അനശ്വര ഗായിക എസ് ജാനകി അന്തരിച്ചു

ചെന്നൈ: മലയാളത്തിൻ്റെ ദത്ത്പുത്രി,ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ വാനമ്പാടി, വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു. മൈസൂരിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വികാരനിർഭരമായ കുറിപ്പിൽ കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. കുടുംബം കടുത്ത ദുഃഖത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഈ പ്രയാസകരമായ സമയത്ത് തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അവർ അഭ്യർഥിച്ചു. ജാനകമ്മയുടെ വേർപാടോടെ ഇന്ത്യൻ സിനിമയിലെ ഒരു സുവർണ്ണ അധ്യായത്തിനാണ് തിരശ്ശീല വീഴുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പെടെ 17 ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ച അപൂർവ പ്രതിഭയാണ് എസ്. ജാനകി. ആന്ധ്രപ്രദേശ് സ്വദേശിയായ അവർ അഞ്ചര പതിറ്റാണ്ടിലേറെക്കാലം ദക്ഷിണേന്ത്യൻ സിനിമാ സംഗീത രംഗം ഭരിച്ചു.
എണ്ണിയാൽ തീരാത്ത ചിത്രങ്ങൾക്ക് വേണ്ടി പിന്നണി പാടിയ ജാനകിയുടെ ആദ്യ മലയാളഗാനം 1964ല്‍ യേശുദാസിനൊപ്പമായിരുന്നു. ദേവരാജൻ മാസ്റ്റർ ഈണം നൽകിയ യുഗ്മ ഗാനമായിരുന്നു അത്. മലയാളിയുടെ ഇഷ്‌ടത്തിന്‍റെ കണക്ക് പുസ്‌തകത്തിൽ എസ് ജാനകിയുടെ പാട്ടുകൾക്ക് സ്ഥാനം മുൻ നിരയിലാണുള്ളത്. തളിരിട്ട കിനാക്കൾ ...(മൂടുപടം) വാസന്ത പഞ്ചമി നാളിൽ...(ഭാർഗ്ഗവി നിലയം) സൂര്യകാന്തീ..സൂര്യകാന്തീ ..(കാട്ടുതുളസി) മനിമുകിലെ...(കടത്തുകാരൻ) കവിളത്ത് കണ്ണീർ കണ്ടു...(അന്വേഷിച്ചു കണ്ടെത്തിയില്ല) താമരകുമ്പിളല്ലോ...(അന്വേഷിച്ചു കണ്ടെത്തിയില്ല) അവിടുന്നേൻ ഗാനം കേൾക്കാൻ...(പരീക്ഷ) എൻ പ്രാണ നായകനെ..(പരീക്ഷ)... കണ്ണിൽ കണ്ണിൽ...(ഡേഞ്ചർ ബിസ്കറ്റ്) താനേ തിരിഞ്ഞും മറിഞ്ഞും...(അമ്പലപ്രാവ് ) ഇന്നലെ നീയൊരു...(സ്ത്രീ).....അവയില്‍ ചിലത് മാത്രം!
ജാനകിയമ്മയെയെ തേടി നാല് തവണയാണ് ദേശീയ പുരസ്‌കാരം എത്തിയത്. 41 തവണ സംസ്ഥാന പുരസ്‌കാരം. 2013ൽ പത്മഭൂഷണ്‍ ലഭിച്ചെങ്കിലും വൈകി വന്ന അംഗീകാരത്തെ ജാനകിയമ്മ അംഗീകരിച്ചിരുന്നില്ല.
ജീവിത യാത്ര :
1938 ഏപ്രിൽ 23 ന് ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രസിഡൻസിയിലെ (ഇപ്പോൾ ആന്ധ്രാപ്രദേശ്) ഗുണ്ടൂരിലെ റെപ്പള്ളെ താലൂക്കിലെ പല്ലപട്‌ലയിലാണ് ജാനകി ജനിച്ചത്. അവരുടെ പിതാവ് സിസ്റ്റല ശ്രീരാമമൂർത്തി ഒരു ആയുർവേദ ഡോക്ടറും അദ്ധ്യാപകനുമായിരുന്നു. തൻ്റെ ബാല്യത്തിന്റെ ഭൂരിഭാഗവും ജാനകി സിർസില്ലയിൽ ചെലവഴിച്ചു, അവിടെ ഒൻപതാം വയസ്സിൽ വേദിയിൽ ആദ്യ അവസരം ലഭിച്ചു. നാദസ്വര വിദ്വാൻ പൈഡിസ്വാമിയിൽ നിന്നാണ് അവർ സംഗീതത്തിന്റെ അടിസ്ഥാനകാര്യങ്ങൾ പഠിച്ചത്. ശാസ്ത്രീയ സംഗീതത്തിൽ അവർ ഒരിക്കലും ഔപചാരിക പരിശീലനം നേടിയിട്ടില്ല.1957ൽ 19ആം വയസിൽ വിധിയിൻ വിളയാട്ട് എന്ന തമിഴ് സിനിമയിൽ ടി. ചലപ്പതി റാവു ഈണം പകർന്ന ഗാനം ആലപിച്ചുകൊണ്ടാണ് ജാനകി ചലച്ചിത്രപിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തെലുങ്ക് ചിത്രമായ എം.എൽ.എൽ അവസരം ലഭിച്ചതിനുശേഷം ജാനകിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഭാഷകളെ നിഷ്‌പ്രഭമാക്കിയ ആ സ്വരമാധുരി ലക്ഷക്കണക്കിനാളുകൾ ഹൃദയത്തിൽ സ്വീകരിച്ചു.
എല്ലാ ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളിലും പാടിയിട്ടുള്ള ജാനകി ഹിന്ദി, സിംഹള, ബംഗാളി, ഒറിയ, ഇംഗ്ലീഷ്, സംസ്‌കൃതം, കൊങ്ങിണി, തുളു, സൗരാഷ്‌ട്ര ബഡുഗ, ജർമ്മൻ ഭാഷകളിലും സ്വരസാന്നിധ്യമറിയിച്ചിട്ടുണ്ട്. 1200 പരം മലയാള സിനിമാ ഗാനങ്ങൾക്ക് ജാനകി ശബ്ദം പകർന്നിട്ടുണ്ട്. ഇതിൽ സുപ്രസിദ്ധമായ നിരവധി ഗാനങ്ങളുൾപ്പെടുന്നു. സംഗീതസംവിധായകൻ എം.എസ്. ബാബുരാജാണ് ജാനകിയുടെ തരളിതമായ ശബ്ദം തിരിച്ചറിഞ്ഞു് അവരെ മലയാളത്തിലേക്കെത്തിച്ചത്. കുട്ടികളുടെ സ്വരത്തിൽ പാടുന്നതിനുള്ള സവിശേഷമായ കഴിവും ജാനകിയമ്മയ്ക്ക് ഉണ്ടായിരുന്നു. മലയാളത്തിൽ ഇത്തരം ചില ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.
കുടുംബം
ഭർത്താവ് പരേതനായ വി. രാമപ്രസാദ് ആണ്. 1959 ൽ ആയിരുന്നു അവരുടെ വിവാഹം. ജാനകിയുടെ കരിയറിനെ പ്രോത്സാഹിപ്പിച്ച അദ്ദേഹം അവരുടെ മിക്ക റെക്കോർഡിംഗുകളിലും അവരോടൊപ്പം ഉണ്ടായിരുന്നു. 1997 ൽ ഹൃദയാഘാതം മൂലം അദ്ദേഹം മരിച്ചു.ഭർത്താവിൻറെ മരണശേഷം സിനിമ രംഗത്ത് സജീവമല്ലാതായി. കൂടുതൽ സമയവും പ്രാർത്ഥനക്കായി ചെലവിടുന്ന അവർ ഇടക്ക് ഭക്തിഗാന കാസെറ്റുകൾക്കു വേണ്ടി പാടുന്നുമുണ്ടായിരുന്നു . മകൻ: മുരളീ കൃഷ്‌ണ. മരുമകൾ: ഉമ.
ജാനകിയുടെ മാതൃഭാഷ തെലുങ്കാണെങ്കിലും അവർക്ക് തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ ഒഴുക്കോടെ സംസാരിക്കാനും എഴുതാനും സാധിച്ചിരുന്നു.
ഏറ്റവും പ്രയാസമേറിയ ഗാനം
താൻ പാടിയതിൽ ഏറ്റവും പ്രയാസമേറിയ ഗാനമെന്നു എസ്. ജാനകി വിശേഷിപ്പിച്ച ഗാനമാണ് കന്നഡ ചലച്ചിത്രമായ ഹേമാവതി യിലെ "ശിവ ശിവ എന്നദ നാളിഗെ ഏക്കെ" എന്ന ഗാനം. ഈ ഗാനത്തിൽ സ്വരങ്ങൾ അതിവേഗം പാടേണ്ടിവരുന്ന ഭാഗം ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ലാത്ത തന്നെ കുഴപ്പിച്ചു എന്ന് അവർ പറഞ്ഞിട്ടുണ്ട്. തോഡി , ആഭോഗി എന്നീ രണ്ടു രാഗങ്ങളിൽ എൽ. വൈദ്യനാഥൻ ചിട്ടപ്പെടുത്തിയ ഗാനമാണ് ഇത്.
28-10-2017 ൽ മൈസൂർ മാനസ ഗംഗോത്രിയിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ആയിരങ്ങളെ സാക്ഷിയാക്കിയാണ് സിനിമയിലും പൊതുവേദിയിലും പാടുന്നത് അവസാനിപ്പിക്കുന്നതായി ജാനകിയമ്മ പ്രഖ്യാപിക്കുന്നത് .
ജാനകിയമ്മയുടെ ശബ്ദത്തിൽ അനശ്വരമായി തീർന്ന ചില ഗാനങ്ങൾ
മലയാളത്തിലെ ഒട്ടുമിക്ക സംഗീത സംവിധായകർക്കുവേണ്ടിയും ജാനകി പാടിയിട്ടുണ്ടെങ്കിലും എംഎസ് ബാബുരാജിന്റെ ഈണങ്ങളിലൂടെയാണ് ജാനകിയുടെ സ്വരമാധുരി മലയാളികൾക്ക് ഏറ്റവുമധികം അനുഭവവേദ്യമായത്. തളിരിട്ട കിനാക്കൾതൻ..(മൂടുപടം), അഞ്ജന കണ്ണെഴുതീ...(തച്ചോളി ഒതേനൻ), സൂര്യകാന്തീ..(കാട്ടുപൂവ്), ഒരു കൊച്ചു സ്വപ്നത്തിൻ (തറവാട്ടമ്മ), താമര കുമ്പിളിലല്ലോ മമഹൃദയം (അന്വേഷിച്ചു കണ്ടെത്തിയില്ല) തുടങ്ങിയ ഗാനങ്ങൾ ഉദാഹരണം.
മഞ്ഞണിപ്പൂനിലാവിൽ (നഗരമേ നന്ദി, സംഗീതം– കെ. രാഘവൻ), നിദ്രതൻ നീരാഴി (പകൽക്കിനാവ്, സംഗീതം ചിദംബരനാഥ്), ഇന്നലെ നീയൊരു സുന്ദര രാഗമായെൻ (സ്ത്രീ, സംഗീതം ദക്ഷിണമൂർത്തി), സന്ധ്യേ കണ്ണീരിതെന്തേ (മദനോത്സവം, സലീൽ ചൗധരി), ഉണരൂ വേഗം നീ (മൂടൽമഞ്ഞ്, ഉഷാഖന്ന), ആ നിമിഷത്തിന്റെ നിർവൃതിയിൽ (ചന്ദ്രകാന്തം, എംഎസ് വിശ്വനാഥൻ), ഇളം മഞ്ഞിൻ കുളിരുമായി (എന്നിഷ്ടം നിന്നിഷ്ടം, കണ്ണൂർ രാജൻ), മാനത്തിൻ മുറ്റത്ത് (കറുത്ത പൗർണമി, എംകെ അർജുനൻ), ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ (കടൽ, എംബി ശ്രീനിവാസൻ), മഞ്ഞണിക്കൊമ്പിൽ (മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, ജെറി അമൽദേവ്), ഗോപികേ നിൻ വിരൽ (കാറ്റത്തെ കിളിക്കൂട്, ജോൺസൺ), തേനും വയമ്പും (തേനും വയമ്പും, രവീന്ദ്രൻ) മൈനാകം (തൃഷ്ണ, ശ്യാം) നാഥാ നീവരും കാലൊച്ച (ചാമരം, എംജി രാധാകൃഷ്ണൻ)
ആറ് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ സ്വരമാധുര്യം കൊണ്ട് വിസ്മയിപ്പിച്ച, ഭാഷയ്ക്കും ദേശത്തിനുമതീതമായി ശബ്ദംകൊണ്ട് സംഗീതാസ്വാദകരുടെ അമ്മയായിമാറിയ പ്രിയപ്പെട്ട ഗായികയ്ക്ക് 'വേൾഡ് എം ന്യുസി'ൻ്റെ ആദരാഞ്ജലികൾ ...