'ഒരു കഥ എങ്ങനെ വായിക്കണം, ഒരു കവിത എങ്ങനെ വായിക്കണം' -സാഹിത്യ ക്യാമ്പ് നവം: 1,2 തീയ്യതികളിൽ

മുംബൈ: എഴുത്തുകാരുടെ സൗഹൃദസംഘമായ സാഹിത്യ ചര്‍ച്ചാവേദി, ന്യു ബോംബെ കള്‍ച്ചറല്‍ സെന്റര്‍- കോപ്പര്‍ഖൈര്‍ണെയുമായി ചേര്‍ന്ന് നവംബര്‍ 1, 2 തീയതികളില്‍ കോപ്പര്‍ഖൈര്‍ണയില്‍ ദ്വിദിന സാഹിത്യ സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു. മലയാളത്തിലെ പ്രമുഖ നിരൂപകയായ ഡോക്ടര്‍ മിനി പ്രസാദ്, പ്രശസ്ത കവികളും സാഹിത്യ അക്കാദമി പുരസ്‌കാര ജേതാക്കളുമായ അനിത തമ്പി, അന്‍വര്‍ അലി തുടങ്ങിയവരും കേരളത്തിൽ നിന്നും മുംബൈ, ബംഗളൂര്‍, ഭോപ്പാല്‍, സൂറത്ത്, പൂനെ, ഗോവ തുടങ്ങി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുക്കും. ''ഒരു കഥ എങ്ങനെ വായിക്കണം, ഒരു കവിത എങ്ങനെ വായിക്കണം'' എന്നതാണ് ക്യാമ്പിന്റെ ഉപശീര്‍ഷകം. ക്യാമ്പ് പ്രഖ്യാപനത്തോടനുബന്ധിച്ച് സാഹിത്യചർച്ചാവേദി സംഘടിപ്പിച്ച ഇ ഐ എസ് തിലകന്‍ കവിതാ പുരസ്‌കാര ജേതാവായ രമ പ്രസന്നപിഷാരടി യെ ക്യാമ്പില്‍ ആദരിക്കും. കൂടാതെ, പുസ്തകങ്ങളുടെ പ്രകാശനം, കവിയരങ്ങ്, കഥയരങ്ങ്, കഥ ശില്പശാല, കവിത ശില്പശാല, പ്രഭാഷണങ്ങള്‍ എന്നിവയുമുണ്ടായിരിക്കും. പ്രശസ്‌ത കഥാകൃത്തും മുംബൈനിവാസിയുമായ കണക്കൂര്‍ സുരേഷ്‌കുമാര്‍ ക്യാമ്പിനെ നയിക്കും . നവംബര്‍ രണ്ട് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് തുടങ്ങുന്ന ക്യാമ്പിന്റെ സമാപന സമ്മേളനത്തില്‍ എല്ലാ അക്ഷര സ്‌നേഹികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
ക്യാമ്പുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ക്ക് : തുളസി മണിയാര്‍-9930878253, സുരേഷ് നായര്‍-9029210030, എം വി ബാബുരാജ്-8879110448