ബാർ ഹോട്ടലുകളിൽ ജി.എസ്.ടി റെയ്ഡ്; കോടികളുടെ നികുതിവെട്ടിപ്പ് പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് സംസ്ഥാന ജി.എസ്.ടി വകുപ്പ് നടത്തിയ വിപുലമായ മിന്നൽ പരിശോധനയിൽ കോടിക്കണക്കിന് രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി ‘ഓപ്പറേഷൻ സ്ട്രോംലൈറ്റ്’ എന്ന പേരിൽ ജി.എസ്.ടി ഇന്റലിജൻസ്, എൻഫോഴ്സ്മെന്റ് വിഭാഗങ്ങൾ സംയുക്തമായാണ് സംസ്ഥാനവ്യാപകമായി ഈ വൻ റെയ്ഡ് നടത്തിയത്.
കൃത്യസമയത്ത് പ്രതിമാസ റിട്ടേണുകൾ സമർപ്പിക്കാതെയും യഥാർത്ഥ വരുമാനം മറച്ചുവെച്ചും വലിയ രീതിയിൽ നികുതി വെട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയ 38 പ്രമുഖ ബാർ ഹോട്ടലുകളിലാണ് ജി.എസ്.ടി സംഘം ഒരേസമയം പരിശോധന നടത്തിയത്. റെയ്ഡിന് പിന്നാലെ തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം ഏകദേശം 70.73 കോടി രൂപയുടെ വിറ്റുവരവ് മറച്ചുവെച്ചതായും, ഇതിലൂടെ 7.06 കോടി രൂപയുടെ നേരിട്ടുള്ള ജി.എസ്.ടി നികുതി വെട്ടിപ്പ് നടത്തിയതായും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
പരിശോധന നടന്ന ബാർ ഹോട്ടലുകളിൽ നിന്ന് മുൻവർഷങ്ങളിലെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച നിർണ്ണായക ഡിജിറ്റൽ രേഖകളും കമ്പ്യൂട്ടർ ഹാർഡ് ഡിസ്കുകളും ഫയലുകളും ജി.എസ്.ടി സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇവ വരും ദിവസങ്ങളിൽ ഫോറൻസിക് വിദ്ഗ്ദ്ധരുടെ സഹായത്തോടെ വിശദമായി പരിശോധിക്കുന്നതോടെ നികുതിവെട്ടിപ്പിന്റെ യഥാർത്ഥ ആഴവും വ്യാപ്തിയും ഇനിയും വർദ്ധിക്കുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് ജി.എസ്.ടി വകുപ്പ് അറിയിച്ചു.