ലോകകേരളസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം : പങ്കെടുക്കില്ലെന്ന് ലോകകേരള സഭാംഗം ജോജോ തോമസ്
തിരുവനന്തപുരം/മുംബൈ : ഇന്നാരംഭിച്ച് മൂന്നുദിവസങ്ങളിലായിനടക്കുന്ന ലോക കേരളസഭ സമ്മേളനത്തിൽ നിന്ന് കെപിസിസി നിർദ്ദേശാനുസരണം വിട്ടുനിൽക്കുമെന്ന് ലോക കേരളസഭാംഗവും മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ ജോജോ തോമസ് . കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്‍റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെയും നിർദ്ദേശമനുസരിച്ചാണ് ഈ തീരുമാനമെന്നും യുഡിഎഫ് സ്വീകരിച്ച രാഷ്ട്രീയ നിലപാടിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 2022-ലും 2024-ലും സഭയിൽ പങ്കെടുത്തത് പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങൾ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനും പരിഹാരം കാണാനും ലഭിക്കുന്ന വേദികൾ പരമാവധി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു. പ്രവാസികളുടെ ക്ഷേമത്തിനായുള്ള ഒട്ടേറെ ക്രിയാത്മകമായ നിർദ്ദേശങ്ങൾ മുൻ സമ്മേളനങ്ങളിൽ സഭയിൽ അവതരിപ്പിക്കാൻ സാധിച്ചിരുന്നു.എന്നാൽ നിലവിലെ സാഹചര്യത്തിൽ കെപിസിസി നേതൃത്വവും യുഡിഎഫും എടുത്ത തീരുമാനം അനുസരിക്കാൻ താൻ ബാധ്യസ്ഥനാണ്. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ വഹിക്കുന്ന വ്യക്തി എന്ന നിലയിൽ നേതൃത്വത്തിന്റെ നിർദ്ദേശാനുസരണം സഭയിൽ നിന്ന് വിട്ടുനിൽക്കുന്നു. സഭയ്ക്ക് പുറത്തുനിന്നും പ്രവാസികളുടെ ആവശ്യങ്ങൾക്കായി തുടർന്നും പ്രവർത്തിക്കുമെന്നും ജോജോ തോമസ് വ്യക്തമാക്കി.