നെതന്യാഹുവിന് ഇത് അഗ്നിപരീക്ഷ! പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഇസ്രായേൽ

ജെറുസലേം: കടുത്ത സൈനിക സംഘർഷങ്ങൾക്കും,യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് . തിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ നേതൃത്വത്തിലുള്ള സഖ്യസർക്കാർ നാല് വർഷത്തെ നിയമപരമായ കാലാവധി പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് ഭരണകക്ഷിയായ ലിക്കുഡ് പാർട്ടിയിലെ പ്രമുഖ അംഗവും ഹൗസ് കമ്മിറ്റി ചെയർമാനുമായ ഓഫിർ കാറ്റ്‌സ് തിരഞ്ഞെടുപ്പ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇസ്രായേൽ പാർലമെന്റായ നെസെറ്റിന്റെ ഔദ്യോഗിക കാലാവധി ജൂലൈ 17-ന് അവസാനിക്കും. ഇതോടെ കഴിഞ്ഞ 50 വർഷത്തിനിടയിൽ കാലാവധി തികയ്ക്കുന്ന ആദ്യ ഇസ്രായേലി സർക്കാരായും, 1988-ന് ശേഷം കൃത്യമായ സമയക്രമമനുസരിച്ച് ജനവിധി തേടുന്ന ആദ്യ ഭരണകൂടമായും നെതന്യാഹു സർക്കാരും ഈ 25-ാം നെസെറ്റും മാറും. സെപ്റ്റംബർ 7-ഓടെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ സ്ഥാനാർത്ഥി പട്ടിക സമർപ്പിക്കേണ്ടതുണ്ട്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്ത് പുറത്തുവന്ന പുതിയ അഭിപ്രായ സർവേകൾ പ്രകാരം ഇത്തവണ കടുത്ത പോരാട്ടത്തിനാണ് ഇസ്രായേൽ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ചാനൽ 12 ന്യൂസ് പുറത്തുവിട്ട ഏറ്റവും പുതിയ സർവേ പ്രകാരം നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയും മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള യാഷർ പാർട്ടിയും 23 സീറ്റുകൾ വീതം നേടി ഒപ്പത്തിനൊപ്പമാണ്. 120 അംഗങ്ങളുള്ള ഇസ്രായേൽ പാർലമെന്റിൽ ഭൂരിപക്ഷം തികച്ച് സർക്കാർ രൂപീകരിക്കാൻ ഏതൊരു സഖ്യത്തിനും 61 സീറ്റുകൾ ആവശ്യമാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ പ്രതിപക്ഷ ബ്ലോക്കിനോ ഭരണപക്ഷത്തിനോ വ്യക്തമായ ഭൂരിപക്ഷം (61 സീറ്റുകൾ) ലഭിക്കാൻ സാധ്യത കുറവായതിനാൽ രാജ്യം വീണ്ടും ഒരു തൂക്കുസഭയിലേക്കും രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കും നീങ്ങിയേക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
2022 നവംബറിൽ നടന്ന ഇടക്കാല തിരഞ്ഞെടുപ്പിലൂടെയാണ് നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ സഖ്യം അധികാരത്തിൽ വന്നത്. ലിക്കുഡ് ഉൾപ്പെടെയുള്ള വിവിധ തീവ്ര വലതുപക്ഷ പാർട്ടികൾ ചേർന്നുള്ള ഈ സഖ്യം 2022 ഡിസംബർ 29-നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇസ്രായേൽ ചരിത്രത്തിലെ ഏറ്റവും തീവ്ര വലതുപക്ഷ സ്വഭാവമുള്ളതും മതപരമായ യാഥാസ്ഥിതികവുമായ സർക്കാരായാണ് നെതന്യാഹുവിന്റെ ഭരണകൂടത്തെ പ്രതിപക്ഷവും അന്താരാഷ്ട്ര മാധ്യമങ്ങളും വിശേഷിപ്പിക്കുന്നത്. ഒക്ടോബർ 7-ലെ സുരക്ഷാ വീഴ്ചകൾ, ഗാസ-ലെബനൻ യുദ്ധങ്ങളുടെ ആഘാതം, ആഭ്യന്തര സാമ്പത്തിക പ്രതിസന്ധി എന്നിവയ്ക്കിടയിലാണ് കാലാവധി പൂർത്തിയാക്കി നെതന്യാഹുവും സംഘവും ജനവിധി തേടുന്നത്.