രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യാപേക്ഷയിൽ വാദം വ്യാഴാഴ്ച

പത്തനംതിട്ട: ബലാൽസംഗക്കേസിൽ അറസ്‌റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ പത്തനംതിട്ട സെഷൻസ് കോടതി മറ്റന്നാൾ വിശദമായ വാദം കേൾക്കും. ഇന്ന് അപേക്ഷ പരിഗണിച്ച കോടതി കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോട് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. രാവിലെ 11.45ന് കേസ് പരിഗണിച്ച കോടതി അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട് ആവശ്യപ്പെടുകയും തുടർവാദം വ്യാഴാഴ്ചത്തേക്ക് മാറ്റുകയുമായിരുന്നു.
രാഹുലിനെതിരെ മൂന്നാമതായി രജിസ്റ്റർ ചെയ്ത ലൈംഗിക ആരോപണ കേസുമായി ബന്ധപ്പെട്ട രണ്ടാംഘട്ട നിയമനടപടികളാണ് ഇപ്പോൾ നടക്കുന്നത്. നേരത്തെ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും അത് തള്ളിയിരുന്നു. തുടർന്നാണ് പ്രതിഭാഗം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്. സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ രാഹുലിൻ്റെ ജാമ്യഹർജിയിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട് ലഭിക്കാത്തതിനെ തുടർന്നാണ് കോടതി നടപടി മാറ്റിയത്. ഈ മാസം 22ന് കോടതിയിൽ ജാമ്യാപേക്ഷയിൽ വിശദമായ വാദം നടക്കും.രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ശാസ്തമംഗലം അജിത് കുമാർ കോടതിയിൽ ഹാജരാകും. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിൽ നടന്നതിന് സമാനമായ രീതിയിലുള്ള സുദീർഘമായ വാദപ്രതിവാദങ്ങളായിരിക്കും പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിലും നടക്കുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചത് രാഹുലിന് തിരിച്ചടിയായ സാഹചര്യത്തിൽ പൊലീസ് റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ ജില്ലാ കോടതിയിൽ വിശദമായ വാദം നടക്കുകയുള്ളൂ.സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസ് കേവലം ഒരു പീഡന പരാതി എന്നതിലുപരി വലിയ രാഷ്ട്രീയ പ്രാധാന്യവും കൈവരിച്ചിരിക്കുകയാണ്. യുവജന സംഘടനയുടെ സംസ്ഥാന അധ്യക്ഷൻ കൂടിയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ പ്രതിപക്ഷത്തിൻ്റെ പ്രതിച്ഛായയെ ബാധിക്കുമോ എന്ന ആശങ്ക പാർട്ടി കേന്ദ്രങ്ങളിലുണ്ട്.