കിംഗ് ഖാൻ - അറുപതിലെത്തിനിൽക്കുന്ന 'യൗവ്വനം'!

കിംഗ് ഖാൻ - അറുപതിലെത്തിനിൽക്കുന്ന 'യൗവ്വനം'!

മുംബൈ: "ഉറങ്ങുമ്പോൾ കാണുന്നതല്ല സ്വപ്നം, മറിച്ച് നിങ്ങളെ ഉറങ്ങാൻ അനുവദിക്കാത്ത ഒന്നാണ് സ്വപ്നം."എന്ന് പറഞ്ഞത് മുൻരാഷ്ട്രപതി ഡോ.എപിജെ അബ്ദുൾ കലാമാണ്. പക്ഷെ അദ്ദേഹം ഈ ചിന്ത പങ്കുവെക്കുന്നതിന് എത്രയോ മുമ്പുതന്നെ ഉറങ്ങാൻ അനുവദിക്കാത്ത സ്വപ്നവും പേറി മനസ്സിലുറപ്പിച്ച ലക്ഷ്യവുമായി ഡൽഹിയിൽ നിന്നും മുംബൈയിലെത്തിയ ഒരു യുവാവുണ്ട്.ഒടുവിൽ സ്വപ്നം കാണുകയും  അതിനുവേണ്ടി ജീവിക്കുകയും, തളരാതെ പരിശ്രമിക്കുകയും ചെയ്താൽ ആർക്കും വിജയിക്കാൻ സാധിക്കുമെന്ന വലിയൊരു പാഠം അദ്ദേഹം സ്വപ്നം കാണുന്ന തലമുറയ്ക്ക് സമ്മാനിച്ചു.ആ യുവാവ്  ഇന്ന്  'ചലച്ചിത്ര രാജാവാ'യി അറുപത് വയസ്സിലെത്തിനിൽക്കുന്നു . ബോളിവുഡ് ഒരു കുടുംബത്തിൻ്റെ പിടിയിലാണെന്ന് ആരോപണങ്ങൾ ഉയരുമ്പോഴും, ഒരു സാധാരണ ഡൽഹി പയ്യന് ലോകമെമ്പാടുമുള്ള ‘കിംഗ്’ ആയി മാറാൻ കഴിഞ്ഞത്, അദ്ദേഹത്തിന്റെ അചഞ്ചലമായ ഇച്ഛാശക്തിയുടെയും കഠിനാധ്വാനത്തിന്റെയും അടയാളമാണ്.സ്നേഹം, ദുരൂഹത, ആക്ഷൻ… വെള്ളിത്തിരയിൽ ഷാരൂഖ് ഖാൻ പകർന്നാടിയ കഥാപാത്രങ്ങൾ ഓരോന്നും ഇന്ത്യൻ സിനിമയിലെ നാഴികക്കല്ലുകളാണ്. കേവലം ഒരു നടൻ എന്നതിലുപരി, താൻ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ആത്മാവിലൂടെ ദശലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ പ്രതിഭാസമാണ് ‘കിംഗ് ഖാൻ’. ഒരു ‘ഗോഡ്ഫാദറി’ന്റെ പിൻബലമില്ലാതെ, ഡൽഹിയിൽ നിന്നുള്ള ഈ സാധാരണക്കാരൻ ബോളിവുഡിന്റെ ‘ബാദ്ഷാ’ ആയി മാറിയത്, രാജ്, രാഹുൽ, രമൺ തുടങ്ങിയ കഥാപാത്രങ്ങളിലൂടെയായിരുന്നു.

‘ദീവാനയിലെ അരങ്ങേറ്റം മുതൽ ‘ഡർ’ (Darr), ‘ബാസിഗർ’ (Baazigar) എന്നീ ചിത്രങ്ങളിലെ അവിസ്മരണീയമായ വില്ലൻ വേഷങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരെ ഞെട്ടിച്ചു. തുടർന്ന്, ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’ (DDLJ) യിലെ ‘രാജ്’ ആയി പ്രണയത്തിന്റെ മുഖമുദ്രയായി മാറി. ഓരോ കഥാപാത്രത്തിലൂടെയും ഷാരൂഖ്, വെറും അഭിനയമായിരുന്നില്ല കാഴ്ചവെച്ചത്, മറിച്ച്, ഒരു കൂട്ടം വികാരങ്ങളെ അദ്ദേഹം സ്‌ക്രീനിൽ ജീവസ്സുറ്റതാക്കി. കഠിനാധ്വാനവും, സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശവും മാത്രം കൈമുതലാക്കി ബോളിവുഡിൽ സ്വന്തമായി ഒരു സാമ്രാജ്യം കെട്ടിപ്പടുത്ത ഈ അതുല്യ നടന്റെ ജീവിതം, സ്വപ്നം കാണുന്ന ഏതൊരാൾക്കും എന്നും പ്രചോദനമാണ്.

 ദൂരദർശനിൽ നിന്ന് ബോളിവുഡിലേക്ക്

ഡൽഹിയിൽ ഒരു സാധാരണ ഇടത്തരം കുടുംബത്തിലാണ് ഷാരൂഖ് ഖാൻ വളർന്നത്. കുട്ടിക്കാലത്തുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് അദ്ദേഹം പലപ്പോഴും തുറന്നു സംസാരിച്ചിട്ടുണ്ട്. എന്നാൽ, അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം അദ്ദേഹത്തെ മുംബൈയിലേക്ക് എത്തിച്ചു. സിനിമയിൽ ഒരു പിടിപാടുകളോ, കുടുംബ പാരമ്പര്യമോ ഇല്ലാത്ത ഒരു ‘ഔട്ട്സൈഡർ’ ആയിരുന്നു ഷാരൂഖ്. തന്റെ ഇഷ്ട മേഖലയിൽ ഒരവസരം ലഭിക്കുക എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം.

തുടക്കത്തിൽ അദ്ദേഹം ദൂരദർശൻ പരമ്പരകളിലാണ് അഭിനയിച്ചത്. ‘ഫൗജി’ (Fauji), ‘സർക്കസ്’ (Circus) തുടങ്ങിയ ടിവി സീരിയലുകളിലെ പ്രകടനങ്ങളിലൂടെയാണ് ഷാരൂഖ് ശ്രദ്ധ നേടുന്നത്. ഈ സീരിയലുകൾക്ക് അന്ന് വലിയ പ്രചാരം ലഭിച്ചിരുന്നില്ലെങ്കിൽ പോലും, തന്റെ അഭിനയമികവ് തെളിയിക്കാനുള്ള ഒരു വേദിയായി അദ്ദേഹം അതിനെ കണ്ടു. ഈ ചെറിയ വിജയമാണ്, ബോളിവുഡിന്റെ പ്രശസ്തിയിലേക്ക് ചുവടുവെക്കാൻ അദ്ദേഹത്തിന് ധൈര്യം നൽകിയത്.ബോളിവുഡിന്റെ ചരിത്രം പരിശോധിച്ചാൽ, ഒരു ഗോഡ്ഫാദറുടെ പിൻബലമില്ലാതെ ഒരു വ്യക്തിക്ക് ഇത്രയും വലിയ വിജയം നേടാൻ കഴിഞ്ഞത് ഷാരൂഖ് ഖാന്റെ കാര്യത്തിൽ മാത്രമാണെന്ന് കാണാം. മുംബൈയിലെത്തിയ ശേഷം ഒരു വർഷം സിനിമയിൽ അഭിനയിച്ച് തിരികെ ഡൽഹിയിലേക്ക് പോകാനായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പദ്ധതി. എന്നാൽ, സിനിമയോടുള്ള അടങ്ങാത്ത ആവേശം അദ്ദേഹത്തെ ഇവിടെ പിടിച്ചു നിർത്തി.

1992-ൽ ‘ദീവാന’ (Deewana) എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രം വലിയ വിജയമായി മാറി. തുടർന്ന്, ‘ഡർ’ (Darr), ‘ബാസിഗർ’ (Baazigar) തുടങ്ങിയ ചിത്രങ്ങളിൽ നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് അദ്ദേഹം പ്രേക്ഷകരെ ഞെട്ടിച്ചു. നായകന്മാർ പ്രതിനായക വേഷങ്ങൾ ചെയ്യാൻ മടിച്ച കാലത്ത്, ഷാരൂഖ് ആ വെല്ലുവിളി ഏറ്റെടുത്തു. ഇത് അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായി.

ഷാരൂഖ് ഖാൻ ഒരിക്കൽ പറയുകയുണ്ടായി: “എനിക്ക് കുറഞ്ഞ കഴിവേ ഉള്ളൂ, എന്നാൽ ഞാൻ ദൈവം നൽകിയ ഈ സമ്മാനത്തിൽ  കഠിനാധ്വാനം ചെയ്യുന്നു.” അദ്ദേഹത്തിന്റെ വിജയത്തിന് പിന്നിലെ പ്രധാന ഘടകം ഈ കഠിനാധ്വാനമാണ്. ഒരു നടനെന്ന നിലയിൽ തന്റെ ശരീരഭാഷയിലും, സംഭാഷണ ശൈലിയിലും, കഥാപാത്രങ്ങളുടെ ആഴത്തിലും അദ്ദേഹം നടത്തിയ നിരന്തരമായ പഠനവും പരിശ്രമവുമാണ് അദ്ദേഹത്തെ ഈ നിലയിൽ എത്തിച്ചത്.

അഭിനയത്തിൽ ദേശീയപുരസ്‌ക്കാരവും  നേടി, ഒരുപാട് പ്രശസ്തിയുടെയും വിജയത്തിന്റെയും കൊടുമുടിയിൽ നിൽക്കുമ്പോഴും, താൻ ബോളിവുഡിലെ ഒരു ‘ഔട്ട്സൈഡർ’ ആണെന്ന് ഷാരൂഖ് ഖാൻ അഭിമാനത്തോടെ പറയുന്നു.സിനിമാ പാരമ്പര്യമില്ലാത്ത ഒരാൾക്ക് വ്യവസായത്തിൽ നിലനിൽക്കാൻ കഠിനാധ്വാനം, ബുദ്ധി, ഭാഗ്യം എന്നിവയുടെ ഒരു സമ്മിശ്രണം ആവശ്യമാണ്. കുടുംബ പശ്ചാത്തലമില്ലാതെ ബോളിവുഡിലെത്തിയ ഷാരൂഖിനെ പല പ്രമുഖരും സഹായിച്ചു, എന്നാൽ അദ്ദേഹത്തിന് ഒരു ലോഞ്ചിംഗ് പാഡ് നൽകാൻ ആരും ഉണ്ടായിരുന്നില്ല. ഷാരൂഖിന്റെ ലാളിത്യവും, അദ്ദേഹത്തിന്റെ സംസാര രീതിയും, മറ്റുള്ളവരുമായി എളുപ്പത്തിൽ ബന്ധം സ്ഥാപിക്കാനുള്ള കഴിവും അദ്ദേഹത്തെ വേറിട്ടു നിർത്തി.ഇന്ന് ലോകം മുഴുവൻ ആരാധകരുള്ള നടനാണ് .അദ്ദേഹത്തിൻ്റെ രൂപത്തെയും ഭാവത്തെയും അനുകരിക്കുന്നവർ നിരവധി.അറുപത്തിലെത്തുമ്പോഴും പതിനേഴിൻ്റെ ചുറുചുറുക്കും ഊർജ്ജവും എന്തിന് അദ്ദേഹത്തിൻ്റെ  ജീവിതം തന്നെ പതിനായിരങ്ങൾക്ക് പ്രചോദനമാണ്.  ! 

"ഷാരൂഖ്  ഒരു സഹനടൻ മാത്രമല്ല - അദ്ദേഹം ഏറ്റവും നല്ല  ഒരു സുഹൃത്തും വിനയവും കഠിനാധ്വാനവും സ്വയം ചെയ്തുകൊണ്ട് പ്രചോദിപ്പിക്കുന്ന വ്യക്തിയുമാണ്. ഞങ്ങൾ ഒരുമിച്ച് സ്‌ക്രീനിൽ വന്ന ആദ്യ നിമിഷം മുതൽ, അദ്ദേഹത്തിന്റെ ഇടപെടലിലെ  മാന്യതയും ഉദാരതയും മിടുക്കും  പിന്തുണയും സിനിമയുടെ മികച്ചവിജയത്തിന് കാരണമായി . ഓരോ രംഗവും മികച്ചതാക്കി  ഉയർത്തി. പ്രേക്ഷകരുമായി അദ്ദേഹം ബന്ധപ്പെടുന്ന രീതി, സഹപ്രവർത്തകരെ  ബഹുമാനിക്കുന്ന തും ചുറ്റുമുള്ള എല്ലാവരെയും വിലമതിക്കുന്ന രീതി - ആ ഗുണങ്ങൾ അദ്ദേഹത്തെ എനിക്ക് മാത്രമല്ല, മുഴുവൻ സിനിമാ മേഖലയ്ക്കും ശരിക്കും പ്രിയപ്പെട്ടവനാക്കുന്നു." 60-ാം വയസ്സിലെത്തിനിൽക്കുന്ന  ഷാരൂഖിന്  പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട്  ഷാരൂഖിൻ്റെ മെഗാഹിറ്റ് സിനിമകളുടെ  നായിക കാജൽ പറഞ്ഞു .

"ഷാരൂഖ് എപ്പോഴും സ്നേഹനിധിയും ഉറച്ച മനസ്സുള്ളവനുമാണ്. കാലത്തിനനുസരിച്ച് അദ്ദേഹം മാറിയിട്ടില്ല, അതാണ് അദ്ദേഹത്തെ യഥാർത്ഥത്തിൽ ആരാണെന്ന് എനിക്ക് തോന്നുന്നു. താരപദവി ഒരിക്കലും അദ്ദേഹത്തിന്റെ ആത്മാർത്ഥതയെയോ ആളുകളോടുള്ള അദ്ദേഹത്തിന്റെ യഥാർത്ഥ മനോഭാവത്തെയോ ഇല്ലാതാക്കിയിട്ടില്ല. എല്ലാവരുമായും ബന്ധപ്പെടുന്ന സൂപ്പർസ്റ്റാറാണ് അദ്ദേഹം. അച്ചടക്കമുള്ളവനും താൻ ചെയ്യുന്ന കാര്യങ്ങളിൽ ആത്മാർത്ഥമായി അഭിനിവേശമുള്ളവനുമാണ് അദ്ദേഹം. മൂന്ന് പതിറ്റാണ്ടിലേറെയായി എനിക്ക് അദ്ദേഹത്തെ അറിയാം, അദ്ദേഹം ഒന്നും നിസ്സാരമായി കാണുന്നത് ഞാൻ കണ്ടിട്ടില്ല. ആ ആകർഷണീയതയും സ്ഥിരതയും ആധികാരികതയും അദ്ദേഹത്തെ ജനങ്ങളുടെ ഹൃദയങ്ങളുടെ രാജാവാക്കി മാറ്റുന്നു. അദ്ദേഹത്തോടൊപ്പമുള്ള നിരവധി ഓർമ്മകളുണ്ട്, അദ്ദേഹത്തോടൊപ്പമുള്ള ഓരോ ഓർമ്മയും നിമിഷവും സവിശേഷമാണ്. അദ്ദേഹം പറയുന്നത് ചെയ്യുന്നു, എപ്പോഴും ഊഷ്മളതയോടും വാത്സല്യത്തോടും കൂടിയാണ് അദ്ദേഹം അവിടെയുള്ളത്. ഒരു ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതായാലും മറ്റൊരാളുടെ ആഘോഷങ്ങളുടെ ഭാഗമാകുന്നതായാലും, അദ്ദേഹം എപ്പോഴും പ്രത്യക്ഷപ്പെടുന്നു. ഓരോ തവണയും അദ്ദേഹം  സന്തോഷത്തിന്റെയും ആത്മാർത്ഥതയുടെയും ഒരു ബോധം കൊണ്ടുവരുന്നു. അദ്ദേഹത്തിന്റെ സംഭാഷണങ്ങൾ ആകർഷകമാണ് - ബുദ്ധിമാനും, ലൗകികനും, ദീർഘവീക്ഷണമുള്ളവനുമാണ്. ഒരു അസാധാരണ നടൻ എന്നതിനപ്പുറം, അദ്ദേഹം ഒരു അസാധാരണ സുഹൃത്തും അസാധാരണ മനുഷ്യനുമാണ്."-ബോളിവുഡ് ഫാഷൻ-  കോസ്റ്റ്യൂം ഡിസൈനറും ചലച്ചിത്ര നിർമ്മാതാവുമായ മനീഷ് മൽഹോത്ര പറഞ്ഞു

 "സ്‌ക്രീനിലും പുറത്തും അദ്ദേഹം ഒരു  മാന്ത്രികനാണ്! ചുറ്റുമുള്ള എല്ലാവരെയും താൻ പ്രത്യേകമായി കാണുന്നവനും സ്നേഹിക്കപ്പെടുന്നവനും ആണെന്ന് തോന്നിപ്പിക്കുന്ന അദ്ദേഹത്തിന്റെ രീതി എനിക്ക് വലിയ  ഇഷ്ടമാണ്. അദ്ദേഹത്തെപ്പോലെ മറ്റാരുമില്ല! അദ്ദേഹത്തിന്റെചലച്ചിത്ര  ലോകത്തിലെ ഒരു ചെറിയ ഭാഗമാകാൻ എനിക്ക് കഴിഞ്ഞതിൽ അദ്ദേഹത്തിന്  നന്ദി.  ജന്മദിനാശംസകൾ!" അഭിനയലോകത്തെ പുതുതലമുറയിലെ നടി അനന്യ പാണ്ഡേപറഞ്ഞു.

 ബോളിവുഡ് മുഴുവൻ ഇതുപോലെ  ഷാരൂഖ് ഖാൻ എന്ന നടൻ ഇന്നും നിലനിർത്തുന്ന  മാനുഷികതയേയും സഹപ്രവർത്തകരോട്  കാണിക്കുന്ന ബഹുമാനത്തേയും ലാളിത്യത്തേയും അദ്ദേഹത്തിന്റെ  കഠിനാദ്ധ്വാനത്തെയും എടുത്തുപറഞ്ഞുകൊണ്ടാണ്  മാധ്യമങ്ങളിലൂടെ അദ്ദേഹത്തിന്  ജന്മദിന  ആശംസകൾ പങ്കുവെക്കുന്നത് എന്നത്   ശ്രദ്ധേയമാണ്. കിംഗ് ഖാന് 'വേൾഡ് എം ന്യുസി'ൻ്റെ ജന്മദിനാശംസകൾ