ഷെയ്‌ഖ് ഹസീനയെ കൈമാറില്ലെന്ന സൂചനയുമായി ഇന്ത്യ

ഷെയ്‌ഖ് ഹസീനയെ കൈമാറില്ലെന്ന സൂചനയുമായി ഇന്ത്യ

ന്യുഡൽഹി: വധശിക്ഷ വിധിക്ക് പിന്നാലെ ഷെയ്‌ഖ് ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാലത് ഉണ്ടാകില്ലെന്ന സൂചനയാണ് പ്രസ്‌താവനയില്‍ നിന്നും ലഭിക്കുന്നത്. രാഷ്‌ട്രീയ കാരണങ്ങളാലുള്ള കേസിന് കുറ്റവാളികളെ കൈമാറാനുള്ള ഉടമ്പടി ബാധകമല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൂചന.ബംഗ്ലാദേശ് കുറ്റകൃത്യ ട്രിബ്യൂണലാണ് ഷെയ്‌ഖ് ഹസീനയ്‌ക്ക് വധശിക്ഷ വിധിച്ചത്. സര്‍ക്കാര്‍ വിരുദ്ധ കലാപം അടിച്ചമര്‍ത്താന്‍ ഷെയ്‌ഖ് ഹസീന നടത്തിയത് വംശഹത്യായാണെന്നും അത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്നുമാണ് കോടതി വിധി. ഷെയ്‌ഖ് ഹസീനയ്‌ക്ക് പുറമെ മുന്‍ ആഭ്യന്തര മന്ത്രി അസദുസ്‌മാന്‍ ഖാന്‍ കമാലിനും വധശിക്ഷ വിധിച്ചിട്ടുണ്ട്.ബംഗ്ലാദേശിലെ പ്രക്ഷോഭങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പിന്നാലെ ഷെയ്‌ഖ് ഹസീന ഇപ്പോള്‍ ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ്. അതേസമയം അവര്‍ എവിടെയാണെങ്കിലും കോടതി വിധി നടപ്പാക്കുമെന്നാണ് ഭരണകൂടം പറയുന്നത്. നേരത്തെ മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ കരാര്‍ പാലിക്കണമെന്നും ഇന്ത്യയോട് ബംഗ്ലാദേശ് പറഞ്ഞിരുന്നു. എന്നാല്‍ ഇതിലൊന്നും ഇന്ത്യ പ്രതികരിച്ചിരുന്നില്ല.