അണ്ടര്‍ 19 ഏഷ്യാ കപ്പ്: പാകിസ്ഥാനെ തകർത്ത് ഇന്ത്യ: ആരോൺ ജോർജ്ജ് ടോപ് സ്‌കോറര്‍

അണ്ടര്‍ 19 ഏഷ്യാ കപ്പ്: പാകിസ്ഥാനെ തകർത്ത്  ഇന്ത്യ: ആരോൺ ജോർജ്ജ് ടോപ് സ്‌കോറര്‍

ദുബായ്‌: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് 90 റണ്‍സ് ജയം. ദുബായിലെ ഐസിസി അക്കാദമിയിൽ നടന്ന മത്സരത്തിലാണ് ഇന്ത്യ മിന്നും ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 46.1 ഓവറിൽ 240 റൺസ് നേടി. മറുപടി ബാറ്റേന്തിയ പാകിസ്ഥാൻ 41.2 ഓവറിൽ 150 റൺസിന് ഓൾ ഔട്ടായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ദീപേഷ് ദേവേന്ദ്രന്‍, കനിഷ് ചൗഹാന്‍ എന്നിവരാണ് പാക് ബാറ്റിങ്‌ നിരയെ ഇല്ലാതാക്കിയത്. 70 റണ്‍സ് നേടിയ ഹുസൈസ് അഹ്‌സാനൊഴികെ മറ്റാര്‍ക്കും പാകിസ്ഥാനു വേണ്ടി തിളങ്ങാന്‍ സാധിച്ചില്ല.മത്സരത്തിൽ, ടോസ് നേടിയ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആയുഷ് മാത്രയും വൈഭവ് സൂര്യവംശിയും ഇന്ത്യയ്ക്കായി ഇന്നിംഗ്‌സ് തുറന്നു. എന്നാല്‍ നാലാം ഓവറില്‍ തന്നെ വൈഭവ് 5 റൺസിന് പുറത്തായി. മുഹമ്മദ് സയ്യാമിന്‍റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കുകയായിരുന്നു താരം. ആയുഷ് 25 പന്തിൽ നിന്ന് 38 റൺസ് നേടി. 4 ഫോറുകളും 3 സിക്സറുകളും താരത്തിന്‍റെ സമ്പാദ്യം. മലയാളി താരം ആരോൺ ജോർജ്ജ് 88 പന്തിൽ 12 ഫോറുകളും 1 സിക്സറും സഹിതം 85 റൺസ് നേടി. ആരോണാണ് ഇന്ത്യയുടെ ടോപ് സ്കോറർ.കനിഷ്‌ക് ചൗഹാൻ 2 ഫോറുകളും 3 സിക്സറുകളും സഹിതം 46 റൺസ് നേടി. മല്‍ഹോത്ര (12), വേദാന്ത് ത്രിവേദി (7) ഖിലന്‍ പട്ടേല്‍ (6), ഹെനില്‍ പട്ടേല്‍ (12), ദീപേഷ് ദേവേന്ദ്രന്‍ (1) എന്നിവര്‍ക്ക് തിളങ്ങാനായില്ല. കിഷന്‍ കുമാര്‍ സിംഗ് (0) പുറത്താവാതെ നിന്നു. മുഹമ്മദ് സയ്യാമും അബ്ദുൾ സുഭാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ലക്ഷ്യം പിന്തുടരുന്നതിനിടെ പാകിസ്ഥാൻ ടീം തുടക്കം മുതൽ തന്നെ പതറിയിരുന്നു. 30 റൺസിന് നാല് വിക്കറ്റുകളും 77 റൺസിന് ആറ് വിക്കറ്റുകളും നഷ്ടപ്പെട്ടു. പാകിസ്ഥാന് വേണ്ടി ഹുസൈഫ അഹ്സാനാണ് ടോപ് സ്കോറർ. 83 പന്തിൽ ഒമ്പത് ഫോറുകളും രണ്ട് സിക്സറുകളും ഉൾപ്പെടെ 70 റൺസാണ് താരം നേടിയത്. മറ്റ് ആർക്കും 23 റൺസ് മറികടക്കാൻ പോലും കഴിഞ്ഞില്ല. ഇന്ത്യയ്ക്കായി ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.

ഇന്ത്യ: ആയുഷ് മാത്രെ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവന്‍ഷി, ആരോണ്‍ ജോര്‍ജ്, വിഹാന്‍ മല്‍ഹോത്ര, വേദാന്ത് ത്രിവേദി, അഭിഗ്യാന്‍ കുണ്ടു (വിക്കറ്റ് കീപ്പര്‍), കനിഷ്‌ക് ചൗഹാന്‍, ഖിലന്‍ പട്ടേല്‍, ദീപേഷ് ദേവേന്ദ്രന്‍, കിഷന്‍ കുമാര്‍ സിംഗ്, ഹെനില്‍ പട്ടേല്‍.