പ്രശസ്‌ത നാടക -ചലച്ചിത്ര നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു.

പ്രശസ്‌ത നാടക -ചലച്ചിത്ര നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു.

മുംബൈ: ഇന്ത്യൻ നാടകവേദിയിലെയും ചലച്ചിത്ര രംഗത്തെയും പ്രഗത്ഭയായ സംവിധായികയും നടിയുമായ വിജയ മേത്ത (92) അന്തരിച്ചു ).വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി സൗത്ത് മുംബൈയിലെ വസതിയിൽവെച്ചായിരുന്നു അന്ത്യം .വിജയ് ടെണ്ടുൽക്കർ, ശ്രീറാം ലാഗു, അരവിന്ദ് ദേശ്പാണ്ഡെ തുടങ്ങിയ വിഖ്യാത പ്രതിഭകൾക്കൊപ്പം ചേർന്ന് മുംബൈ ആസ്ഥാനമായി ‘രംഗായൻ’ എന്ന നാടകസംഘം സ്ഥാപിച്ചതിൽ  പ്രധാന പങ്കുവഹിച്ച വിജയ മേത്ത   മറാഠി സമാന്തര നാടകവേദിക്ക് പുതിയ ദിശാബോധം നൽകി. നിരവധി നാടകങ്ങൾ സംവിധാനം ചെയ്യുകയും ടെലിവിഷൻ പരമ്പരകളും ഫീച്ചർ ഫിലിമുകളും ഒരുക്കുകയും ചെയ്തു.

1984-ൽ പുറത്തിറങ്ങിയ ഗോവിന്ദ് നിഹലാനിയുടെ പ്രശസ്ത ഹിന്ദി ചിത്രം ‘പാർട്ടി’യിലെ തകർപ്പൻ അഭിനയത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം അവർ സ്വന്തമാക്കിയിരുന്നു. പ്രശസ്ത സംവിധായകൻ ശ്യാം ബെനഗലിന്റെ ‘കലിയുഗ്’ എന്ന ചിത്രത്തിലൂടെയാണ് അവർ സിനിമാ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ഒട്ടനവധി ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്ത അവർ 2006-ൽ അമോൽ പലേക്കർ സംവിധാനം ചെയ്ത ‘ക്വസ്റ്റ്’ എന്ന ചിത്രത്തിലാണ് അവസാനമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്.

വിജയ മേത്ത സംവിധാനം ചെയ്ത രണ്ട് പ്രധാന ചിത്രങ്ങളിലും നായകൻ അനുപം ഖേർ ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. തന്റെ ‘ബാരിസ്റ്റർ’ എന്ന നാടകത്തെ ആസ്പദമാക്കി 1985-ൽ പുറത്തിറക്കിയ ‘റാവു സാഹേബ്’ എന്ന ചിത്രത്തിൽ അനുപം ഖേർ പ്രധാന വേഷം ചെയ്തു. ഈ ചിത്രത്തിലെ പ്രകടനത്തിന് വിജയ മേത്തയ്ക്ക് വീണ്ടും മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. അനുപം ഖേറുമായി ഒന്നിച്ച രണ്ടാമത്തെ സംവിധാന സംരംഭമായ ‘പെസ്റ്റൺജി’ (1988) മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കി. നസീറുദ്ദീൻ ഷാ, ശബാന ആസ്മി, കിരൺ ഖേർ എന്നിവരായിരുന്നു ഇതിലെ മറ്റ് പ്രധാന അഭിനേതാക്കൾ.ഇന്ത്യൻ സിനിമയിലെ മുതിർന്ന നടി ദുർഗ്ഗ ഖോട്ടെയുടെ മകൻ ഹരിൻ ഖോട്ടെയായിരുന്നു വിജയ മേത്തയുടെ ആദ്യ ഭർത്താവ്. അദ്ദേഹത്തിന്റെ അകാല മരണശേഷം ഫറൂഖ് മേത്തയെ വിവാഹം കഴിച്ചു.

വിജയ മേത്തയുടെ നിര്യാണത്തിൽ സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. വിജയ മേത്ത ഇന്ത്യൻ കലാരംഗത്തിന് നൽകിയ സമാനതകളില്ലാത്ത സംഭാവനകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്, ഉപമുഖ്യമന്ത്രി സുനേത്ര പവാർ, എൻസിപി നേതാവ് സുപ്രിയ സുലെ, ചലച്ചിത്ര പ്രവർത്തകരായ അനുപം ഖേർ, ശബാന ആസ്മി എന്നിവരും ആദരാഞ്ജലികൾ അർപ്പിച്ചു.