ഇ ഡി പിടിച്ചെടുത്ത ആഡംബര വിമാനം ലേലത്തിൽ വിറ്റു

ഹൈദരാബാദ്: ചരിത്രത്തിൽ ആദ്യമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത ആഡംബര വിമാനം ലേലത്തിൽ വിറ്റു. ഹൈദരാബാദ് സോണൽ ഓഫിസിൻ്റെ പരിധിയിൽ പിടിച്ചെടുത്ത ഹോക്കർ 800 എ എന്ന വിമാനമാണ് വിറ്റത്. എംഎസ്ടിസി വഴി ജൂലൈ 1 ന് മൂന്ന് കോടി രൂപക്കാണ് വിമാനം ലേലം ചെയ്തത്.
2025 മാർച്ച് ഏഴിനാണ് ഇഡി വിമാനം പിടിച്ചെടുക്കുന്നത്. ക്യാപിറ്റൽ പ്രൊട്ടക്ഷൻ ഫോഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കും അതിൻ്റെ ഉടമ അമർദീപും കുമാറിനും എതിരെയുള്ള കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് ഹൈദരാബാദ് രാജീവ് ഗാന്ധി അന്തരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് വിമാനം പിടിച്ചെടുക്കുന്നത്.വ്യാജ ഇൻവോയ്സ് ഡിസ്കൊണ്ടിങ് സ്കീമിലൂടെ വൻ തുക വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് നിക്ഷേപകരെ പറ്റിച്ചതിനാണ് ക്യാപിറ്റൽ പ്രൊട്ടക്ഷൻ ഫോഴ്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ ഇഡി കേസ് രജിസ്റ്റർ ചെയ്തത്. സൈബരാബാദ് ഇക്കണോമിക് ഒഫൻസ് വിങ് രജിസ്റ്റർ ചെയ്ത മൂന്ന് എഫ്ഐആറുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇഡിയുടെ അന്നത്തെ നടപടി.ഏകദേശം 792 കോടി രൂപയുടെ തട്ടിപ്പാണ് അമർദീപും കൂട്ടരും ചേർന്ന് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് അമർദീപിൻ്റെ സഹോദരൻ സന്ദീപ് കുമാർ, ശരദ് ചന്ദ്ര തോഷ്നിവാൽ, ആര്യൻ സിങ് ഛബ്ര എന്നിവരെ ഇഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.വിമാനത്തിൻ്റെ മൂല്യം കുറഞ്ഞു പോകാതിരിക്കാൻ പിഎംഎൽഎ അഡ്ജൂഡിക്കേറ്റിങ് അതോറിറ്റിയുടെ പ്രത്യേക അനുമതി വാങ്ങിയ ശേഷമാണ് ഇഡി ലേല നടപടികളിലേക്ക് കടന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 18 ന്, പിഎംഎൽഎ അഡ്ജുഡിക്കേറ്റിങ് അതോറിറ്റി വിമാനം പിടിച്ചെടുക്കൽ ശരിവച്ച ഇഡിയുടെ അപേക്ഷ സ്ഥിരീകരിച്ചിരുന്നു.വിമാനം ലേലം ചെയ്തതിലൂടെ ലഭിക്കുന്ന 3 കോടി രൂപ തട്ടിപ്പിനിരയായ യഥാർത്ഥ നിക്ഷേപകർക്ക് നഷ്ടപരിഹാരമായി നൽകാൻ ഉപയോഗിക്കുമന്ന് ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി. പിഎംഎൽഎ പ്രത്യേക കോടതിയുടെ അനുമതിയോടെയായിരിക്കും തുക വിതരണം ചെയ്യുക. കുറ്റകൃത്യത്തിൽ നിന്ന് ലഭിച്ച വരുമാനം തിരിച്ചറിയുകയും കണ്ടെത്തുകയും കണ്ടുകെട്ടുകയും കണ്ടുകെട്ടൽ നടത്തുകയും ചെയ്യുക, കുറ്റവാളികൾ അതിന്റെ ആനുകൂല്യങ്ങൾ അനുഭവിക്കുന്നത് തടയുക, പ്രതികളെ വിചാരണ ചെയ്യുക, നിയമപ്രകാരം കണ്ടുകെട്ടിയ സ്വത്തുക്കൾ യഥാർത്ഥ ഇരകൾക്കും നിക്ഷേപകർക്കും തിരികെ നൽകുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇഡി അറിയിച്ചു.