സാവരിയ ബസന്തിൻ്റെ കൊലപാതകം, കേന്ദ്ര ഏജൻസിതന്നെ അന്വേഷിക്കണമെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: ഉസ്ബക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയായിരുന്ന ഹരിപ്പാട് സ്വദേശിനി സാവരിയ ബസന്ത് കൊല്ലപ്പെട്ട കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. സമൂഹത്തെ ഒന്നാകെ നടുക്കിയ ഈ ക്രൂരമായ കൊലപാതകത്തിന് പിന്നിലെ എല്ലാ വശങ്ങളും പുറത്തുകൊണ്ടുവരാൻ നിലവിലുള്ള അന്വേഷണങ്ങൾക്ക് പുറമെ കേന്ദ്ര ഏജൻസിയുടെ സമഗ്രവും സുതാര്യവുമായ അന്വേഷണം അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹരിപ്പാട്ടെ സാവരിയയുടെ വസതി സന്ദർശിച്ച വെള്ളാപ്പള്ളി നടേശൻ, പെൺകുട്ടിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി ആശ്വാസ വാക്കുകൾ പങ്കുവെച്ച ശേഷമാണ് മാധ്യമങ്ങളോട് സംസാരിച്ചത്.
മതപരിവർത്തന ശ്രമമെന്ന് സംശയം
പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങളും ക്രൂരമർദ്ധനവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന കടുത്ത സംശയം കുടുംബാംഗങ്ങൾക്കുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു ഈ സാഹചര്യത്തിൽ സംഭവത്തിൻ്റെ ഗൗരവം അതീവ വലുതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുറ്റവാളികൾ ആരായാലും അവർക്ക് നിയമത്തിന് മുന്നിൽ അർഹിക്കുന്ന മാതൃകാപരമായ ശിക്ഷ ഉറപ്പാക്കേണ്ടതുണ്ട്.
"വിദേശമണ്ണിൽ നടന്ന ഒരു കുറ്റകൃത്യമായതുകൊണ്ടുതന്നെ ഇതിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിൽ നമ്മുടെ സംസ്ഥാന പൊലീസിന് പരിമിതികളുണ്ട്. അതുകൊണ്ടാണ് അന്താരാഷ്ട്ര തലത്തിൽ ഇടപെടാൻ ശേഷിയുള്ള ഒരു കേന്ദ്ര അന്വേഷണ ഏജൻസിക്ക് ഈ കേസ് കൈമാറണമെന്ന് ആവശ്യപ്പെടുന്നത്," അദ്ദേഹം പറഞ്ഞു.
റിക്രൂട്ട്മെൻ്റ് മാഫിയക്കെതിരെയും അന്വേഷണം വേണം
കേരളത്തിൽ നിന്നുള്ള ചില ഏജൻ്റുമാരുടെ ഇടപെടലുകളിലൂടെയാണ് ഈ പ്രത്യേക മെഡിക്കൽ കോളജിലേക്ക് മലയാളികൾ ഉൾപ്പെടെയുള്ള നിരവധിയായ വിദ്യാർഥികളെ എത്തിച്ചിട്ടുള്ളത്. വിദ്യാർഥികളെ വിദേശത്തേക്ക് കൊണ്ടുപോയതിന് പിന്നിൽ എന്തെങ്കിലും തരത്തിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകളോ ലോബികളോ പ്രവർത്തിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും ശക്തമായ അന്വേഷണം വേണം. കൊലപാതകത്തിന് പിന്നിൽ മറ്റേതെങ്കിലും തരത്തിലുള്ള സംഘടിത സ്വാധീനങ്ങളോ വലിയ ഗൂഢാലോചനകളോ ഒളിഞ്ഞിരിപ്പുണ്ടോ എന്നത് നിഷ്പക്ഷമായി പുറത്തുകൊണ്ടുവരേണ്ടതുണ്ട്.
സാവരിയയുടെ വീട് സന്ദർശിച്ച വെള്ളാപ്പള്ളി നടേശനോടൊപ്പം കാർത്തികപ്പള്ളി യൂണിയൻ പ്രസിഡൻ്റ് കെ അശോക പണിക്കർ, സെക്രട്ടറി അഡ്വക്കേറ്റ് രാജേഷ് ചന്ദ്രൻ, കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി ഇ സോമരാജൻ, പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് സിനിൽ മുണ്ടപ്പള്ളി, പൂയപ്പള്ളി മുരളി, പി മുരളി, പ്രേമൻ എന്നിവരും വിവിധ ശാഖാ ഭാരവാഹികളും പങ്കെടുത്തു.