6വർഷത്തെ കാത്തിരിപ്പിനുശേഷമുണ്ടായ കുഞ്ഞിൻ്റെ ദാരുണ മരണം ; ഡ്രൈവർക്ക് മാപ്പുനൽകി മലയാളി ദമ്പതികൾ

6വർഷത്തെ കാത്തിരിപ്പിനുശേഷമുണ്ടായ കുഞ്ഞിൻ്റെ  ദാരുണ മരണം ;  ഡ്രൈവർക്ക് മാപ്പുനൽകി മലയാളി ദമ്പതികൾ

ഷാർജ: പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തിയ വാഹനാപകടത്തിൽ മരിച്ച രണ്ടുവയസ്സുകാരൻ്റെ മരണത്തിന് കാരണക്കാരനായ ഡ്രൈവർക്കെതിരെ പരാതിയില്ലെന്ന്  കുട്ടിയുടെ മാതാപിതാക്കൾ .ഷാർജ മുവൈലയിലുണ്ടായ അപകടത്തിൽ മരിച്ച അലൻ റൂമിയുടെ മാതാപിതാക്കളായ മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ഷറഫുദ്ദീനും ഭാര്യ  സഫ്നയുമാണ്, തങ്ങളുടെ ഏകമകൻ്റെ  മരണത്തിന് കാരണക്കാരനായ ഡ്രൈവർക്കെതിരെ പരാതിയില്ലെന്ന് അധികൃതരെ അറിയിച്ചത്. ഷറഫുദ്ദീൻ ദുബായിൽ സെയിൽസ്മാനായി ജോലി ചെയ്യുകയാണ്.

വിവാഹം കഴിഞ്ഞ് ആറുവർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ജനിച്ച മകനായിരുന്നു അലൻ. പിതാവിനൊപ്പം റമദാനും പെരുന്നാളും ആഘോഷിക്കാനായി കഴിഞ്ഞ മാസമാണ് സന്ദർശക വിസയിൽ അലനും മാതാവും ഷാർജയിൽ എത്തിയത്. വരുന്ന ഏപ്രിൽ 23-കുട്ടിയുടെ രണ്ടാം ജന്മദിനമായിരുന്നു.

   താമസസ്ഥലത്തിന് സമീപത്തെ പാർക്കിംഗ് ഏരിയയിൽ വെച്ച് അയൽവാസി കാർ പിന്നോട്ട് എടുക്കുന്നതിനിടെ കുട്ടി കാറിനടിയിൽപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്തരിക രക്തസ്രാവം മൂലം ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, "ഞങ്ങൾക്കുണ്ടായ നഷ്ടം ആർക്കും നികത്താനാവില്ല, എങ്കിലും അറിഞ്ഞുകൊണ്ട് ചെയ്തതല്ലാത്ത കാര്യത്തിന് മറ്റൊരു കുടുംബം കൂടി തകരുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല" എന്നായിരുന്നു ഷറഫുദ്ദീന്റെ പ്രതികരണം. ഇക്കാര്യം രേഖാമൂലം അധികൃതരെ അറിയിച്ച ശേഷം കുട്ടിയുടെ മൃതദേഹം ദുബായിൽ ഖബറടക്കി ദമ്പതികൾ നാട്ടിലേക്ക് മടങ്ങി.