ട്രംപിനെ മറികടക്കാനായി ചൈനയും ബ്രിട്ടനും : സുസ്ഥിരമായ നയതന്ത്ര-സാമ്പത്തിക ബന്ധം ഉറപ്പിക്കാൻ കെയർ സ്റ്റാർമർ ഷിജിൻ പിങ് കൂടിക്കാഴ്ച

ബീജിങ്: ദീർഘവും സുസ്ഥിരവുമായ നയതന്ത്ര ബന്ധം വളർത്താനും കെട്ടിപ്പടുക്കാനുമായുള്ള കൂടിക്കാഴ്‌ച നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻ പിങ്ങും. കെയർ സ്റ്റാർമറുടെ നാല് ദിവസത്തെ ചൈന സന്ദർശനത്തിൻ്റെ ഭാഗമായാണ് ഇരുവരും കൂടിക്കാഴ്‌ച നടത്തിയത്.ദീർഘവും തന്ത്രപരവുമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിന് പ്രതിജ്ഞാ ബദ്ധരാണെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ശക്തികളിലൊന്നായ ചൈനയുമായുള്ള ഇടപെടൽ ബ്രിട്ടൻ്റെ ആഭ്യന്തര വളർച്ചയെ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു.ഷി ജിൻ പിങ്ങുമായുള്ള കൂടിക്കാഴ്‌ച 'ഉത്പാദന ക്ഷമമായത് 'എന്നാണ് കെയർ സ്റ്റാർമർ വിശേഷിപ്പിച്ചത്. കൂടിക്കാഴ്‌ചയ്ക്ക് യഥാർഥവും വ്യക്തവുമായ ഫലങ്ങൾ ഉണ്ടായെന്നും കെയർ സ്റ്റാർമർ വ്യക്തമാക്കി. ബിവറേജ് ഉത്പ്പന്നങ്ങളിലെ തീരുവ, ചൈനയിലേക്കുള്ള വിസ രഹിത യാത്ര, കുടിയേറ്റം സംബന്ധിച്ചവയെ കുറിച്ചുള്ള ചർച്ചകൾ നടന്നതായും കെയർ സ്റ്റാർമർ കൂട്ടിച്ചേർത്തു. സംഘടിതമായ കുടിയേറ്റവും അനിയന്ത്രിതമായ കള്ളക്കടത്തും വർധിച്ചു വരികയാണ്. അവയെ ഇല്ലാതാക്കാനുള്ള സമീപനം കൈക്കൊള്ളണമെന്നും കെയർ സ്റ്റാർമർ അറിയിച്ചു.

പരസ്‌പര താത്പര്യമുള്ള മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നത് തുടരുമെന്നും, വിയോജിപ്പുള്ള മേഖലകളിൽ വ്യക്തവും തുറന്നതുമായ സംഭാഷണം നിലനിർത്തുമെന്നും ഇരു രാജ്യങ്ങളും അറിയിച്ചു. എട്ടു വർഷത്തിന് ശേഷമാണ് ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി ചൈന സന്ദർശിക്കുന്നത്.ചൈനയിലെ ഗ്രേറ്റ് ഹാൾ ഓഫ് ദി പീപ്പിളിൽ വച്ച് ഷി ജിൻപിങ്ങുമായി 80 മിനിറ്റ് നീണ്ട കൂടിക്കാഴ്‌ചയാണ് കെയർ സ്റ്റാർമർ നടത്തിയത്. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രവചനാതീതമായ നയങ്ങൾക്കും തീരുവ ഭീഷണികൾക്കും തിരിച്ചടിയായായാണ് ഇരു രാജ്യങ്ങളും തമ്മിൽ കൂടിക്കാഴ്‌ചയിൽ ഏർപ്പെടുന്നത് എന്നും ഇതോടെ ഇരു രാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഈ കൂടിക്കാഴ്‌ചയോടെ അവസാനിക്കുന്നതായുമാണ് സൂചനയെന്ന് നയതന്ത്ര നിരീക്ഷർ വിലയിരുത്തുന്നു.