'നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ല, ചെവിയിൽ വെറുതെ പിടിച്ചതാണ്" : കെ ടി ജലീല്‍
മലപ്പുറം: മണ്ണാര്‍ക്കാട് പത്താംക്ലാസിലും പന്ത്രണ്ടാം ക്ലാസിലും മികച്ച മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത ഏതെങ്കിലും ഒരു കുട്ടിയോ മാതാപിതാക്കളോ തങ്ങളെ അപമാനിച്ചെന്ന് പറയുകയാണെങ്കില്‍ നൂറ് വട്ടം ക്ഷമ ചോദിക്കാന്‍ താന്‍ തയ്യാറാണെന്ന് മുന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍. അക്ഷരം അറിയില്ല എന്ന് താന്‍ പറഞ്ഞിട്ടില്ല. അത് ചിലര്‍ വ്യാഖ്യാനിച്ചതാണ്. അവര്‍ കറക്ട് ആയിട്ടാണ് അഡ്രസ് എഴുതിയത്. ഒരു കുട്ടി ചെറിയ അക്ഷരത്തെറ്റ് വരുത്തിയപ്പോള്‍ ആ കുട്ടിക്ക് പറഞ്ഞു മനസിലാക്കി കൊടുത്തു. പൊതുവിദ്യഭ്യാസം മോശമാണെന്നും പൊതുവിദ്യാഭ്യാസത്തെ താറടിക്കാനുമാണ് ചിലര്‍ ശ്രമിച്ചത്. മികച്ച വിദ്യാഭ്യാസം ലഭിക്കാന്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികളെ പറഞ്ഞുവിടാനാണ് താന്‍ എപ്പോഴും പറയാറെന്നും കെ ടി ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ സദസിനെയും കൂടി പരിപാടിയുടെ ഭാഗമാക്കാന്‍ വിദ്യാര്‍ഥികളുമായി താന്‍ സംവദിക്കാറുണ്ട്. അത് കഴിഞ്ഞപ്രാവശ്യം ആദ്യമായിട്ടല്ല നടന്നത്. എംഎല്‍എയായിരുന്നപ്പോഴും മന്ത്രിയായിരുന്നപ്പോഴും വിദ്യാര്‍ഥികളുമായി സംവദിക്കുന്ന രീതി തനിക്ക് ഉണ്ട്. അടിസ്ഥാനപരമായി താന്‍ ഒരു അധ്യാപകന്‍ ആണ്. മണ്ണാര്‍ക്കാട് നടന്ന പരിപാടിയിലും വിദ്യാര്‍ഥികളുമായി സംവദിച്ചു. എന്നാല്‍ കുട്ടികളില്‍ പൊതുവായന കുറവാണ്. പല സ്ഥലങ്ങളില്‍ നിന്നും അത് തനിക്ക് മനസിലായിയെന്നും കെ ടി ജലീല്‍ പറഞ്ഞു.'കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനിടെ ഒരു നോവലെങ്കിലും വായിച്ച കുട്ടികളോട് കൈ പൊക്കാന്‍ പറഞ്ഞു. അതില്‍ ഒരു കുട്ടിയാണ് കൈ പൊക്കിയത്. പാത്തുമ്മയുടെ ആടാണ് വായിച്ചത് എന്ന് കുട്ടി പറഞ്ഞു. അപ്പോള്‍ ഞാന്‍ ചോദിച്ചു പാത്തുമ്മ ആരാണ് എന്ന്. പാത്തുമ്മ എന്ന കഥാപാത്രം ആരാണ് എന്ന്. ബഷീറിന്റെ സഹോദരിയാണ് പാത്തുമ്മ എന്ന് കുട്ടി മറുപടി പറഞ്ഞു. പിന്നെ ഞാന്‍ ചോദിച്ചു മലയാള ചെറുകഥ വായിച്ചിട്ടുണ്ടോ?ഒരാളും വായിച്ചിട്ടില്ല. സിലബസില്‍ അല്ലാത്ത ഒരു മലയാള കവിത വായിച്ചിട്ടുണ്ടോ എന്നും ചോദിച്ചു. അതിലും അനുകൂലമായ മറുപടിയല്ല ലഭിച്ചത്. കുട്ടികള്‍ പാഠപുസ്തകങ്ങള്‍ വായിക്കുകയും പരീക്ഷാ കേന്ദ്രീകൃതമായി പഠിക്കുകയും മാര്‍ക്ക് വാങ്ങുകയുമൊക്കെ ചെയ്യുന്നുണ്ട്. എന്നാല്‍ പൊതുവായന കുറഞ്ഞുവരുന്നു. അതൊരു സാമൂഹിക പ്രശ്‌നമാണ്. കുട്ടികള്‍ക്ക് സാമൂഹിക അവബോധം ഉണ്ടാവണമെങ്കില്‍ പൊതുവായന ഉണ്ടാവണം. പൊതുവായന ഉണ്ടായാല്‍ മാത്രമേ ജീവിതത്തെ കുറിച്ച് അവബോധം ഉണ്ടാവൂ. പിന്നീട് അറബി പ്രധാന ഭാഷയായി എടുത്ത ഒരു കുട്ടിയോട് ചോദിച്ചു. അറബിയില്‍ ഉള്ളതും മലയാളത്തില്‍ ഇല്ലാത്തതുമായ ഒരു അക്ഷരം പറയാന്‍ പറ്റുമോ എന്ന് ചോദിച്ചു. സ എന്ന അക്ഷരം പറഞ്ഞു. സ എന്ന അക്ഷരത്തില്‍ ഒരു വാക്ക് പറയാന്‍ പറ്റുമോ എന്ന് ചോദിച്ചു. സംസം എന്ന് മറുപടി പറഞ്ഞു. സംസം എന്ന വാക്കിന്റെ അര്‍ഥം അറിയുമോ എന്ന് ചോദിച്ചു. ആ കുട്ടി അറിയില്ല എന്ന് പറഞ്ഞു. നില്‍ക്കു നില്‍ക്കു എന്നാണ് ആ വാക്കിന്റെ അര്‍ഥം എന്ന് പറഞ്ഞു. കുട്ടികളുമായും രക്ഷിതാക്കളുമായും സംവദിക്കുകയായിരുന്നു. പ്രസംഗമായിരുന്നില്ല. അവരോട് ഒരു അധ്യാപകന്‍ എങ്ങനെയാണ് സംസാരിക്കുക അങ്ങനെയാണ് സംസാരിച്ചത്'- കെ ടി ജലീല്‍ തുടര്‍ന്നു.
'ഹിന്ദിയില്‍ എ പ്ലസ് കിട്ടിയ കുട്ടികളോട് ഹിന്ദിയില്‍ അഡ്രസ് എഴുതാന്‍ പറ്റുമോ എന്ന് ചോദിച്ചു. അച്ഛന്റെ പേര് എഴുതാന്‍ പറ്റുമോ, അമ്മയുടെ പേര് എഴുതാന്‍ പറ്റുമോ എന്നെല്ലാം ചോദിച്ചു. ആരും മിണ്ടുന്നില്ല. ഹിന്ദിയില്‍ ഒരു വാക്ക് എഴുതാന്‍ അറിയില്ലേ എന്ന് ചോദിച്ചു. അപ്പോള്‍ എല്ലാവരും പറഞ്ഞു. എഴുതാന്‍ അറിയാം എന്ന് പറഞ്ഞു. അന്നാല്‍ വരൂ എഴുതൂ എന്ന് പറഞ്ഞു. മൂന്നോ നാലോ കുട്ടികള്‍ വന്നു എഴുതി. അവര്‍ എഴുതിയത് എല്ലാം ശരിയായിരുന്നു. ഒരു കുട്ടി മാത്രമാണ് മ എന്ന് എഴുതുന്നതിന് പകരം ല എന്ന് എഴുതിയത്. അത് അപ്പോള്‍ തന്നെ തിരുത്തി കൊടുത്തു. അവന്റെ ചെവിക്ക് സാധാരണ തമാശയ്‌ക്കൊക്കെ പിടിക്കുന്നത് പോലെ , അവനും ചിരിക്കുകയാണ്. നിങ്ങള്‍ക്ക് അവന്റെ മുഖം ശ്രദ്ധിച്ചാല്‍ അറിയാം. നുള്ളുകയോ വേദനിപ്പിക്കുയോ ഒന്നും ചെയ്തതല്ല. അങ്ങനെ ആ കുട്ടിക്കും ഫീല്‍ ചെയ്തിട്ടില്ല. അങ്ങനെ അവര്‍ക്ക് തോന്നിയിട്ടില്ല. ആ കുട്ടികള്‍ തന്നെ വന്നുപറഞ്ഞു. ഞങ്ങള്‍ക്ക് പരാതിയൊന്നുമില്ല. അപമാനിച്ചതായിട്ട് തോന്നിയിട്ടുമില്ല. നമ്മുടെ സ്‌കൂളില്‍ ക്ലാസില്‍ നമ്മുടെ അധ്യാപകന്‍ എങ്ങനെയാണ് സംസാരിക്കുന്നത്, പറയുന്നത് അതുപോലെ കറക്ട് ചെയ്യുകയാണ് ചെയ്തത്. വിപുലമായ പൊതുവേദിയായിരുന്നില്ല അത്. ഇതിനെയാണ് തെറ്റായി വ്യാഖ്യാനിച്ച് വിമര്‍ശന വിധേയമാക്കിയത്.'- കെ ടി ജലീല്‍ വ്യക്തമാക്കി.