ശബരിമല യുവതീ പ്രവേശനം: "ഭക്തരല്ലാത്തവർക്ക് എങ്ങനെ ഒരു ആചാരത്തെ ചോദ്യം ചെയ്യാനാകും" : സുപ്രീം കോടതി

ന്യൂഡൽഹി: അയ്യപ്പ ഭക്തരല്ലാത്തവർക്ക് എങ്ങനെ ക്ഷേത്രത്തിലെ ആചാരത്തെ ചോദ്യം ചെയ്യാനാവുമെന്ന് ജസ്റ്റിസ് ബി വി നാഗരത്ന. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ ഭരണഘടനാപരമായ വിഷയങ്ങൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ചോദ്യം.ഭക്തരാരും ആചാരത്തെ ചോദ്യം ചെയ്തിട്ടില്ലെന്നും പിന്നെ എന്തിനാണ് ക്ഷേത്രവുമായി ബന്ധമില്ലാത്ത ഒരാൾ നൽകുന്ന ഹർജി കോടതി സ്വീകരിക്കേണ്ടതെന്നും ബെഞ്ച് ചോദിച്ചു. ഏതെങ്കിലും അയ്യപ്പഭക്തർ ഇതിനെ ചോദ്യം ചെയ്ത് റിട്ട് ഹർജി നൽകുമോ? ക്ഷേത്രവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാൾ അത് ചോദ്യം ചെയ്യുമ്പോൾ കോടതിക്ക് അത് പരിഗണിക്കാൻ കഴിയുമോ എന്നും ജസ്റ്റിസ് ചോദിച്ചു.
2018 ൽ ശബരിമലയിൽ 10 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് കൊണ്ടുള്ള വിധി ഉണ്ടായത് 'ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ' എന്ന സംഘടന നൽകിയ പൊതുതാത്പര്യ ഹർജിയിലായിരുന്നു. ഭക്തരുടെ സംഘടനയാണോ ഹർജി നൽകിയതെന്ന് ജസ്റ്റിസ് ബി വി നാഗരത്ന ചോദിച്ചു. അല്ലെന്നായിരുന്നു കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ മറുപടി. എങ്കിൽ ഭക്തരല്ലാത്തവർക്ക് എങ്ങനെ ഒരു ആചാരത്തെ ചോദ്യം ചെയ്യാനാകും എന്നായിരുന്നു ജസ്റ്റിസ് നാഗരത്ന ചോദിച്ചത്.ജഡ്ജിമാർ മതത്തിലല്ല, നിയമ മേഖലയിലാണ് വിദഗ്ധരായിട്ടുള്ളത്. അതുകൊണ്ട് തന്നെ മതേതര കോടതിക്ക് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് തുഷാർ മേത്ത പറഞ്ഞു. എന്നാൽ ഒരു മതവിശ്വാസത്തിലെ ഏതൊക്കെ ആചാരങ്ങൾ അന്ധവിശ്വാസമെന്ന് നിർവചിക്കാനുള്ള അധികാരപരിധി കോടതിക്കുണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.അന്ധവിശ്വാസപരമായ ആചാരം എന്താണെന്ന് കോടതി എങ്ങനെ തീരുമാനിക്കുമെന്ന് തുഷാർ മേത്ത ചോദിച്ചു. ഒരു കാര്യം അന്ധവിശ്വാസമാണോ എന്ന് തീരുമാനിക്കാൻ കോടതിക്ക് അവകാശമുണ്ടെന്ന് ജസ്റ്റിസ് അമാനുല്ല ചൂണ്ടിക്കാട്ടി. ക്ഷേത്രവുമായി ബന്ധമില്ലാത്തവർ നൽകിയ പൊതുതാത്പര്യ ഹർജി അന്ന് തന്നെ തള്ളേണ്ടതായിരുന്നുവെന്ന് ജസ്റ്റിസ് ബി വി നാഗരത്ന പറഞ്ഞു. നീതിന്യായ വ്യവസ്ഥയെ പൊതുതാത്പര്യ ഹർജിയിലൂടെ സംഘടനകൾ ഉപയോഗിക്കുന്നതിൽ ചീഫ് ജസ്റ്റിസ് വിമർശനം ഉയർത്തി. അത്തരം കാര്യങ്ങളിൽ നിയമനിർമ്മാണ സഭയാണ് അവസാന വാക്ക് എന്ന് പറയാനവില്ലെന്നും കോടതി പറഞ്ഞു.മന്ത്രവാദത്തെ മാതാചാരമായി കാണാനാകുമോ എന്നും മന്ത്രവാദം ഉൾപ്പെടെയയുള്ള അന്ധവിശ്വാസങ്ങളിൽ നിയമം ഇല്ലെങ്കിലും കോടതിക്ക് ഇടപെടാമെന്നും സുപ്രീം കോടതി പറഞ്ഞു. ഇത്തരം അധികാരങ്ങളെ തടയാൻ കോടതിക്ക് അധികാരമില്ലെയെന്നും കേന്ദ്രത്തോട് കോടതി ചോദിച്ചു.
കോടതിയുടെ നിരീക്ഷണങ്ങൾ
മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഏഴ് ചോദ്യങ്ങളാണ് കോടതി പരിശോധിക്കുന്നത്. ഇതിൽ 25, 26 അനുച്ഛേദങ്ങളിലെ 'ധാർമ്മികത' എന്ന പദത്തിൻ്റെ പരിധിയിൽ ഭരണഘടനാപരമായ ധാർമ്മികത വരുമോ എന്നതും ഉൾപ്പെടുന്നു. കാലത്തിനനുസരിച്ച് സമൂഹത്തിൻ്റെ ധാർമ്മിക സങ്കൽപ്പങ്ങളിൽ മാറ്റം വരുമെന്ന് ജസ്റ്റിസ് നഗരരത്ന നിരീക്ഷിച്ചു. 1950-കളിലെ ധാർമ്മിക മാനദണ്ഡങ്ങളല്ല ഇന്നുള്ളതെന്നും അവർ പറഞ്ഞു. 'മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൻ്റെ പോരാട്ടം' എന്നാണ് ചീഫ് ജസ്റ്റിസ് ഇതിനെ വിശേഷിപ്പിച്ചത്.അതേസമയം ഹർജിയിൽ സുപ്രീംകോടതി നാളെ തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ വാദം കേൾക്കും.