"സ്വന്തം പാർട്ടിയിലെ പ്രാദേശിക നേതാക്കൾക്കെതിരെ ജയലക്ഷ്മി ഉന്നയിച്ച വഞ്ചന ആരോപണങ്ങൾ അനാവശ്യO" :ഉഷ വിജയൻ
വയനാട്: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പികെ ജയലക്ഷ്മിയുടെ ആരോപണങ്ങളോട് പ്രതികരിച്ച് മാനന്തവാടിയിലെ യുഡിഎഫ് സ്ഥാനാർഥി ഉഷ വിജയൻ. സ്വന്തം പാർട്ടിയിലെ പ്രാദേശിക നേതാക്കൾക്കെതിരെ ജയലക്ഷ്മി ഉന്നയിച്ച വഞ്ചന ആരോപണങ്ങൾ അനാവശ്യമാണെന്ന് ഉഷ വിജയൻ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഇത്തരം പ്രസ്താവനകൾ ഒഴിവാക്കേണ്ടതായിരുന്നു. എങ്കിലും ഈ വിവാദം യുഡിഎഫിനെ കൂടുതൽ ഒറ്റക്കെട്ടാക്കാൻ സഹായിച്ചുവെന്നും അവർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് പികെ ജയലക്ഷ്മി ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഏപ്രിൽ ഒമ്പതിന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചൊവ്വാഴ്ച വെള്ളമുണ്ടയിൽ യുഡിഎഫ് കൺവെൻഷൻ നടന്നിരുന്നു. ഇതിൽ സംസാരിക്കവെയാണ് താൻ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടത് പ്രാദേശിക നേതാക്കളുടെ വഞ്ചന കൊണ്ടാണെന്ന് അവർ ആരോപിച്ചത്. 2016, 2021 നിയമസഭ തെരഞ്ഞെടുപ്പുകളിൽ മാനന്തവാടി മണ്ഡലത്തിൽ ചില നേതാക്കൾ തനിക്കെതിരെ പ്രവർത്തിച്ചുവെന്നും ജയലക്ഷ്മി തുറന്നടിച്ചു. മാനന്തവാടി മണ്ഡലത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വലിയ കോളിളക്കമാണ് ഈ പ്രസ്താവന ഉണ്ടാക്കിയത്. നേതൃത്വം വിഷയത്തിൽ ഇടപെടണമെന്ന ആവശ്യവും ഇതോടെ ശക്തമായിട്ടുണ്ട്.