ഖത്തർ മുൻ അമീറിന് ആദരം; ഇന്ത്യയിൽ ഇന്ന് ഔദ്യോഗിക ദുഃഖാചരണം
ന്യുഡൽഹി : ഖത്തർ മുൻ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ നിര്യാണത്തിൽ ആദരസൂചകമായി രാജ്യത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണം. കേന്ദ്ര സർക്കാരിൻ്റെ നിർദേശപ്രകാരം കേരളത്തിലും ഔദ്യോഗിക ദുഃഖാചരണം നടക്കുന്നു.ദുഃഖാചരണം ആചരിക്കാൻ എല്ലാ വകുപ്പുകൾക്കും ജില്ലാ ഭരണകൂടങ്ങൾക്കും കേന്ദ്ര -സംസ്ഥാന സർക്കാറുകൾ ഔദ്യോഗിക നിർദേശം നൽകി. 'ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ' അനുസരിച്ച് സ്ഥിരമായി ദേശീയ പതാക ഉയർത്തുന്ന എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പതാക പകുതി താഴ്ത്തിക്കെട്ടാനാണ് നിർദേശം. ദുഃഖാചരണത്തിൻ്റെ ഭാഗമായി ഔദ്യോഗിക വിനോദ പരിപാടികളോ മറ്റ് ആഘോഷങ്ങളോ ഉണ്ടായിരിക്കില്ല. തങ്ങളുടെ അധികാരപരിധിയിലുള്ള എല്ലാ ഓഫിസുകളിലും നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തി. വകുപ്പ് മേധാവികളും മറ്റ് അധികാരികളും ഇതിനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.

ഇന്ത്യയുടെ ആത്മസുഹൃത്ത്
ഷെയ്ഖ് ഹമദി ദീർഘവീക്ഷണമുള്ള നേതാവെന്നും ഇന്ത്യയുടെ ഉറ്റ സുഹൃത്തെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്കും രാജകുടുംബത്തിനും ഖത്തർ ജനതയ്ക്കും പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. ഖത്തറിനെ വികസനത്തിൻ്റെയും സമൃദ്ധിയുടെയും ഉന്നതങ്ങളിൽ എത്തിച്ച നേതാവാണ് അദ്ദേഹമെന്ന് മോദി സമൂഹമാധ്യമത്തിൽ കുറിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലെ ഖത്തർ സന്ദർശനവേളയിൽ അദ്ദേഹത്തെ നേരിൽ കാണാൻ കഴിഞ്ഞ കാര്യവും പ്രധാനമന്ത്രി അനുസ്മരിച്ചു. അതേസമയം ഇന്ത്യൻ സർക്കാരിന് വേണ്ടി അനുശോചനം അറിയിക്കാൻ പാർലമെൻ്ററി, ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ഉടൻ ഖത്തർ സന്ദർശിക്കും.
ഖത്തറിൻ്റെ ശിൽപിയും 'ഫാദർ അമീർ' എന്ന് അറിയപ്പെടുന്നതുമായ ഷെയ്ഖ് ഹമദ് ഇന്നലെ രാവിലെയാണ് അന്തരിച്ചത്. 74 വയസ്സായിരുന്നു. വിയോഗത്തെ തുടർന്ന് ഖത്തറിൽ നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. 1995 മുതൽ 2013 വരെ ഖത്തർ ഭരിച്ച ഷെയ്ഖ് ഹമദ് രാജ്യത്തിൻ്റെ സാമൂഹിക, സാമ്പത്തിക വികസനങ്ങൾക്ക് തുടക്കമിട്ട ഭരണാധികാരിയാണ്. ഊർജ സമ്പന്നമായ ഗൾഫ് രാഷ്ട്രത്തെ ആധുനികവത്കരിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. 2013ൽ മകനും ഇപ്പോഴത്തെ അമീറുമായ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്ക് അദ്ദേഹം അധികാരം കൈമാറുകയായിരുന്നു.

