മുൻകൂർ അനുമതിയില്ലാതെ പ്രത്യേക ട്രെയിനുകൾ പാടില്ലെന്ന് ഇന്ത്യൻ റെയിൽവേ ബോർഡ്

ലഖ്‌നൗ: മുൻകൂർ അനുമതിയില്ലാതെ പ്രത്യേക ട്രെയിനുകൾ സർവിസ് നടത്താൻ പാടില്ലെന്ന് ഇന്ത്യൻ റെയിൽവേ ബോർഡ് (ഐആർബി). ഇന്ത്യൻ റെയിൽവേ ബോർഡിൻ്റെ മുൻകൂർ അനുമതിയില്ലാതെ ട്രെയിൻ ഓൺ ഡിമാൻഡ് (ടിഒഡി)ന് കീഴിൽ ഒരു പ്രത്യേക ട്രെയിനും ഒരു റൂട്ടിലേയ്‌ക്കും ഇനി സർവിസ് നടത്തരുതെന്ന് അറിയിച്ചു.
ഔദ്യോഗിക ഉത്തരവ് പ്രകാരം ഇന്ത്യൻ റെയിൽവേയുടെ അനുമതിയില്ലാതെ ട്രെയിനുകൾ സർവിസ് നടത്തുന്നത് ഐആർബി നിരോധിച്ചു. പല സ്ഥലങ്ങളിലും അനുമതിയില്ലാതെ നിരവധി പ്രത്യേക ട്രെയിനുകൾ സർവിസ് നടത്തിയതായും ഇത് സ്‌റ്റേഷനുകളിൽ കാലതാമസവും യാത്രക്കാർക്ക് അസൗകര്യത്തിനും കാരണമായതായും റെയിൽവേ ബോർഡിൻ്റെ കോച്ചിംഗ്-1 എക്‌സിക്യൂട്ടീവ് ഡയറക്‌ടർ നീരജ് കുമാർ മൗരിയ പറഞ്ഞു."ഈ കാരണങ്ങളാൽ എല്ലാ സോണൽ റെയിൽവേകൾക്കും നിയമങ്ങൾ കർശനമായി പാലിക്കാനും പ്രവർത്തനങ്ങൾക്ക് മുൻപ് അനുമതി തേടാനും നിർദേശം നൽകിയിട്ടുണ്ട്", എന്ന് നീരജ് കുമാർ പറഞ്ഞു. ടിഒഡികൾ സർവിസ് നടത്തുന്നതിന് മുൻപ് മാർഗനിർദേശങ്ങൾ പാലിക്കുക. ടിഒഡി ട്രെയിൻ സർവീസ് നടത്തുന്നതിന് മുൻപ് പുറപ്പെടുന്ന റൂട്ടിൽ നിന്നും അവസാനിക്കുന്ന റെയിൽവേകളിൽ നിന്നുമുള്ള അനുമതി നിർബന്ധമാണെന്ന് റെയിൽവേ അറിയിച്ചു.
പ്രത്യേക ട്രെയിനുകൾ അനുവദിക്കുന്നതിന് ഉത്സവങ്ങൾ, പരീക്ഷകൾ, അവധി ദിവസങ്ങളിൽ യാത്രക്കാരുടെ തിരക്ക് എന്നിവ മുൻകൂട്ടി വിലയിരുത്തും. COIS പ്ലാറ്റ്‌ഫോമിൽ ടിഒഡിയുമായി ബന്ധപ്പെട്ട നിർദേശങ്ങൾക്ക് ഉടനടി മറുപടി നൽകേണ്ടതും നിർബന്ധമായിരിക്കും എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
“ഇൻ്റർലോക്ക് ചെയ്യാത്തതോ മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതോ ആയ റൂട്ടുകളിൽ സാധാരണയായി ട്രെയിൻ ഓൺ ഡിമാൻഡ് സർവിസുകൾ നടത്തില്ല. അടിയന്തര സാഹചര്യങ്ങളിൽ, യാത്രക്കാരുടെ തിരക്കിൽ പെട്ടെന്ന് വർധനവ് ഉണ്ടായാൽ, ടെലിഫോൺ വഴി അനുമതി നേടിയ ശേഷം റിസർവ് ചെയ്യാത്ത ട്രെയിനുകൾ മാത്രമേ ഓടിക്കാൻ കഴിയൂ. നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ഇല്ലാതെ ഒരു സാഹചര്യത്തിലും റിസർവ് ചെയ്‌ത ട്രെയിനുകൾ ഓടില്ല,” എന്നും റെയിൽവെ വ്യക്തമാക്കി.
ട്രെയിൻ ഓൺ ഡിമാൻഡ് സർവിസുകൾക്കായി പുതിയതും ലളിതവുമായ ഒരു സംവിധാനം നടപ്പിലാക്കാനും റെയിൽവേ തീരുമാനിച്ചു. മുൻപ് വ്യത്യസ്‌ത പേരുകളിൽ പ്രത്യേക ട്രെയിനുകൾ സർവിസ് നടത്തിയിരുന്നു. ഇത് റെക്കോർഡ് സൂക്ഷിക്കലിലും മാനേജ്‌മെൻ്റിലും ബുദ്ധിമുട്ടുകൾ സൃഷ്‌ടിച്ചു.
"ഇപ്പോൾ നിലവിലുള്ള എല്ലാ ട്രെയിൻ ഓൺ ഡിമാൻഡ് അംഗീകാരങ്ങളും 2026 ഫെബ്രുവരി 28 ന് ശേഷം കാലാവധി അവസാനിക്കും. 2026 മാർച്ച് ഒന്നിന് ശേഷം സോണൽ റെയിൽവേകൾ പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ പുതിയ അനുമതി നേടേണ്ടതുണ്ട്. ഇതിനായി അപേക്ഷകൾ ഏഴ് ദിവസത്തിനകം സമർപ്പിക്കണം", എന്നും ഉത്തരവിൽ പറയുന്നു.
ഉടൻ വരുന്ന മറ്റ് സർവിസുകൾ
2026 മാർച്ചിൽ ഹോളി സ്പെഷ്യൽ ട്രെയിനുകൾ സർവിസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. ഏപ്രിൽ 15 മുതൽ ജൂലൈ 15 വരെ വേനൽക്കാല സ്പെഷ്യൽ ട്രെയിനുകൾ, ഒക്‌ടോബർ-നവംബർ മാസങ്ങളിൽ പൂജ സ്പെഷ്യൽ ട്രെയിനുകൾ, ഡിസംബർ 15 മുതൽ ജനുവരി 10 വരെ ശീതകാല സ്പെഷ്യൽ ട്രെയിനുകൾ, യാത്രക്കാരുടെ തിരക്ക് കൂടുതലുള്ള മറ്റ് സമയങ്ങളിൽ എക്‌സ്ട്രാ റഷ് ട്രെയിനുകൾ എന്നിങ്ങനെയും സർവിസുകൾ ഉണ്ടാകുന്നതാണെന്നും അറിയിച്ചിട്ടുണ്ട്.