നിരാഹാര സമരംഅവസാനിച്ചു ; ഗോത്രബന്ധു മെൻ്റർ അധ്യാപകരുടെ ആവശ്യം അംഗീകരിച്ച് സർക്കാർ

വയനാട്: ഒരാഴ്ചയായി വയനാട് ജില്ലാ കലക്ടറേറ്റിന് മുന്നിൽ തുടരുന്ന ഗോത്രബന്ധു മെൻ്റർ അധ്യാപകരുടെ അനിശ്ചിതകാല നിരാഹാര സമരം അവസാനിച്ചു. പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെഎ തുളസിയുമായി നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്. അധ്യാപകർ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് സമരത്തിന് വിരാമമായത്.ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും മാതൃഭാഷയിലൂടെ പഠനപിന്തുണ നൽകാനുമായി എൽഡിഎഫ് സർക്കാർ ആരംഭിച്ച ഗോത്രബന്ധു പദ്ധതിയിലൂടെയാണ് ഈ അധ്യാപകരെ നിയമിച്ചിരുന്നത്. പുതിയ അധ്യയന വർഷത്തിൽ പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന അധ്യാപകരെ ഒഴിവാക്കിയതോടെയാണ് പ്രതിഷേധം ശക്തമായത്. വയനാട്ടിൽ മാത്രം ടിടിസി, ബിഎഡ് യോഗ്യതയുള്ള 241 ആദിവാസി അധ്യാപകർക്കാണ് തൊഴിൽ നഷ്ടമായത്.ഇതിനെതിരെയാണ് ജില്ലാ കലക്ടറേറ്റിന് മുന്നിൽ അധ്യാപകർ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. സമരത്തിനിടെ ആരോഗ്യനില മോശമായതിനെ തുടർന്ന് എട്ട് അധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സമരം ശക്തമായി തുടരുന്നതിനിടെയാണ് തിരുവനന്തപുരത്ത് മന്ത്രി കെഎ തുളസിയുമായി സമരനേതാക്കൾ നടത്തിയ ചർച്ചയിൽ ധാരണയായത്.ചർച്ചയിൽ കഴിഞ്ഞ ഒമ്പത് വർഷത്തെ പ്രവൃത്തിപരിചയത്തിന് ഇൻ്റർവ്യൂവിൽ പ്രത്യേക മാർക്ക് നൽകാനും ടിടിസി, ബിഎഡ് യോഗ്യതയുള്ളവർക്ക് മുൻഗണന ഉറപ്പാക്കാനും തീരുമാനമായി. കരിമ്പാലൻ, തച്ചനാടൻ മൂപ്പൻ, കാടർ എന്നീ വിഭാഗങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനും മെൻ്റർ അധ്യാപകരുടെ എണ്ണം വർധിപ്പിക്കുന്നതിനുമുള്ള നടപടികളും സർക്കാർ പരിഗണിക്കും. തുടർന്ന് നിരാഹാര സമരം നടത്തിയ ദിവിന എടി, രമ്യ കെസി എന്നിവർക്ക് സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖും എൽഡിഎഫ് കൺവീനർ സികെ ശശീന്ദ്രനും നാരങ്ങാനീര് നൽകി സമരം അവസാനിപ്പിച്ചു.
ദിവസങ്ങളായി നീണ്ടുനിന്ന സമരം അവസാനിച്ചെങ്കിലും സർക്കാർ നൽകിയ ഉറപ്പുകൾ നടപ്പിലാക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ. തൊഴിൽ സുരക്ഷയും ആദിവാസി വിദ്യാർഥികളുടെ പഠനപിന്തുണയും ഒരുപോലെ ഉറപ്പാക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം. സർക്കാർ വാഗ്ദാനങ്ങൾ സമയബന്ധിതമായി നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ് മെൻ്റർ അധ്യാപകർ.മുന്നൂറോളം അധ്യാപകരെ ഒരൊറ്റ ഉത്തരവിലൂടെ പിരിച്ച് വിട്ട് സംസ്ഥാനസര്ക്കാര് നടപടി സ്വീകരിച്ചിരുന്നു. ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും മാതൃഭാഷയിലൂടെ പഠന പിന്തുണ നൽകുന്നതിനുമായി നടപ്പാക്കിയിരുന്ന ഗോത്രബന്ധു പദ്ധതിയിലെ മെന്റര്മാരെയാണ് പുതിയ അധ്യയന വർഷത്തിൽ ജോലിയിൽ നിന്ന് ഒഴിവാക്കിയത്. ഇതിനെ തുടർന്നാണ് അധ്യാപകർ നിരാഹാര സമരം ആരംഭിച്ചത്.