കുംഭമേള വൈറൽ താരത്തിന്റെ പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി

കുംഭമേള വൈറൽ താരത്തിന്റെ പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി

എറണാകുളം  :  വൈറൽ പെൺകുട്ടി മോണാലിസ ഭോസ്‌ലെയ്ക്ക് അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം കേരള ഹൈക്കോടതി റദ്ദാക്കി. ഹർജിയിൽ നൽകിയിരുന്ന വിലാസത്തിലോ ഫോൺ നമ്പറിലോ പെൺകുട്ടിയെ കണ്ടെത്താൻ പോലീസിന് സാധിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ ഔദ്യോഗികമായി അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നടപടി. പെൺകുട്ടി നേരിട്ടെത്തി രേഖാമൂലം ആവശ്യപ്പെട്ടാൽ മാത്രം ഇനി സംരക്ഷണം നൽകിയാൽ മതിയെന്നും ഹൈക്കോടതി പോലീസിന് നിർദേശം നൽകി.മതവിരുദ്ധ വിവാഹത്തെ തുടർന്ന് തനിക്കും ഭർത്താവിനും എതിരെ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും കൊലവിളി ഉയരുന്നുണ്ടെന്നും ജീവന് ഭീഷണിയുണ്ടെന്നും കാട്ടിയാണ് മധ്യപ്രദേശ് സ്വദേശിയായ പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് എറണാകുളം സെൻട്രൽ പോലീസിനോട് ഇവർക്ക് സംരക്ഷണം നൽകാൻ കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. എന്നാൽ കോടതി ഉത്തരവിന് പിന്നാലെ പെൺകുട്ടിയെ ബന്ധപ്പെടാൻ പോലീസ് പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കോടതിയെ സമീപിച്ച് സംരക്ഷണം വാങ്ങിയ ശേഷം മുങ്ങുന്നത് ഇവരുടെ പതിവുരീതിയായി മാറിയിരിക്കുകയാണെന്ന് ഗവൺമെന്റ് പ്ലീഡർ കോടതിയിൽ ചൂണ്ടിക്കാട്ടി. സർക്കാർ നിലപാടിനോട് പ്രതികരിക്കാൻ തന്റെ പക്കൽ നിലവിൽ നിർദേശങ്ങളൊന്നുമില്ലെന്ന് പെൺകുട്ടിയുടെ അഭിഭാഷകനും കോടതിയെ അറിയിച്ചു.