കോഴിക്കോട് ക്ലോക്ക് ടവർ അപകടം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് റെയിൽവേ

കോഴിക്കോട് ക്ലോക്ക് ടവർ അപകടം;  അന്വേഷണ കമ്മീഷനെ നിയോഗിച്ച് റെയിൽവേ

കോഴിക്കോട്:  റെയിൽവേ സ്റ്റേഷനിലെ 137 വർഷം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണ സംഭവത്തിൽ ഒടുവിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് റെയിൽവേ. സീനിയർ ഡിവിഷണൽ സേഫ്റ്റി ഓഫീസർ ബെന്നി വർഗീസിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് സംഭവത്തിൻ്റെ കാരണം പരിശോധിക്കുന്നത്. രണ്ട് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് റെയിൽവേ വൃത്തങ്ങൾ അറിയിക്കുന്നത്. എം.കെ. രാഘവൻ എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വിവിധ സംഘടനകളും ശക്തമായ പ്രതിഷേധം ഉയർത്തിയതിനെ തുടർന്നാണ് റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചത്.

വ്യാഴാഴ്‌ച രാവിലെ 11.10ഓടെയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ 137 വർഷം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണത്. രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലേക്കാണ് കെട്ടിടത്തിൻ്റെ ഭാഗങ്ങൾ പതിച്ചത്. അപകടസമയത്ത് കോഴിക്കോട്–കണ്ണൂർ പാസഞ്ചർ ട്രെയിൻ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നെങ്കിലും സർവീസ് ആരംഭിച്ചിരുന്നില്ല. ഉച്ചയ്ക്ക് 2.05നാണ് ട്രെയിൻ പുറപ്പെടേണ്ടിയിരുന്നത്. യാത്രക്കാർ പ്ലാറ്റ്‌ഫോമിൽ ഇല്ലാതിരുന്നതും ജീവനക്കാർ സമയോചിതമായി ഒഴിഞ്ഞുമാറിയതുമാണ് വലിയ ദുരന്തം ഒഴിവാക്കാൻ കാരണമായത്.

ക്ലോക്ക് ടവർ തകർന്നതിന് പിന്നാലെ പ്ലാറ്റ്‌ഫോം നമ്പർ രണ്ടിൽ നിയന്ത്രണങ്ങൾ തുടരുകയാണ്. അതേസമയം ഒന്നും മൂന്നും പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. തകർന്ന ടവറിൻ്റെ അപകടാവസ്ഥയിലായിരുന്ന ശേഷിച്ച ഭാഗവും പിന്നീട് പൂർണമായും പൊളിച്ചുനീക്കി.

85 അടി ഉയരമുള്ള ശേഷിച്ച ഭാഗം ക്രെയിനും സ്റ്റീൽ വയറുകളും ഉപയോഗിച്ച് പൊളിക്കാൻ നടത്തിയ ആദ്യശ്രമം പരാജയപ്പെട്ടിരുന്നു. തുടർന്ന് ഡ്രില്ലിങ് യന്ത്രങ്ങളും പാരയും ഉപയോഗിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ കല്ലുകൾ ഓരോന്നായി പൊളിച്ചിറക്കിയാണ് ദൗത്യം പൂർത്തിയാക്കിയത്. ഏറെ അപകടസാധ്യത നിറഞ്ഞ സാഹചര്യത്തിലായിരുന്നു ഈ പ്രവർത്തനങ്ങൾ.

മൂന്ന് മാസം മുമ്പ് മുന്നറിയിപ്പ്; ഇനി മറ്റ് ടവറുകൾക്കും ഭീഷണി

അപകടാവസ്ഥയിലായിരുന്ന ഈ കെട്ടിടം പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് മൂന്ന് മാസം മുമ്പ് തന്നെ റെയിൽവേ അധികൃതർ ബന്ധപ്പെട്ട വകുപ്പുകൾക്ക് കത്ത് നൽകിയിരുന്നുവെന്നാണ് വിവരം. എന്നാൽ നടപടി വൈകിയതിനാൽ ഒടുവിൽ കെട്ടിടം തകർന്നുവീഴുകയായിരുന്നു.സംഭവത്തിന് തലേദിവസം ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം) മധുകർ റാവുത്തിൻ്റെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തിയിരുന്നു. അടുത്ത ദിവസം തന്നെ കെട്ടിടം പൊളിച്ചുമാറ്റാൻ തീരുമാനിച്ചിരുന്നെങ്കിലും അതിന് മുമ്പേ ടവർ തകർന്നുവീണു.കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇതേ കാലപ്പഴക്കമുള്ള മറ്റ് രണ്ട് ക്ലോക്ക് ടവറുകളും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇവയും അപകടഭീഷണിയിലാണെന്ന വിലയിരുത്തലിനെ തുടർന്ന് ഉടൻ പൊളിച്ചുമാറ്റാനുള്ള നടപടികൾ റെയിൽവേ ആലോചിക്കുന്നുണ്ട്. സ്റ്റേഷനിൽ നടക്കുന്ന വികസനപ്രവർത്തനങ്ങളുടെ ഭാഗമായി നിരന്തരം നടക്കുന്ന പൈലിംഗ് പഴക്കമേറിയ കെട്ടിടങ്ങളുടെ സുരക്ഷയെ ബാധിക്കുന്നുവെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. സീനിയർ ഡിവിഷണൽ സേഫ്റ്റി ഓഫീസറുടെ പരിശോധനയ്ക്കുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നാണ് റെയിൽവേയുടെ വിശദീകരണം.