ലക്ഷ്യം മയക്കുമരുന്ന് മാഫിയകളുടെ ഉന്മൂലനം : 'കേരള സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ' രൂപീകരിച്ച് സർക്കാർ

തിരുവനന്തപുരം: മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ കൂടുതൽ ഫലപ്രദമായി തടയുന്നതിനും അന്വേഷിക്കുന്നതിനുമായി എക്സൈസ് വകുപ്പിന് കീഴിൽ കേന്ദ്രത്തിന് സമാനമായി 'കേരള സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ' കേരളസർക്കാർ. ഇതിൻെ്റ പ്രവർത്തനത്തിനായി എക്സൈസ് വകുപ്പിലെ നിലവിലുള്ള ഉദ്യോഗസ്ഥരെ പുനർവിന്യസിച്ചും അധിക ചുമതല നൽകിയും സർക്കാർ ഉത്തരവിറക്കി. പുതിയ തസ്തികകൾ സൃഷ്ടിക്കാതെയാണ് 367 തസ്തികകൾ പുനർവിന്യസിക്കുകയും 22 തസ്തികകൾക്ക് അധിക ചുമതല നൽകുകയും ചെയ്ത് ആകെ 389 തസ്തികകളോടെ ബ്യൂറോയുടെ പ്രവർത്തനം ആരംഭിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
ബ്യൂറോയുടെ ആസ്ഥാനം തിരുവനന്തപുരം എക്സൈസ് കമ്മിഷണറേറ്റിലായിരിക്കും. എക്സൈസ് കമ്മിഷണർ സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ തലവനായി പ്രവർത്തിക്കും. അഡീഷണൽ എക്സൈസ് കമ്മിഷണർ (അഡ്മിനിസ്ട്രേഷൻ), അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ഫിനാൻസ് ഓഫീസർ എന്നിവർക്ക് ബ്യൂറോയിലും സമാന അധിക ചുമതലകൾ നൽകും. ഓപ്പറേഷൻസ്, ഇന്റലിജൻസ്, റിസർച്ച് ആൻഡ് അനാലിസിസ്, സൈബർ ഇന്റലിജൻസ് ആൻഡ് സൈബർ ഓപ്പറേഷൻസ് എന്നീ നാല് പ്രധാന വിംഗുകളും ഓരോ ജില്ലയിലും ഓപ്പറേഷൻസ്, ഇന്റലിജൻസ് യൂണിറ്റുകളും പ്രവർത്തിക്കും.
സൈബർ സുരക്ഷ, ഡിജിറ്റൽ ഫോറൻസിക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ വിദഗ്ധരുടെ സന്നദ്ധ ശൃംഖല രൂപീകരിക്കാനും ഉത്തരവിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എക്സൈസ് ഉദ്യോഗസ്ഥരുടെ പുനർവിന്യാസം അടിയന്തരമായി പൂർത്തിയാക്കി സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പ്രവർത്തനം ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ എക്സൈസ് കമ്മിഷണർക്ക് സർക്കാർ നിർദേശം നൽകി.
അതേസമയം, ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇന്ന് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 80 പേർ അറസ്റ്റിലായി. 75 കേസുകൾ രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 27 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് നാല് കേസുകളും 27 എൻ.ഡി.പി.എസ് ആക്ട് പ്രകാരം 44 കേസുകളും കോട്പ (ഇഛഠജഅ) പ്രകാരം 28 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് 2.393 ഗ്രാം എം.ഡി.എം.എയും 0.463 കി.ഗ്രാം കഞ്ചാവും ഒരു കഞ്ചാവ് ചെടിയും പിടിച്ചെടുത്തു.ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇതുവരെ 7285 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ആകെ 7825 അറസ്റ്റുകൾ നടന്നു. ഇതുവരെ പിടിച്ചെടുത്ത എം.ഡി.എം.എ- 5787.842 ഗ്രാം, കഞ്ചാവ് - 615.621 കി.ഗ്രാം, ഹാഷിഷ് ഒായിൽ - 3909.039 ഗ്രാം.
ഒാപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പൊലീസ് 99 ബോധവത്ക്കരണ ക്ലാസുകൾ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 7384 ഉം കൗൺസിലിങ്ങുകളുടെ എണ്ണം 389 ഉം ആണ്. സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ആകെ 5638 ബോധവത്ക്കരണ പരിപാടികളും നടത്തി.
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.