ഗാസയ്‌ക്ക് മേലുള്ള ആക്രമണം ഇസ്രയേല്‍പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന് ഹമാസ്

 ഗാസയ്‌ക്ക് മേലുള്ള ആക്രമണം  ഇസ്രയേല്‍പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന് ഹമാസ്

ഗാസ സിറ്റി: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ബോര്‍ഡ് ഓഫ് പീസ് നടപ്പിലാക്കാനിരിക്കെ ഇസ്രയേല്‍ ഗാസയ്‌ക്ക് മേലുള്ള ആക്രമണം പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന് ഹമാസ്. സമാധാന കരാര്‍ നടപ്പിലാക്കുന്നതിന് മുമ്പ് ഇക്കാര്യം ഉറപ്പ് വരുത്തണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ഇസ്രയേലും ഹമാസും തമ്മിലുള്ള പോരാട്ടം ഇല്ലാതാക്കാന്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നിട്ട് മാസങ്ങളായി. എന്നാല്‍ ഹമാസ് എപ്പോള്‍ ആയുധങ്ങള്‍ താഴെ വയ്‌ക്കണമെന്നോ ഇസ്രയേല്‍ സൈന്യം പിന്മാറണമെന്നോ വ്യക്തമാക്കിയിരുന്നില്ല.

ഗാസ മുനമ്പിനെ കുറിച്ചോ പലസ്‌തീന്‍ ജനതയുടെ ഭാവിയെ കുറിച്ചോ നടത്തുന്ന ഏതൊരു ചര്‍ച്ചയിലും ആക്രമണം പൂര്‍ണമായും നിര്‍ത്താനുള്ള മാര്‍ഗങ്ങളാണ് ചര്‍ച്ച ചെയ്‌ത് തീരുമാനിക്കേണ്ടതെന്നും ഹമാസ് പ്രസ്‌താവനയില്‍ പറഞ്ഞു. ഗാസയില്‍ സമാധാനം പുലരാന്‍ വേണ്ടി നടപ്പിലാക്കുന്ന ഈ നീക്കങ്ങളിലൂടെ ജനങ്ങളുടെ നിയമാനുസൃതമായ ദേശീയ അവകാശങ്ങള്‍ പ്രത്യേകിച്ചും അവരുടെ സ്വാതന്ത്ര്യമാണ് ഉറപ്പാക്കേണ്ടതെന്നും ഹമാസ് പറഞ്ഞു.

ഇന്‍റര്‍നാഷണല്‍ സ്റ്റബിലൈസേഷന്‍ ഫോഴ്‌സ്‌ (ISF): ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടരുന്നതിനിടെ അൽബേനിയ, ഇന്തോനേഷ്യ, ഖസാക്കിസ്ഥാൻ, കൊസോവോ, മൊറോക്കോ എന്നീ രാജ്യങ്ങൾ ഗാസയ്ക്കായി പുതുതായി രൂപീകരിച്ച ഇന്‍റര്‍നാഷണല്‍ സ്റ്റബിലൈസേഷന്‍ ഫോഴ്‌സിലേക്ക് സൈന്യത്തെ നിയോഗിക്കുമെന്നും ബോര്‍ഡ് ഓഫ് പീസ് മീറ്റിങ്ങില്‍ പ്രഖ്യാപിച്ചു. പലസ്‌തീന്‍ ഇസ്‌ലാമിക പ്രസ്ഥാനം പ്രദേശത്ത് അന്താരാഷ്‌ട്ര സേനകള്‍ക്ക് തുറന്നിട്ടിരിക്കുകയാണെന്നും ഹമാസ് വക്താവ് ഹസീം ഖാസീം മാധ്യമങ്ങളോട് പറഞ്ഞു.