മലപ്പുറത്ത് 14 ഓളം കുട്ടികളെ പീഡിപ്പിച്ച് ഒളിവിലായിരുന്ന മദ്രസാ അധ്യാപകൻ ബിഹാറില്‍ പിടിയില്‍

മലപ്പുറം: പതിനാലോളം കുട്ടികളെ പീഡിപ്പിച്ച ശേഷം ഒളിവിലായിരുന്ന മദ്രസാ അധ്യാപകൻ പിടിയില്‍. വളാഞ്ചേരി ആതവനാട് മദ്രസയിലെ അധ്യാപകനായിരുന്ന എ കെ മുഹമ്മദാണ് അറസ്റ്റിലായത്.ബിഹാറില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുപതോളം കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു.
രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ ബിഹാറില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ശേഷം കേരളത്തിലേക്ക് കൊണ്ടുവരും. മദ്രസയില്‍ പഠിച്ചിരുന്ന കുട്ടികളെ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ഇതുവരെ 14 കുട്ടികളാണ് പീഡനത്തിനിരയായതായി അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇരകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. പരാതികള്‍ പുറത്തുവന്നതോടെ പ്രതി കേരളം വിട്ട് മുങ്ങുകയായിരുന്നു. തുടർന്ന് ഇയാള്‍ക്കായി വിവിധ സംസ്ഥാനങ്ങളില്‍ അന്വേഷണം വ്യാപിപ്പിച്ചിരുന്നു.കുട്ടികളുടെ വിശദമായ മൊഴികളും ഡിജിറ്റല്‍ തെളിവുകളും ഉള്‍പ്പെടെ ശേഖരിച്ച ശേഷമാണ് പോലീസ് അന്വേഷണം ശക്തമാക്കിയത്. കൂടുതല്‍ കുട്ടികള്‍ സമാന രീതിയിലുള്ള പീഡനത്തിനിരയായിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കേസെടുത്തിട്ടുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കേസില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടോയെന്നും, സംഭവം മറച്ചുവയ്ക്കാൻ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്