കേന്ദ്ര ബജറ്റിൽ കേരളത്തോട് കടുത്ത അവഗണന: വിമർശനവുമായി പി രാജീവ്

 കേന്ദ്ര ബജറ്റിൽ കേരളത്തോട് കടുത്ത അവഗണന: വിമർശനവുമായി പി രാജീവ്

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തോട് കടുത്ത അവഗണനയാണ് കാണിച്ചിരിക്കുന്നതെന്നും സംസ്ഥാനത്തോട് തികഞ്ഞ അവഗണന തുടരുന്നുവെന്നാണ് മനസിലാക്കാൻ സാധിക്കുന്നതെന്നും മന്ത്രി പി രാജീവ്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം കേന്ദ്ര ബജറ്റിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. സംസ്ഥാനത്തിൻ്റെ ആവശ്യങ്ങൾ പാടെ തള്ളിക്കളഞ്ഞ സമീപനമാണ് ബജറ്റിലുള്ളതെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.

രണ്ട് ദിവസം മുൻപ് തിരുവനന്തപുരത്ത് വച്ച് മാധ്യമങ്ങളെ കണ്ടപ്പോൾ താൻ ഇക്കാര്യം സൂചിപ്പിച്ചിരുന്നുവെന്ന് മന്ത്രി ഓർമിപ്പിച്ചു. കേന്ദ്രം ഒരു അതിവേഗ റെയിൽ കൊണ്ടുവരുന്നുവെന്നും ഇ ശ്രീധരനെപ്പോലെയുള്ള ഒരാളാണ് ഇതിൻ്റെ ചുമതല വഹിക്കുന്നതെങ്കിൽ അതിനെതിരെ കേരളം നിൽക്കേണ്ടതുണ്ടോ എന്ന ചോദ്യം അന്ന് ഉയർന്നിരുന്നു. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ വേഗതയുള്ള സംവിധാനം വേണമെന്ന് സ്വാഗതം ചെയ്തിരുന്നു. ബജറ്റ് വരുന്നതിന് തൊട്ടുമുമ്പ് എല്ലാവരും പറഞ്ഞിരുന്നത് പോലെ ഔദ്യോഗികമായി ഒരു അതിവേഗ റെയിൽ ഇടനാഴി കേരളത്തിന് ലഭിക്കുമെന്നും ഇതിൻ്റെ സ്പെഷ്യൽ ഓഫിസറായി ഇ ശ്രീധരനെ ചുമതലപ്പെടുത്തുമെന്നും കരുതിയിരുന്നു. അങ്ങനെ വന്നാൽ പൂർണമായും സർക്കാർ അതിനൊപ്പം നിൽക്കുമെന്നും അറിയിച്ചിരുന്നു.

ധാതുക്കൾക്കായി ഒരു ഇടനാഴി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇത് കേരളത്തിലെ ധാതുക്കൾ പുറത്തേക്ക് കൊണ്ടുപോകാനുള്ള നീക്കമാണോ എന്ന് സംശയിക്കേണ്ടതുണ്ട്. സംസ്ഥാനത്തിന് ധാതുക്കളുടെ മേലുള്ള അധികാരം ദുർബലപ്പെടുത്തുന്ന ഭേദഗതികൾ വരുന്നുണ്ട്. ധാതുക്കളുടെ ലേലം ഉൾപ്പെടെ കേന്ദ്രത്തിന് നേരിട്ട് നടത്താനുള്ള നീക്കമാണ് നടക്കുന്നത്. സംസ്ഥാനത്തിൻ്റെ നിയന്ത്രണത്തിലുള്ള ധാതുക്കൾ എടുക്കാനാണോ ഈ നീക്കം എന്ന് പരിശോധിക്കേണ്ടതുണ്ട്. കേരളത്തിലെ ധാതു സമ്പത്ത് ഉപയോഗിച്ച് മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാനുള്ള പുതിയ പദ്ധതി സംസ്ഥാനം പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റനോട്ടത്തിൽ പരിശോധിക്കുമ്പോൾ സംസ്ഥാനത്തോട് കൊടും ക്രൂരതയും അവഗണനയുമാണ് കേന്ദ്ര ബജറ്റിൽ കാണിച്ചിരിക്കുന്നതെന്ന് മന്ത്രി പി രാജീവ് തൻ്റെ പ്രതികരണത്തിൽ വ്യക്തമാക്കി.

അതിവേഗ റെയില്‍ ഇടനാഴി കേരളത്തിനില്ല - കേരളത്തിന് ധാതു ഇടനാഴി 

ഹൈസ്‌പീഡ് അതിവേഗ റെയില്‍ ഇടനാഴികള്‍ പ്രഖ്യാപിച്ചപ്പോള്‍ അതിൽ കേരളം ഇല്ല. കേന്ദ്ര ബജറ്റ് 2026ൽ കേരളത്തിന് ധാതു ഇടനാഴിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലുടനീളം ഏഴ് അതിവേഗ റെയിൽ ഇടനാഴികളും സീതാരാമൻ നിർദേശിച്ചു. ഇതിലാണ് കേരളം ഒഴിവാക്കപ്പെട്ടത്.മുംബൈ മുതൽ പൂനെ വരെ; പൂനെ മുതൽ ഹൈദരാബാദ് വരെ; ഹൈദരാബാദ് മുതൽ ബെംഗളൂരു വരെ; ബെംഗളൂരു മുതൽ ചെന്നൈ വരെ. രാജ്യത്തുടനീളമുള്ള പ്രാദേശിക കണക്റ്റിവിറ്റിയും സാമ്പത്തിക വളർച്ചയും കൂടുതൽ ശക്തിപ്പെടുത്തുന്നതിന് കൂടുതൽ ഇടനാഴികൾ ആസൂത്രണം ചെയ്‌തിട്ടുണ്ടെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.സംസ്ഥാനത്തെ അപൂർവ ധാതു ഘനനം വർധിപ്പിക്കാനാണ് പദ്ധതിയെന്നും മന്ത്രി. കേരളത്തെ കൂടാതെ ഒഡിഷ, തമിഴ്‌നാട് എന്നിവിടങ്ങളിലും ധാതു ഇടനാഴി ഉണ്ടാകും. ധാതു സമ്പന്നമായ സംസ്ഥാനങ്ങളെ ചേർത്താണ് ഇടനാഴി തയാറാക്കുന്നത്.

കേരളത്തിനായി പദ്ധതികൾ

കടലാമ പരിചരണത്തന് കേരളത്തിൽ കേന്ദ്രമെന്ന പ്രഖ്യാപനവുമായി ധനകാര്യ മന്ത്രി നിർമല സീതാരാമൻ. കടലോര മേഖലകളിലെ പക്ഷികളുടെയും കടലാമകളുടെയും മുട്ടയിടുന്ന ഇടങ്ങളെയാണ് 'നെസ്‌റ്റിങ് സൈറ്റ്സ്' (കൂടുണ്ടാക്കുന്ന ഇടങ്ങൾ) എന്ന് വിളിക്കുന്നത്. കേരളം പോലുള്ള തീരപ്രദേശങ്ങളിൽ ഇതിന് വലിയ പ്രാധാന്യമുണ്ട്.

പ്രധാനമായും രണ്ട് വിഭാഗങ്ങളുടെ നെസ്റ്റിങ് സൈറ്റുകളാണ് കേരളാ തീരങ്ങളിൽ കണ്ടുവരുന്നത്. ഒലിവ് റിഡ്‌ലി (Olive Ridley) വിഭാഗത്തിൽപ്പെട്ട കടലാമകൾ മുട്ടയിടാനായി കടൽത്തീരങ്ങൾ തെരഞ്ഞെടുക്കാറുണ്ട്. കോഴിക്കോടുള്ള കൊളാവിപ്പാലം, കാസർകോട് തൈക്കടപ്പുറം, മലപ്പുറത്തെ വിവിധ കടൽ തീരങ്ങൾ എന്നിവയാണ് കേരളത്തിലെ പ്രശസ്‌തമായ കടലാമ സംരക്ഷണ കേന്ദ്രങ്ങൾ. കേരളത്തിലെ ഈ സ്ഥലങ്ങളിൽ എല്ലാം വർഷം തോറും ഒരേ തീരങ്ങളിൽ തന്നെ മുട്ടയിടാൻ തിരിച്ചെത്തുന്നുണ്ട്