അനശ്വര ഗായിക എസ് ജാനകി അന്തരിച്ചു

അനശ്വര ഗായിക എസ് ജാനകി അന്തരിച്ചു

ചെന്നൈ: മലയാളത്തിൻ്റെ ദത്ത്പുത്രി,ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ വാനമ്പാടി, വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു. മൈസൂരിലെ  അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വികാരനിർഭരമായ കുറിപ്പിൽ കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. കുടുംബം കടുത്ത ദുഃഖത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഈ പ്രയാസകരമായ സമയത്ത് തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അവർ അഭ്യർഥിച്ചു. ജാനകമ്മയുടെ വേർപാടോടെ ഇന്ത്യൻ സിനിമയിലെ ഒരു സുവർണ്ണ അധ്യായത്തിനാണ് തിരശ്ശീല വീഴുന്നത്.

 മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പെടെ 17 ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ച അപൂർവ പ്രതിഭയാണ് എസ്. ജാനകി. ആന്ധ്രപ്രദേശ് സ്വദേശിയായ അവർ അഞ്ചര പതിറ്റാണ്ടിലേറെക്കാലം ദക്ഷിണേന്ത്യൻ സിനിമാ സംഗീത രംഗം ഭരിച്ചു. 

എണ്ണിയാൽ തീരാത്ത ചിത്രങ്ങൾക്ക് വേണ്ടി പിന്നണി പാടിയ ജാനകിയുടെ ആദ്യ മലയാളഗാനം 1964ല്‍ യേശുദാസിനൊപ്പമായിരുന്നു. ദേവരാജൻ മാസ്റ്റർ ഈണം നൽകിയ യുഗ്മ ഗാനമായിരുന്നു അത്.  മലയാളിയുടെ ഇഷ്‌ടത്തിന്‍റെ കണക്ക് പുസ്‌തകത്തിൽ എസ് ജാനകിയുടെ പാട്ടുകൾക്ക് സ്ഥാനം മുൻ നിരയിലാണുള്ളത്. ഉണരൂ വേഗം നീ..., സ്വർണ്ണമുകില.., ആടി വാ കാറ്റേ.., മലർക്കൊടി പോലെ, തുമ്പീ വാ, സന്ധ്യേ..., നാഥാ നീ വരും, കിളിയേ കിളിയേ, കണ്ണു കണ്ണും.... അവയില്‍ ചിലത് മാത്രം..

2017ൽ മൈസൂരിൽ ആയിരങ്ങളെ സാക്ഷിയാക്കിയാണ് സിനിമയിലും പൊതുവേദിയിലും പാടുന്നത് അവസാനിപ്പിക്കുന്നതായി അറിയിച്ചത്. ജാനകിയെ തേടി നാല് തവണയാണ് ദേശീയ പുരസ്‌കാരം എത്തിയത്. 41 തവണ സംസ്ഥാന പുരസ്‌കാരം. 2013ൽ പത്മഭൂഷണ്‍ ലഭിച്ചെങ്കിലും വൈകി വന്ന അംഗീകാരത്തെ ജാനകിയമ്മ അംഗീകരിച്ചിരുന്നില്ല.