ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് ‘വിക്രം-1’ വിജയകരമായി വിക്ഷേപിച്ചു

ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് ‘വിക്രം-1’ വിജയകരമായി വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ മേഖലയിൽ പുതിയൊരു ചരിത്രം കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യത്തെ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’ (Vikram-1) വിജയകരമായി വിക്ഷേപിച്ചു.

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പേസ് സ്റ്റാർട്ടപ്പായ ‘സ്കൈറൂട്ട് എയറോസ്പേസ്’ വികസിപ്പിച്ച റോക്കറ്റ്, ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് കുതിച്ചുയർന്നത്.‘മിഷൻ ആഗമൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചരിത്ര ദൗത്യത്തിലൂടെ വലിയൊരു നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. ഈ വിജയകരമായ വിക്ഷേപണത്തോടെ, സ്വന്തമായി ഒരു ഓർബിറ്റൽ റോക്കറ്റ് വിക്ഷേപിക്കാൻ ശേഷിയുള്ള സ്വകാര്യ കമ്പനിയുള്ള ലോകത്തിലെ മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. അമേരിക്കയ്ക്കും ചൈനയ്ക്കും ശേഷം ഈ അപൂർവ്വ നേട്ടം കൈവരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായ വിക്രം സാരാഭായിയുടെ ഓർമ്മക്കായാണ് റോക്കറ്റിന് ‘വിക്രം-1’ എന്ന് പേരിട്ടിരിക്കുന്നത്.

ഏഴുനില കെട്ടിടത്തിന്റെ ഉയരമുള്ള ഈ മൾട്ടി-സ്റ്റേജ് റോക്കറ്റ് ഭൂമിയിൽ നിന്ന് 450 കിലോമീറ്റർ അകലെയുള്ള ലൗ എർത്ത് ഓർബിറ്റിലേക്കാണ് (Low Earth Orbit) വിക്ഷേപിച്ചത്. മുൻകൂട്ടി നിശ്ചയിച്ച പാതയിലൂടെ കൃത്യമായി സഞ്ചരിച്ച് ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ റോക്കറ്റിന് സാധിച്ചു. രാജ്യത്തെ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് വൻ ഊർജ്ജം പകരുന്ന ഈ ദൗത്യം, ആഗോള ഉപഗ്രഹ വിക്ഷേപണ വിപണിയിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നതാ

7നില കെട്ടിടത്തിന്‍റെ ഉയരമുള്ള റോക്കറ്റ്

350 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് കൊണ്ടുപോകുന്നതിനാണ് വിക്രം-1 റോക്കറ്റ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഏഴ് നില കെട്ടിടത്തിന്‍റെ ഉയരമുള്ള മൾട്ടി-സ്റ്റേജ് ഓർബിറ്റൽ ലോഞ്ച് വെഹിക്കിളാണ് വിക്രം-1. 22 മീറ്റർ ഉയരമുള്ള വിക്രം-1 റോക്കറ്റ് പൂർണ്ണമായും സ്കൈറൂട്ട് എയറോസ്പേസ് ആണ് രൂപകൽപന ചെയ്‌ത്‌ വികസിപ്പിച്ചത്.പൂർണ്ണമായും കാർബൺ സംയുക്ത ഘടനയോടെ നിർമ്മിച്ചതും 3D-പ്രിന്‍റഡ് എഞ്ചിനുകളും ഉയർന്ന-ത്രസ്റ്റ് സോളിഡ്-ഫ്യുവൽ റോക്കറ്റ് ബൂസ്റ്ററുകളും ഉൾപ്പെടെ സ്വന്തമായി വികസിപ്പിച്ച പ്രൊപ്പൽഷൻ സിസ്റ്റങ്ങളാൽ പ്രവർത്തിക്കുന്നതുമാണ് ഇത്. കന്നി ദൗത്യം 60 ഡിഗ്രി പരിക്രമണ ചരിവുള്ള 450 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തെ ലക്ഷ്യം വയ്ക്കുന്നു..

'മിഷൻ ആഗമൻ' എന്ന് പേരിട്ട ദൗത്യം ഇന്ത്യൻ സ്വകാര്യ മേഖലയുടെ ബഹിരാകാശത്തേക്കുള്ള ഔദ്യോഗിക കടന്നുവരവാണ് അടയാളപ്പെടുത്തുന്നത്. 15 മിനിറ്റും 46 സെക്കൻഡും നീളുന്നതാണ് വിക്ഷേപണ ദൗത്യം. ഖര ഇന്ധനം ഉപയോഗിക്കുന്ന മൂന്ന് ഘട്ടങ്ങളും, കൃത്യമായി ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാൻ സഹായിക്കുന്ന ഓർബിറ്റൽ ഓഗ്‌മെൻ്റേഷൻ മൊഡ്യൂൾ ഉൾപ്പെടുന്ന അവസാന ഘട്ടവുമാണ് റോക്കറ്റിനുള്ളത്.ഗ്രഹാ സ്പേസ്, കോസ്മോസെർവ്, ഡിക്യൂബ്ഡ്, സ്കൈറൂട്ടിൻ്റെ സ്വന്തം സ്കോപ്പ് (SCOPE) എന്നിവയുടെ സാങ്കേതികവിദ്യാ പരീക്ഷണ പേലോഡുകളാണ് വിക്രം-1 ബഹിരാകാശത്ത് എത്തിക്കുക. ഇതിന് പുറമെ കോസ്മോസ് ഡയമണ്ട്സിൻ്റെ 'കോസ്മിക് ബ്ലൂം' എന്ന കലാസൃഷ്ടിയും ഒരു മൈക്രോ ആർട്ട് പീസും റോക്കറ്റിലുണ്ട്.

സ്വകാര്യ പങ്കാളിത്തം ഉറപ്പിച്ച് ഇന്ത്യ

മിഷൻ ആഗമൻ ദൗത്യത്തിന്‍റെ വിജയകരമായ വിക്ഷേപണത്തിലൂടെ ആഗോള വാണിജ്യ ഉപഗ്രഹ വിക്ഷേപണ വിപണിയിലേക്ക് പ്രവേശിച്ച് ഇന്ത്യൻ ബഹിരാകാശ മേഖലയിൽ പുതിയ അധ്യായം കുറിക്കുകയാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്കൈറൂട്ട് എയ്‌റോസ്‌പേസ്. 2022 നവംബർ 18ന് വിക്രം-എസ് റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചതിന് ശേഷമുള്ള സ്കൈറൂട്ടിൻ്റെ രണ്ടാമത്തെ ദൗത്യമാണിത്. ലോകത്ത് വളരെ കുറച്ചു കമ്പനികൾക്ക് മാത്രമേ ഭ്രമണപഥത്തിലേക്ക് റോക്കറ്റ് വിക്ഷേപിക്കാൻ കഴിഞ്ഞിട്ടുള്ളൂ. സ്പേസ് എക്സ്, ബ്ലൂ ഒറിജിൻ, റോക്കറ്റ് ലാബ് തുടങ്ങിയ ആഗോള കമ്പനികളുടെ പട്ടികയിലേക്കാണ് സ്കൈറൂട്ട് പ്രവേശിച്ചിരിക്കുന്നത്.2018ലാണ് സ്കൈറൂട്ട് എയ്‌റോസ്‌പേസ് സ്ഥാപിതമായത്. പിന്നിട്ട വർഷങ്ങളിൽ 100 ദശലക്ഷം ഡോളർ സമാഹരിക്കാനും 1.1 ബില്യൺ ഡോളർ മൂല്യമുള്ള സ്ഥാപനമായി വളരാനും കമ്പനിക്ക് സാധിച്ചു. ഭാവിയിൽ വലിയ റോക്കറ്റുകളും പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനങ്ങളും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യങ്ങളും സ്കൈറൂട്ട് ലക്ഷ്യമിടുന്നുണ്ട്.