"ഭീകര സംഘടനയായ താലിബാൻ്റെ പ്രതിനിധിക്ക് ഇന്ത്യനൽകിയ സ്വീകരണം കാണുമ്പോൾ ലജ്ജ കൊണ്ട് തല കുനിക്കുന്നു":ജാവേദ് അക്തർ

 "ഭീകര സംഘടനയായ താലിബാൻ്റെ പ്രതിനിധിക്ക് ഇന്ത്യനൽകിയ സ്വീകരണം കാണുമ്പോൾ ലജ്ജ കൊണ്ട് തല കുനിക്കുന്നു":ജാവേദ് അക്തർ

മുംബൈ : ലോകത്തിലെ ഏറ്റവും മോശം ഭീകര സംഘടനയായ താലിബാൻ്റെ പ്രതിനിധിക്ക് നൽകുന്ന വലിയ ആദരവ് കണ്ടപ്പോൾ തൻ്റെ തല ലജ്ജ കൊണ്ട് താഴ്‌ന്നുപോയെന്ന് കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ .  സാമൂഹ്യമാധ്യമമായ 'എക്‌സി'ലാണ് ജാവേദ് അക്തർ ഇതു സംബന്ധിച്ച കുറിപ്പ് പോസ്റ്റ് ചെയ്‌തിരിക്കുന്നത്. "ലോകത്തിലെ ഏറ്റവും മോശം ഭീകര സംഘടനയായ താലിബാൻ്റെ പ്രതിനിധിക്ക് എല്ലാത്തരം തീവ്രവാദികളെയും എതിർത്തവര്‍ നൽകിയ ആദരവും സ്വീകരണവും കാണുമ്പോൾ ഞാൻ ലജ്ജ കൊണ്ട് തല കുനിക്കുന്നു." അദ്ദേഹമെഴുതി.പെൺകുട്ടികളുടെ വിദ്യാഭ്യാസം പൂർണ്ണമായും നിരോധിച്ചവരിൽ ഒരാളായ അവരുടെ "ഇസ്ലാമിക് ഹീറോ"യ്‌ക്ക് ഇത്രയും ആദരവോടെ സ്വാഗതം നൽകിയതിൽ ദിയോബന്ദിനോടും നാണക്കേട് തോന്നുന്നു. എൻ്റെ ഇന്ത്യൻ സഹോദരീ സഹോദരന്മാരേ !!! നമുക്ക് എന്താണ് സംഭവിക്കുന്നത്" - ജാവേദ് അക്തർ കുറിച്ചു.അതേസമയം ജാവേദ് അക്തറിൻ്റെ പോസ്റ്റിനോട് വ്യത്യസ്‌ത തരത്തിലാണ് ആളുകള്‍ പ്രതികരിക്കുന്നത്. "പ്രിയപ്പെട്ട ജാവേദ് സാബ്, നാണക്കേട് തോന്നുമെങ്കിലും ബിജെപി നേതൃത്വത്തിലുള്ള നിലവിലെ മോദി സർക്കാർ താലിബാൻ പ്രതിനിധികളെ പ്രോട്ടോക്കോളോടെ സ്വാഗതം ചെയ്യുകയും അവർക്ക് ആതിഥേയത്വം വഹിക്കുകയും അവരെ മാന്യന്മാരെപ്പോലെ പരിഗണിക്കുകയും ചെയ്‌തിട്ടുണ്ടെന്നത് അവഗണിക്കാനാവില്ല" എന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്.എന്നാല്‍ താലിബാൻ്റെ ചിന്താഗതി മാറ്റാന്‍ ഇത്തരം കാര്യങ്ങള്‍ക്ക് കഴിഞ്ഞേക്കുമെന്ന് മറ്റൊരാള്‍ വാദിക്കുന്നുണ്ട്. "ഭൗമരാഷ്ട്രീയം സംഭവിക്കുന്നു. താലിബാൻ വിദേശകാര്യമന്ത്രിയെ പരിഗണിക്കുന്നതിൻ്റെ അര്‍ഥം അവരുടെ വിശ്വാസങ്ങളോട് യോജിക്കുന്നു എന്നല്ല. ഒരുപക്ഷേ നമുക്ക് ഒരു നല്ല സ്വാധീനമാകാനും അവരുടെ ചിന്താഗതി മാറ്റാൻ സഹായിക്കാനും കഴിയും" എന്നാണ് മറ്റൊരാള്‍ എഴുതിയിരിക്കുന്നത്.ഒക്ടോബർ 9 മുതൽ 16 വരെ ഒരാഴ്‌ച നീണ്ടുനിൽക്കുന്ന സന്ദർശനത്തിനായാണ് അഫ്‌ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്താക്കി ഇന്ത്യയിലെത്തിയത്. മുത്താക്കി നേരത്തെ ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വനിത മാധ്യമപ്രവര്‍ത്തകരെ വിലക്കിയത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ താലിബാന്‍ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്തഖി ഉത്തർപ്രദേശിലെ സഹാറൻപൂരിലുള്ള ദാറുൽ ഉലൂം ദിയോബന്ദ് സന്ദർശിച്ചിരുന്നു. വലിയ സ്വീകരണമാണ് അമീർ ഖാൻ മുത്തഖിയ്‌ക്ക് അവിടെ ലഭിച്ചത്. താലിബാന്‍ മന്ത്രിയെ കാണാന്‍ നിരവധി പേരാണ് അവിടെ തടിച്ചുകൂടിയിരുന്നത്