ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ! സംവിധായകൻ ജയരാജ് ജൂറി ചെയര്‍മാന്‍

ദേശീയ ചലച്ചിത്ര അവാര്‍ഡ്  പ്രഖ്യാപനം നാളെ! സംവിധായകൻ ജയരാജ്  ജൂറി ചെയര്‍മാന്‍

ന്യൂഡല്‍ഹി: സിനിമാ പ്രേമികള്‍ ഒരുപോലെ കാത്തിരിക്കുന്ന 72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ. 11 അംഗ ജൂറിയുടെ വിവിധ ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളുടെ അവാര്‍ഡ് നിര്‍ണയം വ്യാഴാഴ്‌ച പൂര്‍ത്തിയായി. അവാര്‍ഡ് നിര്‍ണയ ജൂറി ചെയര്‍മാനായി സംവിധായകന്‍ ജയരാജും സംഘത്തിലുണ്ട്. 2024-ല്‍ സെന്‍സര്‍ ചെയ്‌ത ചിത്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്.ഇക്കുറി മലയാളത്തില്‍ നിന്ന് ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ്, കിഷ്‌കിന്ധ കാണ്ഡം  എന്നിവയാണ് ജൂറിയില്‍ എത്തിയിരിക്കുന്ന പ്രധാന ചിത്രങ്ങള്‍.

2012യിലെ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗമായി ജയരാജ് പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍പ് കേരളത്തില്‍ നിന്നും അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി എന്‍ കരുണ്‍, പ്രിയദര്‍ശന്‍ എന്നിവര്‍ സെന്‍ട്രല്‍ പാനല്‍ ജൂറി ചെയര്‍മാന്‍മാരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തില്‍ നിന്ന് കൂടുതല്‍ ചിത്രങ്ങള്‍ക്ക് അവാര്‍ഡ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാസ്വാദകരും നിരൂപകരും.കഴിഞ്ഞ തവണ മികച്ച സഹനടന്‍, സഹനടി പുരസ്‌കാരങ്ങള്‍ മലയാളി താരങ്ങളെ തേടിയെത്തിയിരുന്നു. പൂക്കാലം എന്ന ചിത്രത്തിലൂടെ വിജയരാഘവന്‍ മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം നേടിയപ്പോള്‍ മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്കിലൂടെ ഉര്‍വശിയാണ് സ്വന്തമാക്കിയത്.

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്‌ത ഭ്രമയുഗത്തിലെ മികവുറ്റ പ്രകടനത്തിന് മെഗാസ്‌റ്റാര്‍ മമ്മൂട്ടിക്കാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. ഇത്തവണ ദേശീയ അവാര്‍ഡ് ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്ക് ലഭിക്കുമോയെന്നാണ് ആരാധകരും സിനിമാപ്രേമികളും ഉറ്റുനോക്കുന്നത്.കൊടുമണ്‍ പോറ്റി, ചാത്തന്‍ എന്നീ കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. തിയേറ്ററുകളില്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രത്തിന് ബോക്‌സ് ഓഫീസിലും മികച്ച കലക്ഷന്‍ നേടിയിരുന്നു.അതേസമയം ചിദംബരം സംവിധാനം ചെയ്‌ത ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സിനും മികച്ച പ്രതികരണം ലഭിച്ച ചിത്രമാണ്. ഏറെ നിരൂപക പ്രശംസ നേടിയ ഈ ചിത്രം റഷ്യയിലെ കിനോബ്രാവോ ഫിലിം ഫെസ്‌റ്റിവലിലും മത്സരിച്ചിരുന്നു.ആസിഫ് അലിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് കിഷ്‌കിന്ധാ കാണ്ഡം. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്‌ത ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. തിരക്കഥയും ബാഹുല്‍ രമേഷിന്‍റേതാണ്. നിര്‍മാണം ജോബി ജോര്‍ജ് തടത്തിലാണ്, സംഗീതം നിര്‍വഹിച്ചിരിക്കുന്നത് മുജീബ് മജീദാണ്.