ പകർപ്പ്

• ആവശ്യമായ ഭരണനടപടികൾ പൂർത്തിയാക്കൽ

• 600 ദിർഹം ഫീസ് അടയ്ക്കൽ

യാത്രക്കും തൊഴിൽ ആവശ്യങ്ങൾക്കും നേട്ടം

യുഎഇ ഡ്രൈവിങ് ലൈസൻസിന് ലഭിച്ച വ്യാപകമായ അംഗീകാരം വിദേശയാത്ര, പഠനം, തൊഴിൽ, താമസം എന്നിവയ്ക്കായി പോകുന്ന എമിറാത്തി പൗരന്മാർക്ക് വലിയ ആശ്വാസമാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുതിയ ലൈസൻസ് എടുക്കുന്നതിനുള്ള സമയവും ചെലവും കുറയുന്നതിനൊപ്പം, വാഹന വാടകയും യാത്രയും കൂടുതൽ എളുപ്പമാക്കാനും ഈ സംവിധാനം സഹായിക്കും.

ഡ്രൈവിംഗ് ലൈസൻസ് അംഗീകരിച്ച രാജ്യങ്ങള്‍

എസ്റ്റോണിയ,അല്‍ബേനിയ,പോർച്ചുഗല്‍,ചൈന,ഹംഗറി,ഗ്രീസ്,ഉക്രെയ്ൻ,ബള്‍ഗേറിയ,സ്ലോവാക്യ,

സ്ലോവേനിയ,സെർബിയ,സൈപ്രസ്,ലാത്വിയ,ലക്സംബർഗ്,ലിത്വാനിയ,മാള്‍ട്ട,ഐസ്ലാൻഡ്,മോണ്ടിനെഗ്രോ,

ഇസ്റാഈല്‍,അസർബൈജാൻ,ബെലാറസ്,ഉസ്ബെക്കിസ്ഥാൻ,യുകെ ,ഓസ്ട്രിയ,ഡെൻമാർക്ക്,നെതർലാൻഡ്സ്

പോളണ്ട്,ഫിൻലാൻഡ്,ക്രൊയേഷ്യ, ടെക്സസ്, വടക്കൻ മാസിഡോണിയ,കൊസോവോ,കിർഗിസ്ഥാൻ