വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു

തൃശൂർ: പോളിങ് ബൂത്തിൽ കുഴഞ്ഞ് വീണ വോട്ടർ മരിച്ചു. വോട്ട് ചെയ്‌ത ശേഷം മടങ്ങവെയായിരുന്നു സംഭവം. വാണിയമ്പാറ രാമൻചിറ സ്വദേശി വിനോദൻ (62) ആണ് മരിച്ചത്. രാവിലെ വാണിയമ്പാറയിലെ ഇകെഎം യുപി സ്‌കൂളിൽ വോട്ട് ചെയ്യാൻ എത്തിയിരുന്നു. ഒരു മണിക്കൂറോളം ക്യൂവിൽ നിന്ന ശേഷമാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
വോട്ട് ചെയ്‌ത് പോളിങ് സ്റ്റേഷനിൽ നിന്ന് പുറത്തേക്കിറങ്ങി. അവിടെ വച്ച് രാവിലെ 10.45 ഓടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട വയോധികൻ ഉടൻ കുഴഞ്ഞു വീഴുകയായിരുന്നെന്ന് പൊലീസ് കൂട്ടിച്ചേർത്തു. സമീപത്ത് തന്നെ വോട്ട് ചെയ്യാനെത്തിയ ആളുകൾ അദ്ദേഹത്തെ കസേരയിൽ ഇരുത്താൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിൻ്റെ ആരോഗ്യ നില കൂടുതൽ വഷളായി. ഉടൻ ആംബുലൻസ് വിളിച്ച് അദ്ദേഹത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ഉടൻ ആരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു.