ജസ്‌റ്റിസ് കെ ടി ശങ്കരൻ സന്നിധാനത്ത്: 18 സ്ട്രോങ് റൂമുകള്‍ തുറന്ന് പരിശോധിക്കും

ജസ്‌റ്റിസ് കെ ടി ശങ്കരൻ സന്നിധാനത്ത്: 18 സ്ട്രോങ് റൂമുകള്‍ തുറന്ന് പരിശോധിക്കും

പത്തനംതിട്ട: ശബരിമലയിലെ കണക്കെടുപ്പിനായി ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെ ടി ശങ്കരൻ സന്നിധാനത്തെ സ്ട്രോങ്ങ് റൂമിൽ പരിശോധന നടത്തും.അറ്റകുറ്റപ്പണി പൂർത്തിയാക്കി എത്തിച്ച ദ്വാരപാലക പാളികൾ നാളെ പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതിക ക്രമീകരണങ്ങളും ദേവസ്വം ബോർഡ് പൂർത്തിയാക്കിയിട്ടുണ്ട്. തിങ്കളാഴ്ച ആറന്മുളയിലേക്കും അമിക്കസ് ക്യൂറി യാത്ര ചെയ്യുമെന്നാണ് വിവരം. അവിടെ ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന സ്ട്രോങ്ങ് റൂമുകളും രേഖകളും അദ്ദേഹം പരിശോധിക്കും.

ദേവസ്വം രജിസ്റ്ററിലെ കണക്കുകളും സ്‌ട്രോങ്ങ് റൂമിലെ വസ്തുക്കളും തമ്മില്‍ ഒത്തുനോക്കി വിശദമായി പരിശോധിക്കും. ജസ്റ്റിസിന് വിശ്വാസമുള്ളതും സ്വര്‍ണപ്പണിയില്‍ വൈദഗ്ധ്യമുള്ളതുമായ ഒരാളെ കൂടെ കൂട്ടാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. 18 സ്ട്രോങ് റൂമുകളാണ് ശബരിമലയിൽ‌ ഉള്ളത്. ഇത് മുഴുവൻ തുറന്ന് പരിശോധിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.പരിശോധനകള്‍ക്കുശേഷം, ശബരിമലയിലെ സ്വര്‍ണമുള്‍പ്പെടെയുള്ള മൂല്യമുള്ള എല്ലാ വസ്തുക്കളുടെയും വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതി ദേവസ്വം ഡിവിഷന്‍ ബെഞ്ചിന് സമര്‍പ്പിക്കും. സ്ട്രോങ് റൂമുകളിൽ ഉള്ള വസ്തുക്കൾ കണക്ക് തിട്ടപ്പെടുത്തി കൃ‍ത്യമായി രജിസ്ട്രി ആയി ഹൈക്കോടതിക്ക് മുൻപാകെ സമർപ്പിക്കണമെന്ന് കോടതി നിർദേശം നൽകിയിരുന്നു. ദ്വാരപാലക സ്വർണപാളിയിൽ‌ രജിസ്ട്രിയിൽ‌ ​ഗുരുതര വീഴ്ച സംഭവിച്ചതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയതിനെ തുടർന്നാണ് സ്ട്രോങ് റൂമുകള്‍ തുറന്ന് പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.അതേസമയം ശബരിമലയിലെ സ്വർണപ്പാളി വിഷയത്തിൽ അടിമുടി ദുരൂഹതയുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി ഇന്നലെ ഇടക്കാല ഉത്തരവ് പുറത്തിറക്കിയിരുന്നു. സ്വർണപ്പാളിയെ ചെമ്പ് പാളിയെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ രേഖപ്പെടുത്തിയതിൽ ദുരൂഹതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. 2019-ൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറാനുള്ള ദേവസ്വം ബോർഡിൻ്റെ തീരുമാനത്തിലും, വാതിൽപ്പാളിയിലെ സ്വർണം മങ്ങിയതിലും ഗൗരവമായ സംശയങ്ങളുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.

2019-ൽ സ്മാർട്ട് ക്രിയേഷൻസിലേക്ക് കൊണ്ടുവന്ന സ്വർണപ്പാളിയിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കാൻ ആവശ്യമായ സാങ്കേതികവിദ്യ കമ്പനിക്കില്ലായിരുന്നു. പാളികൾ കൊണ്ടുപോയ ഉണ്ണിക്കൃഷ്ണൻ പോറ്റി പിന്നീട് തിരികെ കൊണ്ടുവന്നത് ചെമ്പ് പാളിയായിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി കോടതി രേഖപ്പെടുത്തി. സ്മാർട്ട് ക്രിയേഷൻസ് ഉപയോഗിച്ചത് ശരിയായ സാങ്കേതികവിദ്യയല്ലെന്നും, തിരിമറി നടന്നതായി അന്വേഷണത്തിൽ വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

യോഗദണ്ഡും രുദ്രാക്ഷമാലയും പുറത്തുകൊണ്ടുപോയിട്ടില്ലെന്ന് എ പദ്മകുമാര്‍

ശബരിമലയിലെ യോഗദണ്ഡും രുദ്രാക്ഷമാലയും അറ്റകുറ്റപ്പണി ചെയ്തു നല്‍കിയത് തൻ്റെ മകൻ്റെ വഴിപാടായിട്ടാണെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡൻ്റ് എ പദ്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ക്ഷേത്രനടയ്ക്കുമുന്നില്‍വെച്ച്‌ അറ്റകുറ്റപ്പണി നടത്തി തിരിച്ചുകൊടുക്കുകയായിരുന്നു. പുറത്തുകൊണ്ടുപോയിട്ടില്ല. മകന്‍ വഴിപാടായി സ്വയം ഏറ്റെടുത്തതായിരുന്നു. 2019 ല്‍വിഷുക്കണി ദിവസത്തോടനുബന്ധിച്ച്‌ ശബരിമലയില്‍ വെച്ചുതന്നെയാണ് അറ്റകുറ്റപ്പണി ചെയ്തത്.സ്വര്‍ണം ഇരിക്കുന്ന സ്ഥലത്ത് ദേവസ്വം പ്രസിഡൻ്റിന് കയറാനാകില്ല. തിരുവാഭരണം കമ്മിഷണര്‍ക്കാണ് ഉത്തരവാദിത്വം. നയപരമായ തീരുമാനങ്ങള്‍ സ്വീകരിക്കുന്ന കാര്യത്തിലാണ് പ്രസിഡൻ്റിൻ്റെ ഉത്തരവാദിത്വമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരേ കര്‍ശനനടപടി വേണം. തനിക്കു വീഴ്ച പറ്റിയിട്ടില്ല. ശബരിമലയില്‍ മോഷണം നടത്തിയാല്‍ രക്ഷപ്പെടില്ല. സ്വര്‍ണം ഉണ്ണികൃഷ്ണനെ ഏല്‍പ്പിച്ചത് ഉത്തരവാദിത്വപ്പെട്ടവര്‍ ചുമതലപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍, കച്ചവടത്തിനാണെന്നു താന്‍ തിരിച്ചറിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.