കേരളത്തില്‍ കനത്ത മഴ; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കേരളത്തില്‍ കനത്ത മഴ; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് ഇന്നും മഴ കനക്കും. 11 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്. കാസര്‍കോട് മൂന്ന് മണിക്കൂര്‍ നേരത്തേക്ക് ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റ് 10 ജില്ലകളിലും യെല്ലോ അലര്‍ട്ടാണുള്ളത്. കേരളത്തിലെ മുഴുവന്‍ ജില്ലകളിലും അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ മഴ ലഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഏറ്റവും കൂടുതല്‍ മഴ വയനാട്ടില്‍: കഴിഞ്ഞ 24 മണിക്കൂറില്‍ വയനാട്ടിലെ വൈത്തിരിയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 123 മില്ലി മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജില്ലയില്‍ തുരങ്കപാത നിര്‍മാണ മേഖലയില്‍ ഇന്നലെയുണ്ടായ മണ്ണിടിച്ചിലിന് പിന്നാലെ മുഴുവന്‍ ജില്ലകളിലും ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. മഴ ശക്തമായ സാഹചര്യത്തില്‍ വയനാട്, കോഴിക്കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ ശക്തമായ കാറ്റിനും അതോടൊപ്പം ഉയര്‍ന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതുകൊണ്ട് തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്. പ്രതികൂല സാഹചര്യം നിലനില്‍ക്കെ ജലാശയങ്ങള്‍ കേന്ദ്രീകരിച്ചുള്ള വിനോദങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നതാണ് നല്ലത്.

മഴക്കെടുതിയില്‍ ഉത്തരേന്ത്യ: കാലവര്‍ഷം കനത്തതോടെ ഉത്തരേന്ത്യയില്‍ നാശനഷ്‌ടം വ്യാപകമായി. മുംബൈയില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. വിദ്യാലയങ്ങള്‍ ഇന്ന് അടച്ചിടും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. അതിശക്തമായ മഴ തുടരുന്ന ഹിമാചല്‍പ്രദേശ്‌, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ മണ്ണിടിച്ചിലിനും പ്രളയത്തിനും സാധ്യതയെന്നും മുന്നറിയിപ്പ്. അപകട സാധ്യതാ മേഖലകളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശ പ്രകാരം മാറി താമസിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഡല്‍ഹി, യുപി, ഹരിയാന എന്നിവിടങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത. ഇവിടങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. അതേസമയം മഴ തുടരുന്ന ബംഗാളിലും ഒഡിഷയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

പൊതുജനങ്ങൾ പാലിക്കേണ്ട നിർദേശങ്ങൾ

വീടിന് സമീപമുള്ള മരങ്ങളും വൈദ്യുതി ലൈനുകളും ശ്രദ്ധിക്കുക.

അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കുക.

വെള്ളക്കെട്ടുള്ള റോഡുകളിലൂടെ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കുക.

മലയോര മേഖലയിലുള്ളവർ ഉരുൾപൊട്ടൽ മുന്നറിയിപ്പുകൾ നിരന്തരം ശ്രദ്ധിക്കുക.

മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പ് കാലയളവിൽ കടലിൽ പോകരുത്.

കുട്ടികളെയും വയോജനങ്ങളെയും മഴക്കാല അപകടങ്ങളിൽ നിന്ന് സുരക്ഷിതരാക്കുക.

മൊബൈൽ ഫോണിൽ ഔദ്യോഗിക കാലാവസ്ഥ മുന്നറിയിപ്പുകൾ നിരന്തരം പരിശോധിക്കുക.

അടിയന്തര സാഹചര്യങ്ങളിൽ ജില്ലാ ഭരണകൂടത്തിൻ്റെ നിർദേശങ്ങൾ കർശനമായി പാലിക്കുക.