ബിഹാറിലെ പൈലറ്റ് ബാബധാംആശ്രമത്തിനു സമീപം മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തി

പട്ന: ബിഹാറിലെ റോഹ്താസ് ജില്ലയിലെ പ്രശസ്ത ആശ്രമമായ പൈലറ്റ് ബാബ ധാമിൻ്റെ കവാടത്തിന് പുറത്ത് മലയാളി യുവാവിനെ ദുരൂഹമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. ആശ്രമത്തിന് സമീപം മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസിനെ ആദ്യം വിവരം അറിയിച്ചത്. ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്മോർട്ടത്തിനായി അയച്ചു.പ്രാഥമിക അന്വേഷണത്തിൽ, മരിച്ചയാൾ എറണാകുളം സ്വദേശി അഭിജീത് കെ ഡി ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിൽ കേസ് ആത്മഹത്യയാണെന്നാണ് തോന്നുന്നത് എന്ന് മുഫസിൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) രാജീവ് രഞ്ജൻ സിങ് പറഞ്ഞു.
"യുവാവ് ആത്മഹത്യ ചെയ്തുവെന്നാണ് കരുതുന്നത്. പൈലറ്റ് ബാബ ധാമിന് സമീപമുള്ള ഒരു കടയിലാണ് സംഭവം നടന്നത്. മരിച്ചയാൾ കേരളത്തിൽ നിന്നുള്ള ഒരു വിനോദസഞ്ചാരിയാണ്" രാജീവ് രഞ്ജൻ സിങ് കൂട്ടിച്ചേർത്തു. തിങ്കളാഴ്ച രാത്രി 10 മണിയോടെ യുവാവ് ക്ഷേത്ര പരിസരത്ത് എത്തിയതായി കാണിക്കുന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. പൊലീസ് അന്വേഷണം തുടരുകയാണ്, മരണകാരണം കൃത്യമായി കണ്ടെത്തുന്നതിന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് ഉദ്യോഗസ്ഥർ.