ന്യൂയോര്‍ക്കില്‍ ലിജിയോണെയര്‍സ് രോഗവ്യാപനം ; നാലു മരണം, 76 പേര്‍ക്ക് സ്ഥിരീകരിച്ചു

ന്യൂയോര്‍ക്കില്‍ ലിജിയോണെയര്‍സ് രോഗവ്യാപനം ; നാലു മരണം, 76 പേര്‍ക്ക് സ്ഥിരീകരിച്ചു

ന്യൂയോര്‍ക്ക്:  നഗരത്തില്‍ ലിജിയോണെയര്‍സ് രോഗബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. ഇതുവരെ 76 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും നാലു പേര്‍ മരിച്ചതായും അധികൃതര്‍ അറിയിച്ചു. മന്‍ഹാട്ടനിലെ അപ്പര്‍ ഈസ്റ്റ് സൈഡിലെ കാര്‍നെഗി ഹില്‍, യോര്‍ക്ക്വില്‍ മേഖലകളിലാണ് കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

ന്യൂയോര്‍ക്ക് സിറ്റി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കുകള്‍ പ്രകാരം, രോഗബാധിതരില്‍ ഏഴു പേര്‍ ചികില്‍സയില്‍ തുടരുകയാണ്. മറ്റുള്ളവര്‍ ചികില്‍സയിലൂടെ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും, രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. കെട്ടിടങ്ങളിലെ കൂളിങ് ടവറുകള്‍, വലിയ എയര്‍ കണ്ടീഷനിങ് സംവിധാനങ്ങള്‍, ജലവിതരണ ശൃംഖലകള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധനയും ശുചീകരണ നടപടികളും ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്.'ലിജിയോനെല്ല' എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഗുരുതരമായ ശ്വാസകോശ അണുബാധയാണ് ലിജിയോണെയര്‍സ് രോഗം. ചെറുചൂടുള്ള വെള്ളത്തില്‍ വളരുന്ന ഈ ബാക്ടീരിയ, കൂളിങ് ടവറുകള്‍, സെന്‍ട്രലൈസ്ഡ് എയര്‍ കണ്ടീഷനിങ് സംവിധാനങ്ങള്‍, ഹോട്ട് ടബ്ബുകള്‍, സ്പാകള്‍, അലങ്കാര ജലധാരകള്‍ തുടങ്ങിയ മനുഷ്യനിര്‍മിത ജലസംവിധാനങ്ങളിലാണ് കൂടുതലായി പെരുകുന്നത്. ലിജിയോനെല്ല ബാക്ടീരിയ അടങ്ങിയ ജലകണികകളോ ജലബാഷ്പമോ ശ്വസിക്കുന്നതിലൂടെയാണ് രോഗബാധ ഉണ്ടാകുന്നത്. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം നേരിട്ട് പകരില്ല. കുടിവെള്ളം ഉപയോഗിക്കുന്നതിലൂടെയോ കുളിക്കുന്നതിലൂടെയോ സാധാരണ ഗാര്‍ഹിക എയര്‍ കണ്ടീഷണറുകള്‍ ഉപയോഗിക്കുന്നതിലൂടെയോ രോഗം പകരില്ലെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു.ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് സാധാരണയായി രണ്ടു മുതല്‍ 14 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. ഉയര്‍ന്ന പനി, വിറയല്‍, വിട്ടുമാറാത്ത ചുമ, ശ്വാസതടസ്സം, നെഞ്ചുവേദന, പേശിവേദന, തലവേദന, കടുത്ത ക്ഷീണം, ഛര്‍ദ്ദി, വയറിളക്കം, ഓക്കാനം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ന്യൂമോണിയയുടെയോ ഇന്‍ഫ്‌ലുവന്‍സയുടെയോ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാല്‍ പനിയോടൊപ്പം ശ്വാസതടസ്സം അനുഭവപ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.

50 വയസ്സിന് മുകളിലുള്ളവര്‍, പുകവലിക്കുന്നവരും മുന്‍പ് പുകവലിച്ചിരുന്നവരും, സിഒപിഡി ഉള്‍പ്പെടെയുള്ള ശ്വാസകോശ രോഗമുള്ളവര്‍, കാന്‍സര്‍ ചികില്‍സയിലുള്ളവര്‍, അവയവം മാറ്റിവച്ചവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, പ്രമേഹം, വൃക്ക, കരള്‍, ഹൃദ്രോഗങ്ങള്‍ എന്നിവയുള്ളവര്‍ക്ക് ഗുരുതരമായ രോഗബാധയ്ക്ക് സാധ്യത കൂടുതലാണ്. രോഗം ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞ് അനുയോജ്യമായ ആന്റിബയോട്ടിക് ചികില്‍സ നല്‍കിയാല്‍ ഭൂരിഭാഗം രോഗികളും പൂര്‍ണമായി സുഖം പ്രാപിക്കും. നിലവില്‍ രോഗത്തിനെതിരേ വാക്‌സിന്‍ ലഭ്യമല്ല. അതിനാല്‍ കൂളിങ് ടവറുകള്‍, ജലസംഭരണികള്‍, പ്ലംബിങ് സംവിധാനങ്ങള്‍, ഹോട്ട് ടബ്ബുകള്‍ തുടങ്ങിയവ കൃത്യമായ ഇടവേളകളില്‍ ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു.