ഗോവ നിശാക്ലബ്ബിലെ തീപിടിത്തം; മരണം 25 ആയി, രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

പനാജി: ഗോവയിലെ അർപോറയിലെ നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ 25 പേർക്ക് ദാരുണാന്ത്യം. ശനിയാഴ്‌ച (ഡിസംബർ 6) അർധരാത്രിയോടെയാണ് സംഭവം. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് അധികൃതർ പറയുന്നത്.

ബാഗയിലെ ബിർച്ച് ബൈ റോമിയോ ലേൻ എന്ന ക്ലബിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരിൽ ഏറെയും ക്ലബ്ബിലെ ജീവനക്കാരാണ് എന്നാണ് റിപ്പോർട്ട്. സംഭവം നടന്ന ഉടൻ തന്നെ അധികൃതർ സ്ഥലത്തെത്തി. പരിക്കറ്റേവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.അർധരാത്രിയോടെ പൊലീസ് കൺട്രോൾ റൂമിലേക്ക് തീപിടിത്തം നടന്നതിനെ കുറിച്ച് വിവരം ലഭിച്ചു. ഉടൻ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. നിലവില്‍ കാര്യങ്ങളെല്ലാം നിയന്ത്രണവിധേയമാണ് എന്നാണ് ഉദ്യോഗസ്ഥർ നല്‍കുന്ന വിവരം.ഇതുവരെ 25 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തെരച്ചിൽ പുരോഗമിക്കുന്നുണ്ട്. സംഭവത്തെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിൻ്റെ അടിസ്ഥാനത്തിൽ നടപടി എടുക്കുന്നതായിരിക്കുമെന്ന് ഗോവ ഡിജിപി അലോക് കുമാർ പറഞ്ഞു.

താഴെ നിലയിലെ അടുക്കളയിലും പരിസരത്തുമാണ് തീ പടർന്നത്. കൂടുതൽ മൃതദേഹങ്ങളും ഇവിടെ നിന്നാണ് കണ്ടെത്തിയതെന്നും ഡിജിപി പറഞ്ഞു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും എംഎൽഎ മൈക്കൽ ലോബോയും സ്ഥലത്തെത്തി സ്ഥിഗതികൾ വിലയിരുത്തി.

ഗോവ പോലുള്ള ഒരു ടൂറിസം കേന്ദ്രത്തില്‍ ഈ സംഭവം വളരെ നിർഭാഗ്യകരമാണ്. അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ചതിന് നിശാക്ലബിൻ്റെ നടത്തിപ്പുകാർക്കെതിരെ നടപടിയെടുക്കും. 25 പേർക്കാണ് ജീവൻ നഷ്‌ടമായത്. ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. നിയമപ്രകാരം കർശനമായ നടപടി തന്നെ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.പരിക്കേറ്റവർക്ക് ചികിത്സ നൽകുന്നതിനും മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം നൽകുന്നതിനുമുള്ള നടപടികൾ ആരംഭിച്ചെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

"ഗോവയിലെ അർപോറയിലുണ്ടായ തീപിടിത്തം അങ്ങേയറ്റം ദുഃഖകരമാണ്. പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ട എല്ലാവരോടും ഞാൻ എൻ്റെ ദുഃഖം പങ്കുവയ്‌ക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവാന്തുമായി സ്ഥിതിഗതികളെക്കുറിച്ച് സംസാരിച്ചു. ദുരിതബാധിതർക്ക് സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ട്", പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു.കൂടാതെ തീപിടിത്തത്തിൽ മരിച്ച ഓരോ വ്യക്തിയുടെയും കുടുംബങ്ങൾക്ക് പ്രധാനമത്രി നരേന്ദ്രമോദി രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 50,000 രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

അനുശോചനം രേഖപ്പെടുത്തി രാഷ്‌ട്രപതി

"ഗോവയിലുണ്ടായ തീപിടിത്തത്തിൽ വളരെ അധികം ദുഃഖമുണ്ട്. കുടുംബങ്ങൾക്ക് ഞാൻ അനുശോചനം അറിയിക്കുന്നു. ഈ ദുഷ്‌കരമായ സമയം മറികടക്കാൻ അവർക്ക് ശക്തി ഉണ്ടാവട്ടെ. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കന്നു", രാഷ്‌ട്രപതി ദ്രൗപതി മുർമു എക്‌സിൽ കുറിച്ചു.അതേസമയം തീപിടിത്തത്തെ തുടർന്ന് ഗോവയിലെ എല്ലാ ക്ലബ്ബുകളുടെയും സുരക്ഷാ ഓഡിറ്റ് നടത്താൻ എംഎൽഎ മൈക്കൽ ലോബോ ആവശ്യപ്പെട്ടു. വിനോദ സഞ്ചാരികൾ ഗോവയെ എപ്പോഴും വളരെ സുരക്ഷിതമായ സ്ഥലമായാണ് കാണുന്നത്. എന്നാൽ തീപിടിത്തം അസ്വസ്ഥതയുണ്ടാക്കുന്നു. ഇത്തരം സംഭവങ്ങൾ ഇനി ഉണ്ടാകരുത്. വിനോദ സഞ്ചാരികളുടെയും തൊഴിലാളികളുടെയും സുരക്ഷ വളരെ പ്രാധാനമാണെന്ന് എംഎൽഎ പറഞ്ഞു.