സാഹിത്യസായാഹ്‌നം ഇന്ന് : പ്രേമൻ ഇല്ലത്തിൻ്റെ 'നഗരത്തിൻ്റെ മാനിഫെസ്റ്റോ' ചർച്ചചെയ്യും

സാഹിത്യസായാഹ്‌നം ഇന്ന് : പ്രേമൻ ഇല്ലത്തിൻ്റെ 'നഗരത്തിൻ്റെ മാനിഫെസ്റ്റോ' ചർച്ചചെയ്യും

മുംബൈ: കേരളീയ സമാജം ഡോംബിവ്‌ലിയുടെ പ്രതിമാസ പരിപാടിയായ 'സാഹിത്യസായാഹ്ന'ത്തിൽ ഇന്ന് സമാജം അംഗവും സാഹിത്യകാരനുമായ  പ്രേമൻ ഇല്ലത്തിൻ്റെ 'നഗരത്തിൻ്റെ മാനിഫെസ്റ്റോ' എന്ന  നോവലിനെക്കുറിച്ചുള്ള  അവലോകനവും ചർച്ചയും  നടക്കും. പുസ്‌തകത്തെക്കുറിച്ച് കവിയും പ്രഭാഷകനുമായ സന്തോഷ് പല്ലശ്ശന സംസാരിക്കും. സമാജം ജനറൽ സെക്രട്ടറി രാജശേഖരൻ നായർ അദ്ധ്യക്ഷതവഹിക്കുന്ന പരിപാടിയിൽ  മുംബൈയിലെ എഴുത്തുകാരും  സാഹിത്യാസ്വാദകരും പങ്കെടുക്കും. 

വൈകുന്നേരം 4.30 ന്  സമാജം ഓഫീസ് കെട്ടിടത്തിലെ  (രണ്ടാം നില ,ശുഭം കരോടി ,ബാജിപ്രഭു ചൗക്ക്,ഡോംബിവ്‌ലി )ഹാളിൽ വെച്ചുനടക്കുന്ന പരിപാടിയിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി  സമാജം കലാസാംസ്‌കാരികവിഭാഗം സെക്രട്ടറി സുരേഷ്ബാബുകെ.കെ   സാഹിത്യസായാഹ്‍നം കൺവീനർ ജോയ് ഗുരുവായൂർ എന്നിവരറിയിച്ചു. 

 നഗരത്തിൻ്റെ മാനിഫെസ്റ്റോ:

ഇന്ത്യയിലെ ഏറ്റവും പ്രാചീനവും ആധുനികവുമായ നഗരമാണ് മുംബൈ. ഒരു നഗരമല്ല ഒരു മായകാഴ്ചായാണത് . അവിടത്തെ ആവാസവ്യവസ്ഥയില്‍ ജീവിക്കുന്ന മനുഷ്യരുടെ കാലവും സമയവും കൃത്യമായി ക്ലോക്കിന്റെ സൂചി കറങ്ങിപ്പോകുന്നതുപോലെ മാറിക്കൊണ്ടിരിക്കുന്നു. ഈ മാറ്റങ്ങളില്‍ പെട്ടുപോകുന്ന മനുഷ്യരുടെയും ആ മനുഷ്യരും ജീവികളും ജീവിക്കുന്ന പ്രകൃതിയുടെയും മാനിഫെസ്റ്റോ ആണ് പ്രേമന്‍ ഇല്ലത്തിന്റെ ഈ നോവലിലൂടെ രേഖപ്പെടുത്തുന്നത്.  മുംബൈയിലൂടെ ഇന്ത്യാരാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിൻ്റെ ചരിത്രം വായിക്കാം. വ്യവസായവളര്‍ച്ചയുടെയും അതിൻ്റെ അധോലോകത്തിൻ്റെയും മാഫിയാ ചരിത്രവും വായിക്കാം. ഒരേസമയം ബഹുസ്വരതയുടെ സംസ്‌കാരം ആര്‍ജ്ജിച്ചെടുക്കുന്നതെങ്ങനെയെന്ന് പറയാന്‍ ശ്രമിക്കുകയാണ് തൻ്റെ പുസ്തകത്തിലൂടെ പ്രേമൻ ഇല്ലത്ത് .ഓരോ കഥാപാത്രങ്ങളിലും  ഈ പുസ്തകം കൈയിലെടുക്കുന്ന  ഓരോരുത്തരുടെയും വിശപ്പിൻ്റെ യും ദാഹത്തിൻ്റെയും പ്രണയത്തിൻ്റെയും കലഹത്തിൻ്റെയും സ്പര്‍ശമുണ്ട്.