ഫെബ്രുവരി 1 മുതൽ പുതിയ വാഹനങ്ങൾക്കുള്ള ഫാസ്റ്റാഗുകൾക്ക് KYV ഒഴിവാക്കി

ന്യൂഡൽഹി: നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) 2026 ഫെബ്രുവരി 1 മുതൽ പുതിയ കാർ, ജീപ്പ്, വാൻ ഫാസ്റ്റാടാഗുകൾ എന്നിവയ്‌ക്കായി 'നിങ്ങളുടെ വാഹനം അറിയുക' (Know Your Vehicle-KYV) എന്ന നിർബന്ധിത നടപടിക്രമം അവസാനിപ്പിച്ചു. പൊതുജന സൗകര്യം വർധിപ്പിക്കുന്നതിനും ഹൈവേ ഉപയോക്താക്കൾ നേരിടുന്ന ആക്റ്റിവേഷന് ശേഷമുള്ള ബുദ്ധിമുട്ടുകള്‍ മറികടക്കുന്നതിനും വേണ്ടിയാണ് നോ യുവർ വെഹിക്കിൾ (കെവൈവി) പ്രക്രിയ നിർത്തലാക്കുന്നതെന്ന് എൻഎച്ച്‌എഐ പ്രസ്‌താവനയിൽ അറിയിച്ചു.
നിലവിൽ കാർ വിഭാഗത്തിൽ പുറത്തിറക്കിയിട്ടുള്ള ഫാസ്റ്റാഗുകൾക്കും ഇനി പതിവായി കെവൈവി നിർബന്ധമില്ല. ലൂസ് ഫാസ്റ്റാഗ്, തെറ്റായ ഇഷ്യു, ദുരുപയോഗം തുടങ്ങിയ പരാതികൾ ലഭിക്കുന്ന പ്രത്യേക സാഹചര്യങ്ങളിലേ ഇനി കെവൈവി നടപടികൾ ആരംഭിക്കൂ. ഇത്തരം പരാതികൾ ഒന്നും ഇല്ലെങ്കിൽ നിലവിലുള്ള കാർ ഫാസ്റ്റാഗുകൾക്ക് കെവൈവി ആവശ്യമില്ല.
പ്രീ-ആക്‌ടിവേഷൻ സുരക്ഷാ സംവിധാനം
ഉപയോക്താക്കൾക്കുള്ള ഫാസ്റ്റ് ടാഗ് കെവൈവി പ്രക്രിയ ലളിതമാക്കുന്നതിനൊപ്പം കൃത്യത, സിസ്റ്റം സമഗ്രത എന്നിവ ഉറപ്പാക്കുന്നതിന് ഇഷ്യൂവർ ബാങ്കുകൾക്കായി എൻഎച്ച്‌എഐ ഒരേസമയം പ്രീ-ആക്‌ടിവേഷൻ വാലിഡേഷൻ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്.
പുതുക്കിയ സംവിധാനപ്രകാരം വാഹൻ ഡാറ്റാബേസിലൂടെ വാഹന വിവരങ്ങൾ നിർബന്ധമായും സ്ഥിരീകരിച്ചതിന് ശേഷമേ ഫാസ്റ്റാഗ് ആക്‌ടിവേഷൻ അനുവദിക്കൂ. മുമ്പ് അനുവദിച്ചിരുന്ന പോസ്റ്റ്-ആക്‌ടിവേഷൻ പരിശോധനാ സംവിധാനം പൂർണമായി ഒഴിവാക്കി.
ആർസി അധിഷ്‌ഠിത വാലിഡേഷൻ: വാഹൻ ഡാറ്റാബേസിൽ വാഹന വിവരങ്ങൾ ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (RC) ഉപയോഗിച്ച് ബാങ്കുകൾ വാഹന വിവരങ്ങൾ പരിശോധിച്ച് ഉറപ്പാക്കിയതിന് ശേഷം മാത്രമേ ഫാസ്റ്റാഗ് ആക്‌ടിവേറ്റ് ചെയ്യാവൂ. ഇതിൻ്റെ മുഴുവൻ ഉത്തരവാദിത്വവും ഫാസ്റ്റാഗ് നൽകുന്ന ബാങ്കുകൾക്കായിരിക്കും.
നിർബന്ധിത വാഹൻ അധിഷ്‌ഠിത വാലിഡേഷൻ: വാഹൻ ഡാറ്റാബേസിൽ നിന്ന് വാഹന വിശദാംശങ്ങൾ സാധൂകരിച്ചതിനുശേഷം മാത്രമേ ഫാസ്റ്റ് ടാഗ് ആക്‌ടിവേഷൻ അനുവദിക്കൂ.
ഓൺലൈൻ ഫാസ്റ്റ് ടാഗുകൾ: ഓൺലൈൻ മാർഗങ്ങളിലൂടെ വിൽക്കുന്ന ഫാസ്റ്റാഗുകളും ബാങ്കുകളുടെ സമ്പൂർണ വാഹന പരിശോധനയ്ക്ക് ശേഷം മാത്രമേ ആക്‌ടിവേറ്റ് ചെയ്യുകയുള്ളൂവെന്ന് എൻഎച്ച്എഐ വ്യക്തമാക്കി.
പോസ്റ്റ്-ആക്‌ടിവേഷൻ വാലിഡേഷൻ ഇല്ല: ആക്‌ടിവേഷന് ശേഷം സാധൂകരണം അനുവദിക്കുന്ന വ്യവസ്ഥ നിർത്തലാക്കി.
എന്താണ് ഫാസ്റ്റ് ടാഗ്?
രാജ്യവ്യാപകമായി ടോൾ പ്ലാസകളിലൂടെ വാഹനങ്ങൾക്ക് വേഗത്തിൽ സഞ്ചരിക്കുന്നതിനാണ് ഫാസ്റ്റ് ടാഗ് സംവിധാനം.
എന്താണ് കെവൈവി?
കെവൈവി എന്നാൽ നോ യുവർ വെഹിക്കിൾ (Know Your Vehicle) എന്നാണ് അർഥമാക്കുന്നത്. പല കാറുകൾക്കും ഒരു ടാഗ് ഉപയോഗിക്കുന്നത് ഉൾപ്പെടെയുള്ള ദുരുപയോഗം നിർത്താൻ സർക്കാർ കെവൈവി നിർബന്ധമാക്കി. ഓരോ ഫാസ്‍ടാഗും അതിൻ്റെ വാഹനവുമായി സ്ഥിരമായി ബന്ധിപ്പിക്കണമെന്നതാണ് എൻഎച്ച്എഐയുടെ നിയമം.