"താൻ എല്ലാവരുടെയും മുഖ്യമന്ത്രി": ആനുകാലിക വിഷയങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ

"താൻ എല്ലാവരുടെയും മുഖ്യമന്ത്രി": ആനുകാലിക വിഷയങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ എ.ഡി.ജി.പി ശ്രമിച്ച സംഭവത്തിൽ  നടപടി വൈകുന്നതിൽ സാങ്കേതിക വാദങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. കേസിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകിയിട്ടും എ.ഡി.ജി.പിക്കെതിരെ നടപടിയുണ്ടാകാത്തതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് "നടപടികൾ പൂർത്തിയാകുമ്പോൾ മാധ്യമങ്ങൾ അറിഞ്ഞാൽ മതി" എന്ന് അദ്ധേഹം പ്രതികരിച്ചു.

എസ്.ഐ.ടി സമർപ്പിച്ച റിപ്പോർട്ട് നിലവിൽ സംസ്ഥാന പോലീസ് മേധാവിയുടെ പരിഗണനയിലാണെന്നാണ് മുഖ്യമന്ത്രി നൽകിയ വിശദീകരണം. ആഭ്യന്തരമന്ത്രിക്കോ മുഖ്യമന്ത്രിക്കോ റിപ്പോർട്ട് ഇതുവരെ ഔദ്യോഗികമായി ലഭിച്ചിട്ടില്ല. കയ്യിൽ കിട്ടാത്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തങ്ങൾക്കും ആഭ്യന്തരവകുപ്പിനും നടപടിയെടുക്കാൻ കഴിയില്ലെന്നും സതീശൻ ന്യായീകരിച്ചു.

കേസിൽ പല കാരണങ്ങൾ കൊണ്ടും പലർക്കും പലതരത്തിലുള്ള ധൃതിയും ഉണ്ടാകാമെന്നും എന്നാൽ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചേ മുന്നോട്ടുപോകാൻ കഴിയൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നടപടിയെടുക്കേണ്ടത് മാധ്യമങ്ങളല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് അതിവേഗ റെയിൽ പദ്ധതി നിലവിലുള്ള രൂപത്തിൽ ഏറ്റെടുക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. റിപ്പോർട്ട് പൂർണ്ണമല്ലെന്നാണ് വിദഗ്ധ സമിതി അറിയിച്ചിരിക്കുന്നത്. സാമ്പത്തിക സാധ്യതകളെക്കുറിച്ചോ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ചോ പഠനം നടത്താത്തതിനാൽ പ്രാരംഭ ഘട്ടത്തിൽ ഭൂതല നിർമ്മാണങ്ങളിലേക്ക് കടക്കരുതെന്ന് സമിതി ശുപാർശ ചെയ്തതായും മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. ചരക്ക് ഗതാഗത സാധ്യതയും ബദൽ മാർഗ്ഗങ്ങളും പഠിച്ച ശേഷമേ വിശദമായ പദ്ധതി രേഖ തയ്യാറാക്കൂ.

ഭരണനിർവഹണം വേഗത്തിലാക്കാൻ ‘ഡാറ്റാ ഡ്രൈവൻ’ ഭരണത്തിലേക്കും പ്രോജക്ട് മാപ്പിങ് സംവിധാനത്തിലേക്കും സർക്കാർ മാറും. 2027-ലെ പത്മ പുരസ്കാരങ്ങൾക്കുള്ള നാമനിർദ്ദേശം കേന്ദ്രത്തിന് സമർപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. വിവാദങ്ങൾക്കിടയാക്കിയ സർക്കാർ പ്ലീഡർമാരുടെ നിയമനം ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് നൽകിയ ശുപാർശയുടെയും പശ്ചാത്തല പരിശോധനയുടെയും അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.അതേസമയം, ഹിന്ദു ഐക്യവേദി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയെ മുഖ്യമന്ത്രി സതീശൻ ന്യായീകരിച്ചു. നിവേദനം നൽകാൻ അനുമതി ചോദിച്ചതിനാലാണ് അവരെ കണ്ടതെന്നും താൻ എല്ലാവരുടെയും മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ ചെയ്തതുപോലെ ഒളിച്ചല്ല ഞാൻ ചെയ്തത്. മറ്റൊരു കാറിൽ മാസ്കറ്റ് ഹോട്ടലിൽ പോയി രഹസ്യമായല്ല അവരെ കണ്ടത് എന്ന് വിമർശനങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി തുറന്നടിച്ചു. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയില്ലെന്ന വാർത്തകൾ തള്ളിയ മുഖ്യമന്ത്രി, ബജറ്റ് സമയത്ത് അദ്ദേഹം വിളിച്ചിരുന്നുവെന്നും തിരിച്ചുവിളിച്ച് സംസാരിച്ചിരുന്നുവെന്നും വ്യക്തമാക്കി.