ഡോംബിവിലിയിൽ വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്ത് കെസിഎ

മുംബൈ :കേരള കത്തോലിക്ക അസോസിയേഷൻ (KCA) ഡോംബിവിലി യൂണിറ്റിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഡോംബിവിലിയിലെ ജില്ലാ പരിഷദ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് ആന്റണി ഫിലിപ്പ് ഈ വർഷത്തെ സ്കൂൾ ബാഗ് വിതരണം ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ. സി. ഫിലിപ്പ്, ട്രഷററും മുൻ പ്രസിഡന്റുമായ സി.ടി.മത്തായി, മുൻ സെക്രട്ടറിയും കെ.സി.എ മുംബൈ സെൻട്രൽ കൗൺസിൽ അംഗവുമായ കെ. എസ്. ജോസഫ്, കെ.സി.എ മുംബൈ സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും സാംസ്കാരിക സമിതി ചെയർമാനുമായ നെല്ലൻ ജോയി, സെൻട്രൽ കൗൺസിൽ അംഗം ജോൺസൺ എബ്രഹാം, കെ. സി. എ ഡോമ്പിവിലി യൂണിറ്റ് മാനേജിങ് കമ്മിറ്റി അംഗം പി. ഡി. ഫ്രാൻസിസ്, കെ.സി.എ അംഗം ടോം ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കഴിഞ്ഞ വർഷം ഇതേ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് കുടകൾ വിതരണം ചെയ്തപ്പോഴുണ്ടായ കുട്ടികളുടെ സന്തോഷവും പുഞ്ചിരിയും തന്നെയാണ് ഇത്തവണ സ്കൂൾ ബാഗ് വിതരണത്തിനും പ്രചോദനമായതെന്ന് പ്രസിഡന്റ് ആന്റണി ഫിലിപ്പ് പറഞ്ഞു.ഈ കാരുണ്യ പ്രവർത്തനത്തിനായി ഉദാരമായി സഹകരിച്ച എല്ലാ അംഗങ്ങൾക്കും കെ.സി.എ മാനേജിങ് കമ്മിറ്റി നന്ദി അറിയിച്ചു.

അംഗങ്ങൾ നൽകിയ പിന്തുണയാണ് ഈ സംരംഭത്തിൻ്റെ വിജയത്തിന് പിന്നിലെ ശക്തിയെന്ന് കമ്മിറ്റി അറിയിച്ചു.വരും ദിവസങ്ങളിൽ കൂടുതൽ ജില്ലാ പരിഷത് സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും സ്കൂൾ ബാഗുകൾ വിതരണം ചെയ്ത് പ്രവർത്തനം വിപുലീകരിക്കുമെന്ന് കെ.സി.എ മാനേജിങ് കമ്മിറ്റി അറിയിച്ചു.
"ഓരോ കുട്ടിക്കും ആത്മവിശ്വാസത്തോടെയും അന്തസ്സോടെയും പഠിക്കാനുള്ള അവസരം ലഭിക്കണം" എന്ന സന്ദേശത്തോടെയാണ് കെ.സി.എ ഡോംബിവിലി ഈ മാതൃകാപരമായ പ്രവർത്തനം തുടരുന്നത്.വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയും, കുട്ടികൾക്ക് പഠനത്തിനാവശ്യമായ പിന്തുണ നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വർഷംമുതൽ ഈ പദ്ധതി നടപ്പാക്കിവരുന്നത് .
ഡോമ്പിവിലിയിലും പരിസര പ്രദേശങ്ങളിലും സാമൂഹ്യസേവനരംഗത്ത് സജീവമായി വർത്തിക്കുന്ന സംഘടനയാണ് കേരള കാത്തലിക് അസോസിയേഷൻ ഡോമ്പിവിലി യൂണിറ്റ്.
