വിശ്വാസ്യത നഷ്ടപ്പെട്ടോ ?: നീറ്റ്-യുജി പുനഃപരീക്ഷയിൽ നിന്ന് വിട്ടുനിന്നത് 2 ലക്ഷത്തിലേറെ വിദ്യാർത്ഥികൾ

ന്യൂഡൽഹി: ജൂൺ 21-ന് നടന്ന നീറ്റ് യു ജി പുനഃപരീക്ഷയിൽ പങ്കെടുത്തവരുടെ എണ്ണത്തിൽ വൻ കുറവ്. രണ്ടുലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് പുനഃപരീക്ഷയിൽ നിന്ന് വിട്ടുനിന്നതെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. മെയ് മാസത്തിൽ 22,05,035 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയപ്പോൾ, പുനഃപരീക്ഷയിൽ ഇത് ഏകദേശം 20 ലക്ഷമായി ചുരുങ്ങി. ഏകദേശം 9 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളും വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും വലിയ മാനസിക ആഘാതം സൃഷ്ടിച്ചിട്ടുണ്ട്. പരീക്ഷയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിൽ മനംനൊന്ത് ഈ കാലയളവിൽ കുറഞ്ഞത് 21 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തത് വലിയ ആശങ്കയാണ് ഉയർത്തുന്നത്.പരീക്ഷയിൽ പങ്കെടുത്തവരുടെ കൃത്യമായ കണക്കുകൾ എൻ.ടി.എ ക്രോഡീകരിച്ചുവരികയാണ്. വിവാദങ്ങൾക്കിടയിലും നടന്ന പുനഃപരീക്ഷയിലെ ഹാജർ കുറവ് നീറ്റ് പരീക്ഷയുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കുകയാണ്.