ജസീലയുടെ ആത്മഹത്യ; വ്യാജ പരാതി നൽകിയ അയൽവാസി അറസ്റ്റിൽ

ജസീലയുടെ ആത്മഹത്യ;  വ്യാജ പരാതി നൽകിയ അയൽവാസി അറസ്റ്റിൽ

കാസര്‍കോട്: അയൽവാസി നൽകിയ വ്യാജ മോഷണപരാതിയിൽ മനംനൊന്ത് നാലത്തടുക്കയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. ജസീലയുടെ മരണത്തിന് കാരണമായ വ്യാജ പരാതി നൽകിയ പൊവ്വൽ സ്വദേശി ആയിഷയെ വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തു.ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഫെബ്രുവരി 15-നാണ് ജസീലയെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആയിഷയുടെ വീട്ടിൽ നിന്നും സ്വർണം മോഷണം പോയെന്നും അതിന് പിന്നിൽ ജസീലയാണെന്നും ആരോപിച്ച് നൽകിയ പരാതിയാണ് ദാരുണമായ സംഭവങ്ങളിലേക്ക് നയിച്ചത്. ചെയ്യാത്ത തെറ്റിന്‍റെ പേരിലും സ്വർണമോഷ്ടാവെന്ന അപവാദ പ്രചാരണത്തിലും മനംനൊന്താണ് ജസീല ജീവനൊടുക്കിയത്.മരണത്തിന് മുൻപ് താൻ നിരപരാധിയാണെന്ന് വെളിപ്പെടുത്തുന്ന വീഡിയോ സന്ദേശം ജസീല സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഈ വീഡിയോ സന്ദേശം കേസിൽ നിർണായക തെളിവായി മാറി. താൻ സ്വർണം കണ്ടിട്ടുപോലുമില്ലെന്നും അപവാദ പ്രചാരണം കാരണം പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയിലാണെന്നും ജസീല വീഡിയോയിൽ വിതുമ്പിക്കൊണ്ട് പറയുന്നുണ്ട്. സംഭവം നടന്നതിന് പിന്നാലെ ജസീലയുടെ കുടുംബവും നാട്ടുകാരുടെ നേതൃത്വത്തിലുള്ള ആക്ഷൻ കമ്മിറ്റിയും കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇന്ന് പരാതിക്കാരെ വിദ്യാനഗർ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയിലും ജസീലയുടെ മരണം വലിയ ചര്‍ച്ചയ്ക്കു വഴിതെളിച്ചിരുന്നു.