പിഎം ശ്രീ പദ്ധതി : "എം.എ.ബേബിയുടെ മൗനം വേദനിപ്പിച്ചു ": കെ പ്രകാശ് ബാബു

 പിഎം ശ്രീ പദ്ധതി : "എം.എ.ബേബിയുടെ മൗനം വേദനിപ്പിച്ചു ":    കെ പ്രകാശ് ബാബു

തിരുവനന്തപുരം :വളരെയേറെ കഴിവുള്ള, ഏതു വിഷയത്തിലും നല്ലതുപോലെ ഇടപെടാന്‍ അറിയാവുന്ന  സിപിഎം ദേശീയ  സെക്രട്ടറി എംഎ ബേബി പിഎംശ്രീ  വിഷയവുമായി ബന്ധപ്പെട്ട  ചോദ്യങ്ങളിൽ ഉത്തരം നൽകാതെ കാണിച്ച മൗനവും നിസ്സഹായതയും തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗം കെ പ്രകാശ് ബാബു. " തമിഴ്‌നാട് സര്‍ക്കാര്‍ പോയതുപോലെ എന്തുകൊണ്ട് നിയമപോരാട്ടത്തിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല , കേരളത്തിലെ പാര്‍ട്ടിയോടും സംസ്ഥാന സര്‍ക്കാരിനോടും, പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട നടപടി പുനഃപരിശോധിപിപ്പിക്കാന്‍ കഴിയുമോ?, ഇതേപ്പറ്റി ആലോചിക്കുമോ എന്നെല്ലാം ചോദിച്ചിരുന്നു.എന്നാല്‍ എല്ലാത്തിനും മൗനമായിരുന്നു എംഎ ബേബിയുടെ മറുപടി"- പ്രകാശ് ബാബു പറഞ്ഞു. പിഎം ശ്രീ വിവാദം ചര്‍ച്ച ചെയ്യാനായി ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം പോലും കഴിക്കാതെയാണ് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയെ കാണാന്‍ പോയത്. സമയം തെറ്റിക്കണ്ട എന്നു കരുതിയാണ് ഭക്ഷണം പോലും ഒഴിവാക്കി കൂടിക്കാഴ്ചയ്ക്ക് ചെന്നത്. ഈ വിഷയത്തില്‍ പാർട്ടിയുടെ  ആശങ്കയും പാര്‍ട്ടി നിലപാടും അറിയിച്ചുവെന്ന് പ്രകാശ് ബാബു പറഞ്ഞു.ഈ നിലപാട് സിപിഎം-സിപിഐ പാര്‍ട്ടികളുടെ ഒരുമിച്ചുള്ള നിലപാടു കൂടിയാണ്. ആ നിലപാടിലെ മാറ്റം സംബന്ധിച്ച് എം എ ബേബിയെ ധരിപ്പിച്ചു. പക്ഷെ  ബേബി ഈ വിഷയത്തില്‍ നിസഹായത പ്രകടിപ്പിക്കുകയാണ് ചെയ്തത്. അതെന്തുകൊണ്ടാണെന്ന് അറിയില്ല. അതില്‍ വളരെ വിഷമമുണ്ടെന്നും പ്രകാശ് ബാബു മാധ്യമങ്ങളോട് പറഞ്ഞു.