ഗർഭിണിയായ ഭാര്യയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഭർത്താവും ആത്മഹത്യ ചെയ്‌തു

ഗർഭിണിയായ ഭാര്യയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഭർത്താവും ആത്മഹത്യ ചെയ്‌തു

ആലപ്പുഴ: ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്‌ത വിവരം അറിഞ്ഞ് ദോഹയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ യുവാവിനെ ബെംഗളൂരുവിലെ ഒരു ലോഡ്‌ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടത്വ കൊടുപ്പുന്ന പുത്തൻവീട്ടിൽ പി എസ് സനുക്കുട്ടൻ (30) ആണ് മരിച്ചത്. സനുക്കുട്ടൻ്റെ ഭാര്യ മാവേലിക്കര ഉമ്പർനാട് പഴയതോപ്പിൽ ഹരീഷ്‌മ (27)യെ രണ്ട് ദിവസം മുൻപ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. നാലുമാസം മുൻപാണ് ഇരുവരുടെയും വിവാഹം നടന്നത്. ഹരീഷ്‌മ മൂന്ന് മാസം ഗർഭിണിയായിരുന്നു. ഒരു മാസം മുൻപാണ് സനുക്കുട്ടൻ ജോലിക്കായി ദോഹയിലേക്ക് പോയത്.

ഭാര്യയുടെ മരണവിവരം അറിഞ്ഞതോടെ സനുക്കുട്ടൻ അടിയന്തരമായി നാട്ടിലേക്ക് മടങ്ങി. ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം നെടുമ്പാശേരി വിമാനത്താവളത്തിലെത്തുമെന്ന് വീട്ടുകാരെ അറിയിച്ചിരുന്നു. ഇതനുസരിച്ച് സഹോദരനും ബന്ധുവും നെടുമ്പാശേരിയിൽ കാത്തുനിന്നെങ്കിലും അദ്ദേഹം അവിടെയെത്തിയില്ല. തുടർന്ന് ബെംഗളൂരു വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ സനുക്കുട്ടൻ അവിടെ എത്തിയതായി സ്ഥിരീകരിച്ചു.ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ ബെംഗളൂരുവിലെത്തി മലയാളി അസോസിയേഷൻ്റെയും പൊലീസിൻ്റെയും സഹായം തേടി. ഇതിനിടെ ഒരു ലോഡ്‌ജിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിക്കുകയും ബന്ധുക്കൾ മൃതദേഹം കണ്ട് തിരിച്ചറിയുകയും ചെയ്‌തു. 

വിവാഹശേഷം സനുക്കുട്ടൻ മദ്യപിച്ച് വീട്ടിലെത്തി ഹരീഷ്‌മയെ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും ഗാർഹിക പീഡനമാണ്‌ മരണ കാരണമെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. ഈ ആരോപണങ്ങൾ സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. സനുക്കുട്ടൻ്റെ വീട്ടിൽ അമ്മയും സഹോദരിയും സഹോദരിയുടെ ഭർത്താവും സഹോദരനും മാത്രമാണുള്ളത്. പിതാവ് നേരത്തെ മരിച്ചിരുന്നു.

സനുക്കുട്ടൻ്റെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം നടപടികൾ ബെംഗളൂരുവിലെ വൈദേഹി ആശുപത്രിയിൽ ഇന്ന്  രാവിലെ നടന്നു. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ചു. നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും. ഹരീഷ്‌മയുടെ സംസ്‌കാരം ഞായറാഴ്‌ച മാവേലിക്കരയിൽ നടന്നു. സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയ സനുകുട്ടൻ്റെ ബന്ധുക്കളെ ഹരീഷ്‌മയുടെ ബന്ധുക്കൾ തടഞ്ഞ് തിരിച്ചയച്ചിരുന്നു.