"കേരള സിപിഎം അടിമുടി മാറണം":കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തൽ

"കേരള സിപിഎം  അടിമുടി മാറണം":കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തൽ

ന്യൂഡൽഹി: കേരളത്തിലെ സിപിഎമ്മിൻ്റെ  സംഘടനാ പ്രവർത്തനങ്ങളിൽ അടിയന്തരവും വിപ്ലവകരവുമായ തിരുത്തലുകൾ വരുത്തണമെന്ന് പാർട്ടി കേന്ദ്ര നേതൃത്വം. നിലവിലെ സംഘടനാ ശൈലിയുമായി ഇങ്ങനെ മുന്നോട്ട് പോകാനാകില്ലെന്നും ഡൽഹിയിൽ പുരോഗമിക്കുന്ന പ്രത്യേക കേന്ദ്ര കമ്മിറ്റി യോഗം വിലയിരുത്തി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം സംസ്ഥാന നേതൃത്വം സ്വീകരിച്ച തിരുത്തൽ നടപടികളോ ജനങ്ങളിലേക്ക് ഇറങ്ങിയുള്ള പ്രവർത്തനങ്ങളോ ഒട്ടും ഫലം കണ്ടില്ലെന്ന് കേന്ദ്ര നേതൃത്വം യോഗത്തിൽ തുറന്നടിച്ചു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയെയും വോട്ട് ബാങ്കിലെ ചോർച്ചയെയും ശരിയായ രീതിയിൽ ഗൗരവത്തിലെടുക്കാൻ സംസ്ഥാന നേതൃത്വത്തിന് സാധിച്ചില്ലെന്ന രൂക്ഷവിമർശനമാണ് യോഗത്തിൽ ഉയർന്നത്. അതിൽ നിന്ന് പാഠം ഉൾക്കൊള്ളാതിരുന്നതാണ് തൊട്ടുപിന്നാലെ വന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് സമാനമായ രീതിയിൽ വലിയ തകർച്ച നേരിടേണ്ടി വന്നതെന്നാണ് കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പിലെ വീഴ്ചകൾ കൃത്യമായി പഠിച്ച് താഴേത്തട്ടിൽ തിരുത്തൽ വരുത്തിയിരുന്നെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തരമൊരു വൻ വീഴ്ച ഉണ്ടാകുമായിരുന്നില്ലെന്ന് ചില മുതിർന്ന അംഗങ്ങൾ യോഗത്തിൽ ചൂണ്ടിക്കാട്ടി.പാർട്ടിയുടെ പരമ്പരാഗത വോട്ട് ബാങ്കുകളിൽ വലിയ വിള്ളലുകൾ ഉണ്ടായിട്ടുണ്ടെന്നും, കാലങ്ങളായി പാർട്ടിയെ കണ്ണടച്ച് പിന്തുണച്ചിരുന്ന ചില ജനവിഭാഗങ്ങൾ പാർട്ടിയുമായി കടുത്ത അകൽച്ചയിലാണെന്നും നേരത്തെ ചേർന്ന പോളിറ്റ് ബ്യൂറോ (PB) യോഗത്തിലും വിലയിരുത്തിയിരുന്നു. ഇതിന് പുറമെ, പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കിടയിൽ വർധിച്ചുവരുന്ന പാർലമെന്ററി മോഹങ്ങളും അധികാര കേന്ദ്രീകരണവും അടിയന്തരമായി തിരുത്തപ്പെടേണ്ടതുണ്ടെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. പഴയതുപോലെ ധാർഷ്ട്യമില്ലാത്ത, ജനങ്ങൾക്കിടയിലേക്ക് കൂടുതൽ ഇറങ്ങിച്ചെന്നുള്ള ലളിതമായ പ്രവർത്തന ശൈലിയിലേക്ക് പാർട്ടി തിരിച്ചുപോകേണ്ടതുണ്ട്.

തുടർച്ചയായി രണ്ട് തവണ കേരളത്തിൽ ഭരണം നിലനിർത്തി ചരിത്രം സൃഷ്ടിച്ച പാർട്ടിക്ക്, മൂന്നാം തവണ ജനവിധി തേടിയപ്പോൾ എവിടെയാണ് പിഴച്ചതെന്നതിനെക്കുറിച്ച് സാധാരണ പ്രവർത്തകർ മുതൽ സംസ്ഥാന സമിതി നേതാക്കൾ വരെ കൃത്യമായ ആത്മപരിശോധന നടത്തണം. ഇതിനായി താഴേത്തട്ടു മുതൽ സംസ്ഥാന നേതൃത്വം വരെ അടിമുടി മാറ്റങ്ങൾ വരുത്താനാണ് കേന്ദ്ര കമ്മിറ്റി കർശന നിർദേശം നൽകിയിരിക്കുന്നത്. ഡൽഹിയിൽ പുരോഗമിക്കുന്ന പ്രത്യേക കേന്ദ്ര കമ്മിറ്റി യോഗം നാളെ ഉച്ചയോടെ പൂർത്തിയാകും. അതിനുശേഷമായിരിക്കും തിരുത്തൽ നടപടികളെക്കുറിച്ചുള്ള ഔദ്യോഗിക റിപ്പോർട്ടും സംസ്ഥാന നേതൃത്വത്തിന്റെ കൂടുതൽ തീരുമാനങ്ങളും പുറത്തുവരിക.